3 Comments:
ആള്‍ത്താമസമില്ലാത്ത വീടുകള്‍
ഇംഗ്ലീഷില്‍ ഹോം എന്നും ഹൗസ് എന്നും രണ്ട് വാക്കുകളുണ്ട്. എല്ലാ ഹോമും ഹൗസ് ആണെങ്കിലും എല്ലാ ഹൗസുകളും ഹോം ആവണമെില്ല. കാരണം ഒരു കുടുംബം പാര്‍ക്കു വീടിനെ മാത്രമേ ഹോം എു പറയൂ. അല്ലെങ്കില്‍ അത് ഹൗസ് ആണ്. നമുക്ക് മലയാളത്തില്‍ വീട് എന്നും പുര എന്നും അതിനെ വിവര്‍ത്തനം ചെയ്യാം എന്നും തോന്നുന്നു. ഹോമിന് ജീവനുണ്ട്. ഹൗസ് നിര്‍ജ്ജീവമാണ്.
0 Comments:
നെടുമങ്ങാട് ധനലക്ഷ്‌മി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാഹി കോളേജ് അധ്യാപകന്‍ കെ.എം. ഭരതന്‍ മുഖ്യ പ്‌റഭാഷണം നടത്തി.
സെബാസ്‌റ്റിയന്‍ സ്‌മൃതി പത്‌റിക (ഒരിക്കല്‍ നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല) കവി കുരീപ്പുഴ ശ്‌റീകുമാര്‍ പ്‌റകാശനം ചെയ്‌തു.
10 രൂപ മണിയോര്‍ഡര്‍ ചെയ്‌താല്‍ സ്‌മൃതി പത്‌റിക തപാലില്‍ ലഭിക്കുന്നതാണ്.
വിലാസം: ബി. ബാലചന്ദ്‌റന്‍, 'അ', പഴകുറ്റി 695 561.
0 Comments:
ഒരിക്കല്‍: ഒരു ഒറ്റയടിപ്പാത
ദേശ സംസ്കാര ഭൂപടങ്ങളില്‍ ചിലര്‍ വരഞ്ഞിടുന്നത് ഒറ്റയടിപ്പാതകളാണ്.
22.11.2006 ല്‍ അദ്ദേഹം അന്തമില്ലാത്ത പൊരിമണ്ണിലേയ്‌ക്ക് മറഞ്ഞു.
ഒരിക്കല്‍: നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല'
2007 നവംബര്‍ 22നെടുമങ്ങാട്ട് സെബാസ്റ്റ്യന്‍ അനുസ്‌മരണം നടന്നു. ശ്രീ. ഗംഗാധരന്റെ അധ്യക്ഷത. ഡോ. ഭരതന്റെ (മാഹി കോളേജ്) അനുസ്‌മരണ പ്രഭാഷണം. ഒരിക്കല്‍ എന്ന സ്‌മരണിക കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശിപ്പിച്ചു. കബനിയും വൃന്ദയും അതേറ്റു വാങ്ങി. നെടുമങ്ങാട് സ്വാതന്ത്ര സമര ശതവാര്‍ഷിക ഗ്രന്ഥശാലയിലേയ്‌ക്ക് സെബാസ്റ്റ്യന്‍ കുടുംബം സമര്‍പ്പിച്ച ഫോക്‌ലോര്‍ ഗ്രന്ഥശേഖരം ലൈബ്രേറിയന്‍ ശ്രീ. ശ്രീകുമാര്‍ കൈപ്പറ്റി."
4 Comments:
-
At 8:38 AM, Kumar Neelakandan © (Kumar NM) said…
ഇരിഞ്ചയത്തെ സെബാസ്റ്റ്യന്‍ സാറിന്റെ തിരിച്ചുപോക്ക് അറിഞ്ഞത് ഇപ്പോള്‍ ഇതിലൂടെയാണ്. നാടുവിട്ടാല്‍ നാടിനെ കുറിച്ചുള്ളതൊക്കെ പിന്നെ അറിവുകളാണ്.
ഇരിഞ്ചയം സെബാസ്റ്റ്യനും നടരാജന്‍ ബോണക്കാടും ഒക്കെ പെട്ടന്ന് മനസിലൂടെ പാളി പോയി.
സുധീ, കണ്ടതില്‍ സന്തോഷം. ഒരു നാട്ടുകാരന്റെ ബ്ബ്ലോഗ് കണ്ടതിലുള്ള സന്തോഷം.
ഞാനും പഴകുറ്റിയിലെ 695561 പിന്‍കോട് കാരന്‍ തന്നെ. സൈബര്‍-മൊബൈല്‍ വേള്‍ഡില്‍ അക്കങ്ങള്‍ മറന്നു പോകുമ്പോഴും ഇപ്പോഴും ഹരിശ്രീപോലെ കറുത്തു തടിച്ച് വായ്മൊഴിയുടെ താളത്തോടെ മനസില്‍ കിടക്കുന്ന അക്കങ്ങളാണ് “ആറെ ഒമ്പതെ അഞ്ചേ അഞ്ചേ ആറെഒന്ന്”.
വീണ്ടും കാണം.
സമയം കിട്ടുമ്പോള്‍ വരുക, നെടുമങ്ങാടീയം -
At 8:55 AM, Kumar Neelakandan © (Kumar NM) said…
ഒറ്റ ഇരുപ്പില്‍ തന്നെ മുഴുവന്‍ പോസ്റ്റുകളും വായിച്ചു.
പെട്ടന്ന് മനസില്‍ ഓടിവന്നത് “സൂര്യനും” മറ്റു നമ്മുടെ പഴയ ലിറ്റില്‍ മാഗസിനുകളുമായിരുന്നു. മൊത്തത്തില്‍ അതിലേക്കൊക്കെ കൈപിടിച്ചുകൊണ്ടുപോകുന്ന ബ്ലോഗ്.
ലിറ്റില്‍ മാഗസിനുകള്‍ക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ഒരു പേരുകൂടി ഉണ്ട്. ശ്രീ ഉദയന്‍ മേലാംകോട്! അവരെ കുറിച്ചൊക്കെ അറിയാന്‍ താല്പര്യം ഉണ്ട്.
ഓര്‍മ്മയില്‍ വന്നത് : പഴയകാലത്തെ
ലിറ്റില്‍ മാഗസിനുകള്‍ എന്നു പറഞ്ഞപ്പോള്‍ വാ പൊളിച്ച ഇന്നത്തെ തലമുറയോട് പഴയ കയ്യെഴുത്തുമാഗസിനുകളെ കുറിച്ചു പറഞ്ഞയാതെ ഒളിച്ചുവച്ച് സ്വകാര്യമായ ഒരു അഹങ്കാരമായി ആസ്വദിച്ച ഒരു പുതിയകാല സംഭവം.
നടരാജന്‍ ബോണക്കാടൊക്കെ ഈ ബ്ലോഗിന്റെ ഭാഗമാണോ? -
At 12:43 AM, TURNING IN said…
യാത്രയെ കുറിച്ചുള്ള എന്റെ ചിന്തകളെല്ലാം സെബാസ്റ്റ്യന് സാറില് ചെന്നു മുട്ടി നില്കാറുണ്ടു . കേരളത്തില് എമ്പാടും എത്ര എത്ര യാത്രകള് ... ഒരു ഒഴുകുന്ന നദിയുടെ സനിധ്യമയിരുന്നു ഞങ്ങള്ക്ക് അദ്ദേഹം . കെട്ടികിടന്ന ചിന്തകളില് നിന്നും പ്രദേശങളില്നിന്നും മടിപിടിച്ച ശീലങളില് നിന്നും എല്ലാം അപസ്ഥാപനം ചെയ്യപെട്ട ഒരു ശക്തി, അനുനിമിഷം ചലനാത്മകമാക്കിയ ആ ഒഴുക്ക് നല്കിയ സംഭാവനകള് നെടുമങ്ങാടന് സാംസ്കാരിക മണ്ഡലത്തില് ഇന്നും സജീവമാണ് ....
അനില് - Post a Comment
എം. സെബാസ്റ്റ്യന്‍ ആരായിരുന്നു
ഉത്തരംകോട് ശശി
എം. സെബാസ്റ്റ്യന്‍ ആരായിരുന്നു എന്ന നാളെയുടെ ചോദ്യത്തിനുള്ള ഒരു ഉത്തരമാണ് ഈ അക്ഷര സാക്ഷ്യം.
ഓരോ ജന്മത്തിനും നിയോഗമുണ്ട്. നെടുമങ്ങാടു താലൂക്കില്‍ ഇരിഞ്ചയത്തു ജനിച്ച സെബാസ്റ്റ്യന്റെ നിയോഗം നാടും കാടും നടന്നു കാണാനും അതു രേഖപ്പെടുത്താനുമുള്ളതായിരുന്നു. വിദ്യാഭ്യാസ കാലം മുതല്‍ കൂട്ടായ്‌മയുടെ ഭിന്ന തട്ടകങ്ങളില്‍ മാറി മാറി കളിച്ചു വളര്‍ന്ന ഒരാളായിരുന്നു സെബാസ്റ്റ്യന്‍. കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പാട്ടും നാടകവും കവിതയുമായി കലോപാസനയില്‍ മുഴുകിയിരുന്നു.
ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിലെ വായനയും പഠനവും മൂത്ത് സംഘാടകനായി. സെക്രട്ടറിയെന്ന പദവിയിലേക്കെത്തി. സെമിനാറുകള്‍, കവിയരങ്ങുകള്‍, കൈയെഴുത്തു മാസികാ പ്രകാശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കുന്നതില്‍ വിജയിച്ചു. ഗ്രന്ഥശാല വിപുലീകരിച്ചതും പുതിയ പ്രവര്‍ത്തനങ്ങളിലൂടെ സാംസ്‌കാരിക രക്തപ്രസാദം ആര്‍ജ്ജിച്ചതും സെബാസ്റ്റ്യന്റെ കാലത്താണ്.
ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹയാത്രികനായി മാറിയതോടെ ഉള്ളിലെ സ്വപ്‌നങ്ങള്‍ പലതും സാക്ഷാത്‌കരിക്കാനുള്ള വേദികള്‍ ലഭിച്ചു. അതില്‍ സെബാസ്റ്റ്യന് ഏറ്റവും ഹൃദ്യമായി തോന്നിയത് കുട്ടികളുമൊത്തുള്ള കലാപ്രവര്‍ത്തനങ്ങളായിരുന്നു. പരിഷത്ത് ധാരാളം സുഹൃത്തുക്കളെ സമ്മാനിച്ചു. ശാസ്‌ത്രീയ വിഷയങ്ങളെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇരിഞ്ചയത്തിന് പുറത്തേയ്‌ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വഴിയൊരുക്കിയതും പരിഷത്തായിരുന്നു.
ഇടതുപക്ഷ തീവ്രവാദവും ആദര്‍ശപ്രേമവും സാമൂഹിക പ്രശ്‌നങ്ങളിലേയ്‌ക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചു. ലിറ്റില്‍ മാഗസിനുകളുടെയും പുതു മുദ്രാവാക്യങ്ങളുടെയും അക്കാലത്ത് സൂര്യന്‍ എന്ന മാസിക പ്രസിദ്ധീകരിക്കാനും പ്രസംഗിക്കാനും കവിത ചൊല്ലാനുമുള്ള ഇടങ്ങള്‍ സെബാസ്റ്റ്യന്‍ കണ്ടെത്തി. ഇരിഞ്ചയം സെബാസ്റ്റ്യന്‍ എന്ന പേര് യുവാക്കള്‍ക്കിടയില്‍ സുപരിചിതമായി. പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടപ്പോള്‍ എതിരായി വന്ന ആഗ്നേയാസ്‌ത്രങ്ങളെ രാഷ്‌ട്രീയമെന്ന വരുണാസ്‌ത്രം കൊണ്ടു പ്രതിരോധിച്ചു. മദ്യനിരോധന സമിതിയിലും യുക്തിവാദി സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ആഹ്ലാദവാനായിരുന്നു സെബാസ്റ്റ്യന്‍.
കെ.എസ്.ആര്‍.ടി.സി കണ്ടക്‌ടറായിരുന്നപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്തിയിരുന്നില്ല. കാക്കാരിശ്ശി നാടകം കാണാനും പഠിക്കാനും അയല്‍ക്കാരനായ ശ്രീധരനാശാന്റെ സാന്നിധ്യം സെബാസ്റ്റ്യനെ സഹായിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോഴും നാടിനേയും നാട്ടാരേയും അറിയാന്‍ അദ്ദേഹം മറന്നില്ല.]
പുരോഹിതന്റെ മകനായ സെബാസ്റ്റ്യന്‍ അന്യമതക്കാരിയെ വിവാഹം കഴിച്ചപ്പോഴും ജാതിമതാദി സൂചനകള്‍ക്കപ്പുറം നില്‍ക്കുന്ന പേരുകള്‍ മക്കള്‍ക്ക് നല്‍കിയതിലും താന്‍ ജീവിച്ച കാലഘട്ടത്തിന്റെ സ്വപ്‌നം കൂടി ഉള്‍ചേര്‍ക്കാന്‍ അദ്ദേഹം വിട്ടുപോയില്ല. സാമ്പത്തിക പ്രതിസന്ധികളേയും ശാരീരികാസ്വാസ്ഥ്യത്തേയും വിഗണിച്ചു കൊണ്ട് കര്‍മ്മപഥത്തില്‍ അലയാന്‍ വിധിക്കപ്പെട്ടതായിരുന്നു ആ മനസ്സ്.
കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേയ്‌ക്ക് നയിച്ച മഹായജ്ഞത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ തന്റെ യഥാര്‍ത്ഥ തട്ടകത്തില്‍ എത്തിപ്പെട്ടത്. ഡപ്യൂട്ടേഷനില്‍ ട്രൈബല്‍ ലിറ്ററസി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആയതോടെ ഗോത്രസംസ്‌കൃതിയില്‍ ആകൃഷ്‌ടനായി. പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന എല്ലാ ഗിരിവര്‍ഗ്ഗങ്ങളുമായി സമ്പര്‍ക്കപ്പെടാനും അവരുടെ അകവും പുറവും നേരിട്ടു കാണാനും അനുഭവിക്കാനും ലഭിച്ച അവസരം മറ്റുള്ളവര്‍ക്കു കൂടി പ്രയോജകിഭവിക്കത്തക്ക വിധം മാറ്റിത്തീര്‍ക്കാന്‍ സെബാസ്റ്റ്യന് കഴിഞ്ഞെന്ന് പില്‍ക്കാല ജീവിതം തെളിയിക്കുന്നു. ബഹുവിഷയ നിഷ്‌ഠമായ ഫോക്‌ലോറിന്റെ ഒരു പ്രധാന കൈവഴിയായ ട്രൈബല്‍ ലോറി(കാട്ടറിവ്)ന്റെ താത്വികവും പ്രായോഗികവുമായ വശങ്ങളെപ്പറ്റി പഠിക്കാന്‍ വിശാലമായ കവാടം തുറന്നു കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു അത്.
നേരത്തേ തന്നെ കാണിക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അനേ്വഷണം അട്ടപ്പാടിയിലേയും വയനാട്ടിലേയും ഇടുക്കിയിലേയും ആദിവാസിജീവിതങ്ങള്‍ ചുറ്റിപ്പടര്‍ന്നു വളര്‍ന്നു. കാടിന്റേയും കാട്ടുവാസികളുടേയും സ്‌പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ പോന്ന ആര്‍ദ്രമായൊരു ഹൃദയമുണ്ടായിരുന്നു സെബാസ്റ്റ്യന്. കിര്‍ത്താര്‍ഡ്‌സ് എന്ന സ്ഥാപനവുമായുള്ള ബന്ധവും കേരളത്തിലെ ഫോക്‌ലോര്‍ സംഘടനകളും പ്രവര്‍ത്തകരുമായുള്ള ചങ്ങാത്തവും തന്റെ താല്‌പര്യത്തെ ആളിക്കത്തിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍ ഇരുന്നപ്പോള്‍ കിട്ടിയ ഉള്‍ക്കാഴ്‌ചകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമമായിരുന്നു പിന്നങ്ങോട്ട്. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും സാംസ്‌കാരികാവശിഷ്‌ടങ്ങള്‍ നമ്മുടെ വനങ്ങളിലുണ്ടോയെന്ന അനേ്വഷണം വരെ അത് ആഴ്‌ന്നിറങ്ങി. ശ്രീബുദ്ധനെക്കുറിച്ച് ചിലതു കുറിക്കുകയും ചെയ്‌തു.
ഗവേഷകനെന്നതിനേക്കാള്‍ ട്രൈബല്‍ലോറിന്റെ സമ്പാദകനായിരുന്നു സെബാസ്റ്റ്യന്‍. നിരവധി `ചാരുകസേര ഗവേഷകന്മാര്‍ക്ക്' ആ വസ്‌തുക്കള്‍ ഉപകരിച്ചിട്ടുണ്ട്. ദ്രവീഡിയന്‍ എന്‍സൈക്ലോപിഡിയ പോലും അദ്ദേഹത്തെ ഉപജീവിച്ചിട്ടുണ്ട്.
കെ.പാനൂര്‍ കഴിഞ്ഞാല്‍ ആദിവാസികളുടെ ആത്മാവു കണ്ടറിയാന്‍ ഇത്രത്തോളം ആത്മാര്‍ത്ഥത കാണിച്ച ഒരാള്‍ നമുക്കിടയിലില്ല. `ആദികല' എന്ന സംഘടന രൂപീകരിച്ച് പുതിയ തലമുറയിലേയ്‌ക്ക് ഫോക്‌ലോറിന്റെ സന്ദേശമെത്തിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഗോത്രവര്‍ഗ്ഗത്തിന്റെ പാട്ടുകളും കഥകളും മാത്രമല്ല, അവരുടെ ഭൗതികസംസ്‌കാരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങളും സെബാസ്റ്റ്യന്റെ ശേഖരണത്തില്‍പ്പെടുന്നു.
ആദിവാസികളുടെ കലാപ്രകടനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിലുള്ള സംരംഭങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു. ആദിവാസി സാക്ഷരതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ `ഗോത്രസ്‌മൃതി`യെന്ന പ്രസിദ്ധീകരണം വലിയ കൂട്ടായ്‌മയുടെ ചരിത്രരേഖയാണ്. ഇതിന്റെ കടിഞ്ഞാണ്‍ പിടിച്ചവരില്‍ പ്രമുഖന്‍ സെബാസ്റ്റ്യനായിരുന്നു. കാണിക്കാരുടെ `സൂത്രലിപി'യായ വള്ളിമുടിച്ചിലിന് പുറംലോകത്തില്‍ പ്രചാരം നല്‍കിയതും കാണിക്കാര്‍ക്ക് മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവ് തുല്യം ചാര്‍ത്തിക്കൊടുത്ത ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതും അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്.
ഫോക്‌ലോറുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ സംഘടനകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം താന്‍ ശേഖരിച്ച അമൂല്യമായ ഗോത്രയറിവുകളെയെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിയാതെയാണ് കടന്നുപോയത്. പറഞ്ഞാല്‍ തീരാത്ത വനാനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹം ബാക്കി വച്ചു.
കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥ ദീര്‍ഘം
മാലേറെയെങ്കിലുമതീവമനോഭിരാമമായിരുന്നു ആ ജീവിതം.
ജ്‌ഞാനത്തിലും കര്‍മ്മത്തിലും ദീപ്‌തി ചൊരിഞ്ഞു പരിലസിച്ച സെബാസ്റ്റ്യന്‍ ഒരപൂര്‍ണ്ണ കാവ്യമാണ്- വരും തലമുറകള്‍ക്ക് പൂര്‍ത്തിയാക്കാനുള്ള കാവ്യം.
2 Comments:
-
At 11:09 PM, aneel kumar said…
- Post a Comment
പട്ടികവര്‍ഗ്ഗകമ്മീഷന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്
എം സെബാസ്റ്റ്യന്കമ്മീഷന് അംഗങ്ങള്
വനിതാ കമ്മീഷന് പോലെയും ഇലക്ഷന്‍ കമ്മീഷന്‍ പോലെയും ഉപഭോക്തൃ കോടതി പോലെയും സ്വതന്ത്രാധികാരമുള്ള ഒന്നായിരിക്കണം പട്ടികവര്‍ഗ്ഗ കമ്മീഷനും. ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനും നടപ്പിലാക്കാനും കമ്മീഷന് അധികാരമുണ്ടായിരിക്കണം. കമ്മീഷനില്‍ അര്‍പ്പണബോധമുള്ള മൂന്ന് അംഗങ്ങള്‍ മതിയാകും. ഒരു നിയമജ്ഞന്‍, ആദിവാസിത്തമുള്ള ഒരു ആദിവാസി പ്രതിനിധി, ആദിവാസി പ്രശ്‌നങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവരായിരിക്കണം അംഗങ്ങള്‍. ഇവരില്‍ ഒരാളെങ്കിലും വനിതയായിരിക്കണം. വിദ്യാഭ്യാസ ആനുകൂല്യം മാത്രം ലഭിക്കുന്ന 15 ആദിവാസി വിഭാഗങ്ങളെ കൂടി കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തണം.
നിലവിലുള്ള പദ്ധതികളുടെ പോരായ്‌മ കണ്ടെത്തി പരിഹരി ക്കല്
ആദിവാസികള്‍ക്കു വേണ്ടി ധാരാളം ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ഈ ഇനത്തില്‍ ചെലവാക്കിവരുന്നു. എന്നിട്ടും ആദിവാസികളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയാണ് ചെയ്യുന്നത്. പദ്ധതി നടത്തിപ്പിലെ അഴിമതികള്‍ മാത്രമല്ല ദീര്‍ഘവീക്ഷണമില്ലായ്‌മയും ഇതിനു കാരണമാവുന്നുണ്ട്. ഇവയെ കുറിച്ചുള്ള പരാതികളിന്മേല്‍ അനേ്വഷണം നടത്താനും നടപടി സ്വീകരിക്കാനും പരിഹാരം ആവിഷ്‌കരിക്കാനും കമ്മീഷനു കഴിയണം.
നാട്ടില്‍ കഴിയുന്നവര്‍ക്കും കാട്ടില്‍ കഴിയുന്നവര്‍ക്കും
ആദിവാസികളുടേയും നാട്ടുവാസികളുടേയും ജീവിതാവശ്യങ്ങള്‍ ഒന്നു പോലെയല്ല. ജീവിത രീതിയും സംസ്‌കാരവും വ്യത്യസ്‌തങ്ങള്‍ തന്നെയാണ്. കൂട്ടായ്‌മയുടെ ജീവിതാവശ്യം മെച്ചപ്പെടുത്താനുതകുന്ന തരത്തിലുള്ളതാവണം അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഇത് സാധ്യമാകണമെങ്കില്‍ ഓരോ ആദിവാസി കൂട്ടായ്‌മകളെ കുറിച്ചും സമഗ്രമായ പഠനങ്ങള്‍ വേണ്ടി വരും. ഈ ചുമതലയും പട്ടികവര്‍ഗ്ഗകമ്മീഷനെ ഏല്‌പിക്കാവുന്നതാണ്.
പൊതു സമീപനവുംപ്രാദേശിക പരിഗണനയും
ആദിവാസി ക്ഷേമപ്രവര്‍ത്തന പദ്ധതിക്ക് ഒരു പൊതുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെ പരിഗണനാക്രമത്തിലും കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒരു പ്രത്യേക ആദിവാസി വിഭാഗത്തിന്റെ കാര്യത്തില്‍പോലും പ്രാദേശിക പരിഗണനകള്‍ സ്വീകരിക്കേണ്ടതായിവരും. ആദിവാസി മേഖലയെ പൊതുവെ മൂന്നായി തിരിക്കുന്നതാവും ഉചിതം.
നാട്ടുവാസികള്‍ക്കൊപ്പം കഴിയുന്നവര്
നാട്ടുഭാഷ സ്വന്തമാക്കുകയും നാടന്‍ ജീവിതം നയിക്കുകയും ചെയ്യുന്നവരാണിവര്‍. ആദിവാസികള്‍ക്ക് മൊത്തത്തില്‍ ലഭിക്കണ്ട ആനുകൂല്യങ്ങളുടെ സിംഹഭാഗവും ലഭിക്കുന്നത് ഇവര്‍ക്കായിരിക്കും. ഉദാ: എസ് എസ് എല്‍ സി തോറ്റ കുട്ടികള്‍ക്ക് ട്യൂട്ടോറിയലില്‍ ചേര്‍ന്നു പഠിക്കാനുള്ള ഗ്രാന്റ് ലഭിക്കുന്നത് നാട്ടില്‍ കഴിയുന്ന ആദിവാസിക്കാണ്. കാരണം തോറ്റവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്‌കൂള്‍ സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും ലഭ്യമല്ലാതെ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ പിന്‍തള്ളപ്പെട്ടു പോകുന്നു. ജോലിയുടെ കാര്യത്തിലും മറ്റ് പരിഗണനകളിലും നാട്ടില്‍ കഴിയുന്ന ആദിവാസികള്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ പിന്തള്ളപ്പെട്ടുപോകുന്നു. പരിഗണനാക്രമത്തില്‍ ഉചിതമായ മാനദണ്‌ഡം നിശ്ചയിച്ചാല്‍ ഈ പിഴവ് പരിഹരിക്കാനാവും.
