നെ ടു മ ങ്ങാ ട്

Friday, November 23, 2007

ഒരു കൊച്ചുചരിത്രം


നടരാജന്‍ ബോണക്കാട്‌



പ്പോള്‍ അതെല്ലാം ഓര്‍മ്മ വന്നു. ശരിയാണല്ലോ. നെടുമങ്ങാടന്‍ ലിറ്റില്‍ മാഗസിനുകളുടെ ചരിത്രം ആരംഭിക്കുന്നത്‌ സെബാസ്റ്റ്യനില്‍ നിന്നാണ്‌.....ഒന്നോ രണ്ടോ ലക്കം മാത്രമിറങ്ങിയ ഫ്രീ ബേര്‍ഡ്‌സ്‌, പ്രഫുല്ല ചന്ദ്രന്റെ അരിവാള്‍, സതീഷ്‌ കുമാറിന്റെ അവാര്‍ഡ്‌, രണ്ടു അച്ചുകൂടങ്ങളുടെ വകയായി വന്നിരുന്ന മായാവിയും, വാഹിനിയും- പിന്നെ മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ഒരു കൈയെഴുത്തു മാസികയും....


അതു വരെ ഇങ്ങനെയൊക്കെയായിരുന്ന നെടുമങ്ങാടിന്റെ പ്രസിദ്ധീകരണ പശ്ചാത്തലത്തിലാണ്‌ ഒരു വെള്ളിടിപോലെ കുഞ്ഞുസൂര്യന്‍' പൊട്ടി വീണത്‌.ഇരുപത്താറാണ്ടുകള്‍ക്ക്‌ മുമ്പാണ്‌.ഒരു കേവല എഴുത്തുകാരനും അരാഷ്‌ട്രീയക്കാരനുമൊക്കെയായി അലഞ്ഞു നടന്നിരുന്ന കാലത്ത്‌, നക്‌സലൈറ്റായിരുന്ന മധു എന്നെ സമീപിക്കുന്നു: ഒരു ലിറ്റില്‍ മാഗസിന്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നു. സെബാസ്റ്റ്യനൊക്കെയുണ്ട്‌. (സെബാസ്റ്റ്യന്റെ സ്വപ്‌നശിശുവായിരുന്നു ആ ലിറ്റില്‍ മാഗസിനെന്ന്‌ പന്നീട്‌ മനസ്സിലാക്കി.)


സെബാസ്റ്റ്യനെ അന്ന്‌ വിസ്‌മയത്തോടെയാണ്‌ കണ്ടിരുന്നത്‌. കോടതിയില്‍ കയറി മുദ്രാവാക്യം വിളിച്ച ജനകീയ സാംസ്‌കാരികവേദിക്കാരന്‍, ഇരിഞ്ചയത്ത്‌ നാടുഗദ്ദിക അവതരിപ്പിക്കാന്‍ നേതൃത്വം കൊടുത്തവന്‍....


സെബാസ്റ്റ്യന്‍, മധു, ഞാന്‍ (ഞങ്ങള്‍ മൂന്നുപേരും സമവയസ്‌കരായിരുന്നു.), പിന്നെ യുവകവിയായ പോതുപാറ മധുസൂദനന്‍- ഈ നാലുപേരായിരുന്നു `സൂര്യന്‍' സമിതിയില്‍.


സെബാസ്റ്റ്യന്‍ അന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ കണ്ടക്‌ടറായിരുന്നു.


ക്യാഷ്‌ബാഗില്‍ നിന്ന്‌ നൂറ്‌ ഒറ്റരൂപാ നോട്ടുകളുടെ ഒരടുക്ക്‌ ഇളംചൂടാര്‍ന്ന ജലകണികകള്‍ തെറിക്കുന്ന ഒരു പ്രസരിപ്പോടെ സെബാസ്റ്റ്യന്‍ എടുത്തുതന്നത്‌ സൂര്യന്റെ പ്രവര്‍ത്തനത്തിനാണോ, എറണാകുളത്തു വച്ചു നടന്ന ലിറ്റില്‍ മാഗസിന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള വണ്ടിക്കൂലിയായിട്ടാണോ എന്ന്‌ കൃത്യമായി ഓര്‍ക്കാനാവുന്നില്ല. (ഒരു കിലോ മരച്ചീനിക്ക്‌ മുപ്പത്‌ പൈസ മാത്രമായിരുന്ന ആ കാലം. സൂര്യന്റെ വിലയും അതുതന്നെയായിരുന്നു.)


എന്നും വെളുപ്പു മാത്രം ഉടുത്തു നടന്ന ആ സാംസ്‌കാരിക പ്രവര്‍ത്തകന്റെ ഊര്‍ജ്ജസ്വലതയുടെ നിദര്‍ശനങ്ങള്‍ തന്നെയായിരുന്നു സൂര്യനിലും മറ്റും സെബാസ്റ്റ്യന്‍ എഴുതിയ കവിതകളും കുറിപ്പുകളും.ഇരിഞ്ചയത്ത്‌ വേരുപിടിച്ചിരുന്ന ഒരു ആദിവാസി സമൂഹത്തെക്കുറിച്ച്‌ സെബാസ്റ്റ്യന്‍ അന്ന്‌ വികാരപൂര്‍വ്വം സംസാരിച്ചതോര്‍ക്കുന്നു. പിന്നീട്‌ ആദിവാസി പഠനത്തിനും രചനകള്‍ക്കുമായി ജീവിതം നീക്കിവച്ച സെബാസ്റ്റ്യന്റെയുള്ളില്‍ അന്നാണ്‌ അതിനുള്ള ബീജാവാപം നടന്നതെന്ന്‌ തോന്നുന്നു.


ഒരു നക്‌സലൈറ്റ്‌ പ്രസിദ്ധീകരണമായാണ്‌ സൂര്യന്‍ സ്വീകരിക്കപ്പെട്ടത്‌. അതിന്റെ പ്രവര്‍ത്തകനായതോടെ ഞാനും മാറിമറിഞ്ഞു.സൂര്യനാണ്‌ പിന്നീടുള്ള എന്റെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴിതന്നത്‌.


എന്നും ഒട്ടൊക്കെ വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന ഒരുവനെന്ന നിലയ്‌ക്ക്‌ എനിക്ക്‌ സൂര്യന്‍ സമിതിയുമായി ഇടയേണ്ടി വന്നിട്ടുള്ളതും ഓര്‍ക്കത്തക്കതാണ്‌.

-ഞാന്‍ മുങ്ങിനടക്കുകയായിരുന്നു.


നക്‌സലൈറ്റ്‌ നേതാവും നാടകക്കാരനുമായ കെ.പി.രവിയുടെ ആശുപത്രി മുറി.അദ്ദേഹം പറഞ്ഞു:സെബാസ്റ്റ്യന്‍ ഇവിടെ വന്ന്‌ സംസാരിച്ചിരുന്നു. നടരാജനെ കാണാനേയില്ല-എന്നയാള്‍ പറഞ്ഞത്‌, അയാളുടെ ഒരു മുയലിനെ കാണാതെ പോയി എന്ന്‌ പറയുന്നതു പോലെയാണ്‌....


കാല്‍ നൂറ്റാണ്ടിനിപ്പുറത്തു നിന്ന്‌-ആ മുയലുകള്‍...

ഇപ്പോഴും ഇവിടെയൊക്കെ...

1 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters