ബാലലോകം
പി എ ഉത്തമന്‍
ഒരുകാലത്ത് കേരളക്കരയിലെ ബാല്യകൗമാരങ്ങളുടെ സര്‍ഗ്ഗാത്മക വളര്‍ച്ചയ്‌ക്ക് അടിത്തറ പാകിയത് ആകാശവാണിയുടെ റേഡിയോ ക്ലബ്ബുകളും ബാലലോകം പരിപാടിയുമാണ്. ഒരു നാട്ടിന്‍പുറത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇത്തരം ഔപചാരിക കൂട്ടായ്‌മകള്‍ക്കുള്ള പങ്കിനെ തിരിച്ചറിയുകയാണ് പി എ ഉത്തമന്‍.
(ആകാശവാണിയുടെ മറ്റൊരു പരിപാടിയില്‍ ബാലലോകത്തെ അനുസ്‌മരിച്ച്
ഉത്തമന്‍ സംസാരിച്ചതില്‍ നിന്ന്)
ഞായറാഴ്‌ചകള്‍ ഞങ്ങള്‍ക്കുവേണ്ടിയല്ല യഥാര്‍ത്ഥത്തില്‍ കാത്തിരുന്നത്. ഞങ്ങള്‍ ഞായറാഴ്‌ചകള്‍ക്കുവേണ്ടിയാണ് കാത്തിരുന്നത്. 1975-80 കാലഘട്ടത്തില്‍ കൊടിപ്പുറത്തുണ്ടായിരുന്ന ദേശസേവിനി ബാലസമാജം റേഡിയോ ക്ലബ്ബിലെ ഒരു സജീവപ്രവര്‍ത്തകനായിരുന്നു ഞാന്‍. പി എ ഉത്തമന്‍ എന്ന പേരിന് അര്‍ഹനാക്കിത്തീര്‍ത്തതിന് ഈ സമാജവും ഒരു കാരണമായിരുന്നു. എഴുത്തുകാരനെന്ന നിലയില്‍ എന്നെ വലിയവനാക്കിത്തീര്‍ക്കുകയും ഒരു അഭിനേതാവ് എന്ന നിലയില്‍ മാറ്റിത്തീര്‍ക്കുകയും ചെയ്‌തത് ഇതിലൂടെയുള്ള പ്രവര്‍ത്തനം മുഖാന്തരമാണ്.
ഞങ്ങള്‍ വളരെ കൃത്യമായി പങ്കെടുത്ത് വലിയ വിജയം നേടിയ അനുഭവമുണ്ടായിട്ടുണ്ട്. നെടുമങ്ങാട്ടെ ദേശീയോത്സവം മൂന്നു ക്ഷേത്രങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് നടക്കുന്നത്. അക്കാലത്ത് പ്രധാന ഉത്സവദിവസം ഞങ്ങള്‍, കുട്ടികളുടെ നാടകം അരങ്ങേറിയത്, സന്തോഷകരമായ ഓര്‍മ്മയാണ്. കാരണം അക്കാലത്ത് അങ്ങനെയൊന്ന് സംഘടിപ്പിക്കുക നിസ്സാരമായ കാര്യമായിരുന്നില്ല. ആദ്യമായി ഞാന്‍ വേഷം കെട്ടുന്നത് പതിന്നാലാമത്തെയോ പതിനഞ്ചാമത്തെയോ വയസ്സിലാണ്. ഒരു എഴുപത്തിയഞ്ചുകാരനായി ആണ് വേഷമിട്ടത്. അതില്‍ സ്‌ത്രീ വേഷം ചെയ്‌തത് അന്നു നാല്‌പതു വയസ്സുള്ള എന്റെ ചേച്ചിയാണ്. അന്ന് റേഡിയോ സമാജത്തിനു പുറമെ വനിതാസമാജവും സമന്വയിപ്പിച്ച് വിപുലമായ പരിപാടികള്‍ നടത്തിയിരുന്നു.