ഉള്‍വനത്തിനും നാടിനുമിടയില്‍ കഴിയുന്നവര്
നാടന്‍ ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും എന്നാല്‍ പഴമ കൈവിടാന്‍ താല്‌പര്യമില്ലാത്തതുമായ കൂട്ടരാണിവര്‍. ഇവിടെ നടപ്പാക്കുന്ന മിക്ക വികസനപ്രവര്‍ത്തനങ്ങളും വിപരീത ഫലമുളവാക്കുകയാണ് ചെയ്യുന്നത്. ഉദാ: പരമ്പരാഗതമായ രീതിയില്‍ ഈറയും പുല്ലും കൊണ്ടുണ്ടാക്കിയ വീട്ടില്‍ പുകയില്ലാത്ത അടുപ്പു സ്ഥാപിക്കുന്നു. വിറക് സുലഭമായി ലഭിക്കുന്ന പ്രദേശത്ത് ഇന്ധനക്ഷമതയുള്ള അടുപ്പിന്റെ ആവശ്യം തന്നെയില്ല. അടുപ്പില്‍ നിന്നുള്ള പുകയേറ്റ് ഏഴുവര്‍ഷം വരെ നിലനില്‍ക്കേണ്ട വീട് ഒരു വര്‍ഷമെത്തും മുമ്പേ നിലംപൊത്തുന്ന കാഴ്‌ചയാണ് കാണുന്നത്. അവര്‍ക്കു വേണ്ടി നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ സ്ഥിതിയും ഏറെക്കുറെ ഇപ്രകാരം തന്നെയാണ്. അവരുടെ തനതു ഗൃഹനിര്‍മ്മാണ രീതി പരിഷ്‌കരിച്ച് കൂടുതല്‍ ഈടും ഉറപ്പുമുള്ള വീടു നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ അതില്‍ കഴിയുമായിരുന്നു. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ വെറുതെ കിട്ടുന്ന വീട് സ്വീകരിക്കുകയും അതില്‍ താമസിക്കാതിരിക്കുകയും ചെയ്യുന്നു.
ഉള്‍വനങ്ങളില്‍ കഴിയുന്നവര്
തനതുപാരമ്പര്യത്തില്‍ ഇപ്പോഴും മുറുകെ പിടിക്കുന്നവര്‍. ഗതാഗത സൗകര്യമുള്ളിടത്തു നിന്നും വളരെ ഉള്ളിലായിരിക്കും ഈ പ്രദേശം. ആധുനിക സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത പ്രദേശമാണിവിടം. ക്ഷേമപദ്ധതികള്‍ അധികമൊന്നും ഇവിടെ എത്തിച്ചേരാറില്ല. ലഭിക്കുന്നതാകട്ടെ മിക്കതും അപ്രസക്തവുമാണ്. ഉദാ: വളര്‍ത്തു മൃഗങ്ങളെ മക്കളെപ്പോലെ കരുതുന്നവരാണിവര്‍. അതുകൊണ്ട് അവയുടെ ഇറച്ചിയോ, പാലോ ഉപയോഗിക്കാറില്ല. ഇവര്‍ക്ക് ആടുമാടുകളെ വിതരണം ചെയ്‌തിട്ട് എന്താണ് പ്രയോജനം? ആനയുടെ പഥ്യാഹാരമാണ് തെങ്ങ്. ആനക്കാട്ടില്‍ കഴിയുന്നവര്‍ക്ക് തെങ്ങിന്‍ തൈ വിതരണം നടത്തിയാലുള്ള സ്ഥിതി പറയേണ്ടതുണ്ടോ?ആയതിനാല്‍ വാസസ്ഥലത്തിന്റെ പ്രതേ്യകത, ആദിവാസി വിഭാഗത്തിന്റെ പ്രതേ്യകത തുടങ്ങിയ കാര്യങ്ങളും സസൂക്ഷ്‌മം പഠിച്ച് ആലോചനാപൂര്‍വ്വം വികസനപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയണം. അതിനുള്ള മേല്‍നോട്ടം വഹിക്കുവാന്‍ പട്ടികവര്‍ഗ്ഗകമ്മീഷനു ചുമതലയുണ്ടാവണം.
ഭൂവിതരണം
ബോധപൂര്‍വ്വം വിറ്റവരും ജീവിതസൗകര്യങ്ങളുള്ളവരും
ഭൂമിക്കു വേണ്ടി ലഭിച്ചിട്ടുള്ള എല്ലാ പദ്ധതികളും സത്യസന്ധമായികൊള്ളണമെന്നില്ല. നഗരത്തിലോ പട്ടണത്തിലോ ഉള്ള ഇരുപത്തിയഞ്ച് സെന്റു പതിഞ്ഞ ഭൂമിവിറ്റ് ഇരുപത്തി അഞ്ച് ഏക്കര്‍ വനഭൂമി വാങ്ങിയവരുണ്ട്. ബോധപൂര്‍വ്വം നാട്ടിലെ ഭൂമിയുടെ ഒരംശം വില്‍ക്കുകയും നിയമ പരിരക്ഷയുടെ പേരില്‍ പരാതിപ്പെടുകയും ചെയ്‌തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. നാട്ടിലും കാട്ടിലുമായി ജീവിക്കാനാവശ്യമായ ഭൂമിയും മറ്റ് ജീവിതസൗകര്യങ്ങളുമുള്ളവര്‍ ഇത്തരം പരാതിക്കാരുടെ കൂട്ടത്തില്‍ പെടുന്നു. ഇവയുടെ നിജസ്ഥിതി കണ്ടെത്തിയ ശേഷം ഉചിതമാര്‍ഗ്ഗം സ്വീകരിക്കുവാന്‍ കമ്മീഷനു കഴിയണം.
