പട്ടികവര്‍ഗ്ഗകമ്മീഷന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്
എം സെബാസ്റ്റ്യന്കമ്മീഷന് അംഗങ്ങള്
വനിതാ കമ്മീഷന് പോലെയും ഇലക്ഷന്‍ കമ്മീഷന്‍ പോലെയും ഉപഭോക്തൃ കോടതി പോലെയും സ്വതന്ത്രാധികാരമുള്ള ഒന്നായിരിക്കണം പട്ടികവര്‍ഗ്ഗ കമ്മീഷനും. ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനും നടപ്പിലാക്കാനും കമ്മീഷന് അധികാരമുണ്ടായിരിക്കണം. കമ്മീഷനില്‍ അര്‍പ്പണബോധമുള്ള മൂന്ന് അംഗങ്ങള്‍ മതിയാകും. ഒരു നിയമജ്ഞന്‍, ആദിവാസിത്തമുള്ള ഒരു ആദിവാസി പ്രതിനിധി, ആദിവാസി പ്രശ്‌നങ്ങളില്‍ വേണ്ടത്ര പരിജ്ഞാനമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവരായിരിക്കണം അംഗങ്ങള്‍. ഇവരില്‍ ഒരാളെങ്കിലും വനിതയായിരിക്കണം. വിദ്യാഭ്യാസ ആനുകൂല്യം മാത്രം ലഭിക്കുന്ന 15 ആദിവാസി വിഭാഗങ്ങളെ കൂടി കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തണം.
നിലവിലുള്ള പദ്ധതികളുടെ പോരായ്‌മ കണ്ടെത്തി പരിഹരി ക്കല്
ആദിവാസികള്‍ക്കു വേണ്ടി ധാരാളം ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ഈ ഇനത്തില്‍ ചെലവാക്കിവരുന്നു. എന്നിട്ടും ആദിവാസികളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയാണ് ചെയ്യുന്നത്. പദ്ധതി നടത്തിപ്പിലെ അഴിമതികള്‍ മാത്രമല്ല ദീര്‍ഘവീക്ഷണമില്ലായ്‌മയും ഇതിനു കാരണമാവുന്നുണ്ട്. ഇവയെ കുറിച്ചുള്ള പരാതികളിന്മേല്‍ അനേ്വഷണം നടത്താനും നടപടി സ്വീകരിക്കാനും പരിഹാരം ആവിഷ്‌കരിക്കാനും കമ്മീഷനു കഴിയണം.
നാട്ടില്‍ കഴിയുന്നവര്‍ക്കും കാട്ടില്‍ കഴിയുന്നവര്‍ക്കും
ആദിവാസികളുടേയും നാട്ടുവാസികളുടേയും ജീവിതാവശ്യങ്ങള്‍ ഒന്നു പോലെയല്ല. ജീവിത രീതിയും സംസ്‌കാരവും വ്യത്യസ്‌തങ്ങള്‍ തന്നെയാണ്. കൂട്ടായ്‌മയുടെ ജീവിതാവശ്യം മെച്ചപ്പെടുത്താനുതകുന്ന തരത്തിലുള്ളതാവണം അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഇത് സാധ്യമാകണമെങ്കില്‍ ഓരോ ആദിവാസി കൂട്ടായ്‌മകളെ കുറിച്ചും സമഗ്രമായ പഠനങ്ങള്‍ വേണ്ടി വരും. ഈ ചുമതലയും പട്ടികവര്‍ഗ്ഗകമ്മീഷനെ ഏല്‌പിക്കാവുന്നതാണ്.
പൊതു സമീപനവുംപ്രാദേശിക പരിഗണനയും
ആദിവാസി ക്ഷേമപ്രവര്‍ത്തന പദ്ധതിക്ക് ഒരു പൊതുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെ പരിഗണനാക്രമത്തിലും കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒരു പ്രത്യേക ആദിവാസി വിഭാഗത്തിന്റെ കാര്യത്തില്‍പോലും പ്രാദേശിക പരിഗണനകള്‍ സ്വീകരിക്കേണ്ടതായിവരും. ആദിവാസി മേഖലയെ പൊതുവെ മൂന്നായി തിരിക്കുന്നതാവും ഉചിതം.
നാട്ടുവാസികള്‍ക്കൊപ്പം കഴിയുന്നവര്
നാട്ടുഭാഷ സ്വന്തമാക്കുകയും നാടന്‍ ജീവിതം നയിക്കുകയും ചെയ്യുന്നവരാണിവര്‍. ആദിവാസികള്‍ക്ക് മൊത്തത്തില്‍ ലഭിക്കണ്ട ആനുകൂല്യങ്ങളുടെ സിംഹഭാഗവും ലഭിക്കുന്നത് ഇവര്‍ക്കായിരിക്കും. ഉദാ: എസ് എസ് എല്‍ സി തോറ്റ കുട്ടികള്‍ക്ക് ട്യൂട്ടോറിയലില്‍ ചേര്‍ന്നു പഠിക്കാനുള്ള ഗ്രാന്റ് ലഭിക്കുന്നത് നാട്ടില്‍ കഴിയുന്ന ആദിവാസിക്കാണ്. കാരണം തോറ്റവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്‌കൂള്‍ സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും ലഭ്യമല്ലാതെ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ പിന്‍തള്ളപ്പെട്ടു പോകുന്നു. ജോലിയുടെ കാര്യത്തിലും മറ്റ് പരിഗണനകളിലും നാട്ടില്‍ കഴിയുന്ന ആദിവാസികള്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ പിന്തള്ളപ്പെട്ടുപോകുന്നു. പരിഗണനാക്രമത്തില്‍ ഉചിതമായ മാനദണ്‌ഡം നിശ്ചയിച്ചാല്‍ ഈ പിഴവ് പരിഹരിക്കാനാവും.
ഉള്‍വനത്തിനും നാടിനുമിടയില്‍ കഴിയുന്നവര്
നാടന്‍ ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും എന്നാല്‍ പഴമ കൈവിടാന്‍ താല്‌പര്യമില്ലാത്തതുമായ കൂട്ടരാണിവര്‍. ഇവിടെ നടപ്പാക്കുന്ന മിക്ക വികസനപ്രവര്‍ത്തനങ്ങളും വിപരീത ഫലമുളവാക്കുകയാണ് ചെയ്യുന്നത്. ഉദാ: പരമ്പരാഗതമായ രീതിയില്‍ ഈറയും പുല്ലും കൊണ്ടുണ്ടാക്കിയ വീട്ടില്‍ പുകയില്ലാത്ത അടുപ്പു സ്ഥാപിക്കുന്നു. വിറക് സുലഭമായി ലഭിക്കുന്ന പ്രദേശത്ത് ഇന്ധനക്ഷമതയുള്ള അടുപ്പിന്റെ ആവശ്യം തന്നെയില്ല. അടുപ്പില്‍ നിന്നുള്ള പുകയേറ്റ് ഏഴുവര്‍ഷം വരെ നിലനില്‍ക്കേണ്ട വീട് ഒരു വര്‍ഷമെത്തും മുമ്പേ നിലംപൊത്തുന്ന കാഴ്‌ചയാണ് കാണുന്നത്. അവര്‍ക്കു വേണ്ടി നിര്‍മ്മിച്ചു കൊടുക്കുന്ന വീടിന്റെ സ്ഥിതിയും ഏറെക്കുറെ ഇപ്രകാരം തന്നെയാണ്. അവരുടെ തനതു ഗൃഹനിര്‍മ്മാണ രീതി പരിഷ്‌കരിച്ച് കൂടുതല്‍ ഈടും ഉറപ്പുമുള്ള വീടു നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ അതില്‍ കഴിയുമായിരുന്നു. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ വെറുതെ കിട്ടുന്ന വീട് സ്വീകരിക്കുകയും അതില്‍ താമസിക്കാതിരിക്കുകയും ചെയ്യുന്നു.
ഉള്‍വനങ്ങളില്‍ കഴിയുന്നവര്
തനതുപാരമ്പര്യത്തില്‍ ഇപ്പോഴും മുറുകെ പിടിക്കുന്നവര്‍. ഗതാഗത സൗകര്യമുള്ളിടത്തു നിന്നും വളരെ ഉള്ളിലായിരിക്കും ഈ പ്രദേശം. ആധുനിക സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത പ്രദേശമാണിവിടം. ക്ഷേമപദ്ധതികള്‍ അധികമൊന്നും ഇവിടെ എത്തിച്ചേരാറില്ല. ലഭിക്കുന്നതാകട്ടെ മിക്കതും അപ്രസക്തവുമാണ്. ഉദാ: വളര്‍ത്തു മൃഗങ്ങളെ മക്കളെപ്പോലെ കരുതുന്നവരാണിവര്‍. അതുകൊണ്ട് അവയുടെ ഇറച്ചിയോ, പാലോ ഉപയോഗിക്കാറില്ല. ഇവര്‍ക്ക് ആടുമാടുകളെ വിതരണം ചെയ്‌തിട്ട് എന്താണ് പ്രയോജനം? ആനയുടെ പഥ്യാഹാരമാണ് തെങ്ങ്. ആനക്കാട്ടില്‍ കഴിയുന്നവര്‍ക്ക് തെങ്ങിന്‍ തൈ വിതരണം നടത്തിയാലുള്ള സ്ഥിതി പറയേണ്ടതുണ്ടോ?ആയതിനാല്‍ വാസസ്ഥലത്തിന്റെ പ്രതേ്യകത, ആദിവാസി വിഭാഗത്തിന്റെ പ്രതേ്യകത തുടങ്ങിയ കാര്യങ്ങളും സസൂക്ഷ്‌മം പഠിച്ച് ആലോചനാപൂര്‍വ്വം വികസനപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയണം. അതിനുള്ള മേല്‍നോട്ടം വഹിക്കുവാന്‍ പട്ടികവര്‍ഗ്ഗകമ്മീഷനു ചുമതലയുണ്ടാവണം.
ഭൂവിതരണം
ബോധപൂര്‍വ്വം വിറ്റവരും ജീവിതസൗകര്യങ്ങളുള്ളവരും
ഭൂമിക്കു വേണ്ടി ലഭിച്ചിട്ടുള്ള എല്ലാ പദ്ധതികളും സത്യസന്ധമായികൊള്ളണമെന്നില്ല. നഗരത്തിലോ പട്ടണത്തിലോ ഉള്ള ഇരുപത്തിയഞ്ച് സെന്റു പതിഞ്ഞ ഭൂമിവിറ്റ് ഇരുപത്തി അഞ്ച് ഏക്കര്‍ വനഭൂമി വാങ്ങിയവരുണ്ട്. ബോധപൂര്‍വ്വം നാട്ടിലെ ഭൂമിയുടെ ഒരംശം വില്‍ക്കുകയും നിയമ പരിരക്ഷയുടെ പേരില്‍ പരാതിപ്പെടുകയും ചെയ്‌തിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. നാട്ടിലും കാട്ടിലുമായി ജീവിക്കാനാവശ്യമായ ഭൂമിയും മറ്റ് ജീവിതസൗകര്യങ്ങളുമുള്ളവര്‍ ഇത്തരം പരാതിക്കാരുടെ കൂട്ടത്തില്‍ പെടുന്നു. ഇവയുടെ നിജസ്ഥിതി കണ്ടെത്തിയ ശേഷം ഉചിതമാര്‍ഗ്ഗം സ്വീകരിക്കുവാന്‍ കമ്മീഷനു കഴിയണം.
ഭൂമി ഇല്ലാത്തവരും പരാതി കൊടുക്കാനറിയാത്തവരും
പ്രലോഭനങ്ങളിലും ഭീഷണികളിലും പെട്ട് വസ്‌തു നഷ്‌ടമായവരും സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരും നിരവധിയാണ്. നിരക്ഷരതയും ബാഹ്യലോകവുമായി അധികം ബന്ധവുമില്ലാത്തതും കാരണം നിയമസംരക്ഷണത്തിന്റെ കാര്യവും ഇവര്‍ക്കറിയില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും നഷ്‌ടപ്പെട്ട ഭൂമിക്കുവേണ്ടി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടുണ്ടാവില്ല. ഇവരുടെ പ്രശ്‌നവും പരിഹരിക്കപ്പെണ്ടേതുണ്ട്. നിയമക്കുരുക്കുകളില്ലാതെ ഇക്കാര്യത്തില്‍ ഇടപെടാനും ഉചിതമായ പരിഹാരമുണ്ടാക്കാനും കമ്മീഷന് അധികാരമുണ്ടായിരിക്കണം. ചുരുക്കത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അനര്‍ഹരെ ഒഴിവാക്കുകയും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത അര്‍ഹതപ്പെട്ടവരെ കണ്ടെത്തി ഭൂമി നല്‍കുകയും വേണം.
ഘട്ടം ഘട്ടമായി നടപ്പാക്കുക
ഭൂവിതരണം ഒറ്റയടിക്ക് നടപ്പാക്കുന്നത് ഒഴിവാക്കണം. ഇത് അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുകയേയുള്ളു. പുതിയ ഭൂമിയില്‍ ഭക്ഷണം, പാര്‍പ്പിടം തുടങ്ങി ജീവിതസൗകര്യങ്ങളൊന്നുമുണ്ടാവുകയില്ല. ചിലപ്പോള്‍ കുടിവെള്ളം പോലും പ്രശ്‌നമായേക്കാം. ആയതിനാല്‍ ഘട്ടം ഘട്ടമായി മൂന്നു വര്‍ഷം കൊണ്ട് ഭൂവിതരണം പൂര്‍ത്തിയാക്കുകയും നാലാം വര്‍ഷം വിട്ടുപോയ പരാതികള്‍ പരിഹരിക്കുകയുമാവാം. ആവശ്യമെങ്കില്‍ ആദിവാസി സംഘടനകളുമായി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാവുന്നതാണ്. ഭൂമി ലഭിക്കുന്നവര്‍ക്ക് താമസിക്കാന്‍ വീടുണ്ടാവണം. കൃഷി ചെയ്യാനുള്ള സൗകര്യങ്ങളും ചെയ്‌തു കൊടുക്കണം. ആറുമാസക്കാലം സൗജന്യ റേഷന്‍ നല്‍കണം. കൃഷിയില്‍ നിന്നും ആദായം ലഭിച്ചു തുടങ്ങുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണിയുണ്ടാവുകയും ചെയ്യുന്ന മുറയ്‌ക്ക് സൗജന്യ റേഷന്റെ അളവ് കുറച്ച് ക്രമേണ ഇല്ലാതാക്കണം. ഈ സമയം മറ്റൊരു കൂട്ടര്‍ക്ക് ഭൂമി നല്‍കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാനാവും. ഈ പ്രവര്‍ത്തനങ്ങളുടെ ദിശാഗതി നിയന്ത്രണവും മേല്‍നോട്ടവും പട്ടികവര്‍ഗ്ഗ കമ്മീഷന് നടത്താന്‍ കഴിയും.ഭൂപ്രശ്‌നം, അതിക്രമങ്ങളില്‍ നിന്നുള്ള സംരംക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം പട്ടികവര്‍ഗ്ഗ കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ കാലതാമസം ഒഴിവാക്കുവാനും കുറ്റമറ്റ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സാധിക്കുമെന്നു തോന്നുന്നു.
(ആദിവാസികള്‍ക്കുള്ള ഭൂവിതരണം ത്വരിതപ്പെടുത്തുന്നതിനും ആദിവാസി ക്ഷേമ പദ്ധതികള്‍ കുറ്റമറ്റതാക്കുന്നതിനും വേണ്ടി
ശ്രീ സെബാസ്റ്റ്യന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനമാണിത്).
Post a Comment