ഭൂമി ഇല്ലാത്തവരും പരാതി കൊടുക്കാനറിയാത്തവരും
പ്രലോഭനങ്ങളിലും ഭീഷണികളിലും പെട്ട് വസ്‌തു നഷ്‌ടമായവരും സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരും നിരവധിയാണ്. നിരക്ഷരതയും ബാഹ്യലോകവുമായി അധികം ബന്ധവുമില്ലാത്തതും കാരണം നിയമസംരക്ഷണത്തിന്റെ കാര്യവും ഇവര്‍ക്കറിയില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും നഷ്‌ടപ്പെട്ട ഭൂമിക്കുവേണ്ടി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടുണ്ടാവില്ല. ഇവരുടെ പ്രശ്‌നവും പരിഹരിക്കപ്പെണ്ടേതുണ്ട്. നിയമക്കുരുക്കുകളില്ലാതെ ഇക്കാര്യത്തില്‍ ഇടപെടാനും ഉചിതമായ പരിഹാരമുണ്ടാക്കാനും കമ്മീഷന് അധികാരമുണ്ടായിരിക്കണം. ചുരുക്കത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അനര്‍ഹരെ ഒഴിവാക്കുകയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത അര്‍ഹതപ്പെട്ടവരെ കണ്ടെത്തി ഭൂമി നല്‍കുകയും വേണം.
ഘട്ടം ഘട്ടമായി നടപ്പാക്കുക
ഭൂവിതരണം ഒറ്റയടിക്ക് നടപ്പാക്കുന്നത് ഒഴിവാക്കണം. ഇത് അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുകയേയുള്ളു. പുതിയ ഭൂമിയില്‍ ഭക്ഷണം, പാര്‍പ്പിടം തുടങ്ങി ജീവിതസൗകര്യങ്ങളൊന്നുമുണ്ടാവുകയില്ല. ചിലപ്പോള്‍ കുടിവെള്ളം പോലും പ്രശ്‌നമായേക്കാം. ആയതിനാല്‍ ഘട്ടം ഘട്ടമായി മൂന്നു വര്‍ഷം കൊണ്ട് ഭൂവിതരണം പൂര്‍ത്തിയാക്കുകയും നാലാം വര്‍ഷം വിട്ടുപോയ പരാതികള്‍ പരിഹരിക്കുകയുമാവാം. ആവശ്യമെങ്കില്‍ ആദിവാസി സംഘടനകളുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാവുന്നതാണ്. ഭൂമി ലഭിക്കുന്നവര്‍ക്ക് താമസിക്കാന്‍ വീടുണ്ടാവണം. കൃഷി ചെയ്യാനുള്ള സൗകര്യങ്ങളും ചെയ്‌തു കൊടുക്കണം. ആറുമാസക്കാലം സൗജന്യ റേഷന്‍ നല്‍കണം. കൃഷിയില്‍ നിന്നും ആദായം ലഭിച്ചു തുടങ്ങുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണിയുണ്ടാവുകയും ചെയ്യുന്ന മുറയ്‌ക്ക് സൗജന്യ റേഷന്റെ അളവ് കുറച്ച് ക്രമേണ ഇല്ലാതാക്കണം. ഈ സമയം മറ്റൊരു കൂട്ടര്‍ക്ക് ഭൂമി നല്‍കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാനാവും. ഈ പ്രവര്‍ത്തനങ്ങളുടെ ദിശാഗതി നിയന്ത്രണവും മേല്‍നോട്ടവും പട്ടികവര്‍ഗ്ഗ കമ്മീഷന് നടത്താന്‍ കഴിയും.ഭൂപ്രശ്‌നം, അതിക്രമങ്ങളില്‍ നിന്നുള്ള സംരംക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം പട്ടികവര്‍ഗ്ഗ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ കാലതാമസം ഒഴിവാക്കുവാനും കുറ്റമറ്റ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സാധിക്കുമെന്നു തോന്നുന്നു.
(ആദിവാസികള്‍ക്കുള്ള ഭൂവിതരണം ത്വരിതപ്പെടുത്തുന്നതിനും ആദിവാസി ക്ഷേമ പദ്ധതികള്‍ കുറ്റമറ്റതാക്കുന്നതിനും വേണ്ടി
ശ്രീ സെബാസ്റ്റ്യന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനമാണിത്).
0 Comments:
ഒരു കൊച്ചുചരിത്രം
അപ്പോള്‍ അതെല്ലാം ഓര്‍മ്മ വന്നു. ശരിയാണല്ലോ. നെടുമങ്ങാടന്‍ ലിറ്റില്‍ മാഗസിനുകളുടെ ചരിത്രം ആരംഭിക്കുന്നത് സെബാസ്റ്റ്യനില്‍ നിന്നാണ്.....ഒന്നോ രണ്ടോ ലക്കം മാത്രമിറങ്ങിയ ഫ്രീ ബേര്‍ഡ്‌സ്, പ്രഫുല്ല ചന്ദ്രന്റെ അരിവാള്‍, സതീഷ് കുമാറിന്റെ അവാര്‍ഡ്, രണ്ടു അച്ചുകൂടങ്ങളുടെ വകയായി വന്നിരുന്ന മായാവിയും, വാഹിനിയും- പിന്നെ മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ഒരു കൈയെഴുത്തു മാസികയും....
1 Comments:
അച്ഛനെ ഓര്‍ക്കുമ്പോള്‍...
വൃന്ദ പി എസ്അച്ഛന് ഒരുപാട് സ്‌നേഹിച്ച ആദികലയെകുറിച്ച് എനിക്ക് ഓര്‍മ്മ വരുന്നു. തിരക്കുപിടിച്ച എഴുത്തിനിടയിലും ഓഫീസ് ജോലി, പൊതുപ്രവര്‍ത്തനം എന്നിവയ്‌ക്ക് അച്ഛന്‍ ആദരവും ശ്രദ്ധയും നല്‍കിയിരുന്നു. പരമ്പരാഗത നാടന്‍കലകളെ ഉണര്‍ത്തി വളര്‍ത്താന്‍വേണ്ടിയാണ് അച്ഛനും സുഹൃത്തുകളും ആദികല എന്ന നാടന്‍കലാ പരിശീലനകേന്ദ്രം ആരംഭിച്ചത്. ഞാന്‍ കുഞ്ഞായിരുന്ന നാള്‍മുതല്‍ ഇതൊക്കെ കാണാനും കളിക്കാനും തുടങ്ങിയതാണ്. തിരുവാതിരകളി, താലം എടുത്തുകളി, കൈകൊട്ടിക്കളി, കുരുത്തോലനൃത്തം, ചരടുപിന്നിക്കളി തുടങ്ങി എത്രയെത്ര കളികള്‍. ശനിയും ഞായറും ആദികലയില്‍ തന്നെയാകും ഞാനും ചേച്ചിയും. ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ അരങ്ങേറ്റം കഴിഞ്ഞിരുന്നു. ഒരുപാട് സ്ഥലങ്ങളില്‍ ഞങ്ങള്‍ പരിപാടികള്‍ നടത്തുകയും പ്രശംസപിടിച്ചുപറ്റുകയും ചെയ്‌തിട്ടുണ്ട്. എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ചുനടന്ന പ്രോഗ്രാം ഇന്നലത്തെപ്പോലെ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും ആദികല നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ നന്നേ പാടുപെട്ടിട്ടുണ്ട്. ഇതിലൂടെ അറിയപ്പെടാതിരുന്ന പല വിഭാഗം നാടന്‍കല ആശാന്‍മാരെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ആദികലയില്‍ കതിരുകാള, ചെണ്ട, വയലിന്‍, ഹാര്‍മോണിയം തുടങ്ങിയവ പരിശീലിച്ചിച്ചിരുന്നു. പക്ഷേ അച്ഛന് ചെയ്‌ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ബാക്കിയാണ്....
1 Comments:
മുഖമൊഴി
ലോകമെമ്പാടുമുള്ള ആദിവാസി വിഭാഗങ്ങളുടെ ഇടനിലകളില്‍ വന്ന അപചയങ്ങളെക്കുറിച്ചു പരിതപിക്കുകയും അവരുടെ പക്ഷത്തുനിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌ത സെബാസ്റ്റ്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്.ജനകീയ സാംസ്‌കാരികവേദി, യുക്തിവാദി പ്രസ്ഥാനം, ഗ്രന്ഥശാല പ്രസ്ഥാനം, ശാസ്‌ത്രസാഹിത്യ പരിഷത്ത്, ആദികല എന്നീ സംഘടനകളുടെ സജീവപ്രവര്‍ത്തകനായിരുന്നു.കാണിക്കാരുടെ ലോകം, മുറംകിലുക്കിപ്പാട്ട്, സഞ്ചരിക്കന്ന പാഠശാലകള്‍ എന്നീ പുസ്‌തകങ്ങളുടെ രചയിതാവും `ഗോത്രസ്‌മൃതി' എന്ന ആദിവാസി സ്‌മരണിക, ആദിവാസി സാക്ഷരതാപാഠാവലി, ആദിവാസി സംരക്ഷണനിയമങ്ങള്‍, ആദിവാസി ക്ഷേമപദ്ധതികള്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനുമായിരുന്നു.ചുറ്റുപാടുകളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും നിര്‍ഭയം പ്രതികരിക്കുകയും ചെയ്‌ത് സെബാസ്റ്റ്യന്‍ ആദര്‍ശനിഷ്‌ഠമായ ജീവിതമാണ് നയിച്ചത്. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ദൈനംദിനജോലി കൃത്യമായി നിര്‍വ്വഹിക്കുകയും അക്കാദമികമായ പിന്‍ബലത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തോടുള്ള ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്‌തു അദ്ദേഹം.ചില വ്യക്തികളുടെ സാന്നിദ്ധ്യം കാലത്തിന്റെ ആവശ്യമാണ്. അവരുടെ വേര്‍പാട് നമ്മെ വികാരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഓരങ്ങളിലേക്കെറിയപ്പെടുന്നവരുടെ സങ്കടങ്ങള്‍ക്കൊണ്ട് നിറയുന്ന ഇക്കാലത്ത് വേര്‍പിരിഞ്ഞ സെബാസ്റ്റ്യന്റെ മുപ്പത്തിയഞ്ച് വര്‍ഷത്തെ സാംസ്‌കാരിക ജീവിതം ചരിത്രത്തില്‍ അടയാളപ്പെട്ടിരിക്കുന്നു.ഈ സ്‌മൃതിപത്രിക ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.--സെബാസ്റ്റ്യന്‍ സുഹ്ര്ത് വേദി
1 Comments:
അയല്‍ക്കാരന് അപകടം സംഭവിച്ചാല്‍ പോലും അതു മൈന്‍ഡു ചെയ്യാതെ ഉറങ്ങാന്‍ കഴിയുന്നവന് ഇങ്ങനെയൊക്കേ വരൂ.