ഈ ബാലസമാജത്തിന്റെ ഊര്‍ജ്ജം നേടിയെടുത്ത വേറെയും ഒരുപാട് ആള്‍ക്കാരുണ്ട്. പലരും ജീവിതത്തിന്റെ പലമേഖലകളിലേയ്‌ക്കും തിരിഞ്ഞുപോയി. എങ്കിലും അന്നത്തെ ഞായറാഴ്‌ചകള്‍ ഞങ്ങള്‍ക്ക് ഓണക്കാലം പോലെയായിരുന്നു.
നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായിരുന്ന രാമയ്യന്‍ സാറാണ് ബാലസമാജം കൊണ്ടുവരുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ സഹപാഠികളായ കൂട്ടുകാര്‍, കളിക്കൂട്ടുകാര്‍, സമീപസ്ഥരായ മറ്റ് കുട്ടികള്‍ തുടങ്ങി രണ്ടുമൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുവരുന്ന എണ്‍പതോളം കുട്ടികള്‍ ബാലസമാജത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം തന്നെ ബാലമാസികകള്‍ അധികം പ്രചാരമില്ലാതിരുന്ന അക്കാലത്ത് വായനയില്‍ തല്‌പരരാകുകയും കഥയെഴുതാനും കവിതയെഴുതാനും ചിത്രം വരയ്‌ക്കാനും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും തയ്യാറാകുകയും ചെയ്‌തു.
അക്കാലത്ത് വളരെ അപൂര്‍വ്വമായിരുന്ന മാധ്യമമായിരുന്നു റേഡിയോ. കൊടിപ്പുറത്തുള്ള നീലകണ്‌ഠനാശാരിയുടെ വീട്ടിലെ വിശാലമായ ഒരു ചായ്‌പില്‍- ഒരു പത്തായമൊക്കെ വച്ചിരുന്നു അവിടെ- ആ വീട്ടുകാരുടെ റേഡിയോ ഉപയോഗിച്ചു തന്നെയാണ് പരിപാടികള്‍ ആസ്വദിച്ചിരുന്നത്. ഒരു റേഡിയോ പരിപാടി കേള്‍ക്കുന്നതിനോ പാട്ടുകേള്‍ക്കുന്നതിനോ മറ്റ് വീടുകളെ ആശ്രയിക്കേണ്ടിയിരുന്ന അക്കാലത്ത് ഇത്രയും കുട്ടികളെ ചേര്‍ത്തുകൊണ്ട് ഒരു ബാലസമാജം രൂപീകരിക്കാന്‍ കഴിഞ്ഞത് അതിഗംഭീരമായ ഒരനുഭവമായിട്ടാണ് ഇന്ന് അനുഭവപ്പെടുന്നത്.
ഒരാഴ്‌ച ഞങ്ങള്‍ കേള്‍ക്കുന്ന ബാലലോകം പരിപാടിയുടെ അഭിപ്രായങ്ങള്‍ അടുത്തയാഴ്‌ച എഴുതിക്കൊണ്ടു വരണം- എല്ലാവരും കൃത്യമായി അത് ചെയ്‌തിരുന്നു. ഈ അഭിപ്രായങ്ങള്‍ ക്രാഡീകരിച്ച് പ്രസിഡന്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനൊപ്പം ആകാശവാണിക്ക് അയച്ചുകൊടുത്തിരുന്നു. അടുത്തയാഴ്‌ച റിപ്പോര്‍ട്ടിനൊപ്പം കഥയോ കവിതയോ ചിത്രമോ കിട്ടിയതായി റേഡിയോയിലൂടെ അറിയിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന സന്തോഷം അളവറ്റതാണ്.
എന്റെ സുഹൃത്ത് ബാലചന്ദ്രന്‍ കുഴിവിള ആദ്യമായിട്ട് ഒരു കഥയെഴുതി അയച്ചപ്പോള്‍, ബാലചന്ദ്രന്റെ കഥയും കിട്ടിയതായി റേഡിയോ അമ്മാവന്‍ പറഞ്ഞു. ആ ആവേശമാണ് എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. ബാലചന്ദ്രന്‍ ഇന്നു കഥയെഴുതുന്നില്ല. എങ്കിലും, അതിന്റെ തുടക്കം അങ്ങനെയായിരുന്നു. അന്നു ഞാനെന്റെ കുട്ടിമനസ്സിലെഴുതിയ കഥ. ബാലസമാജം പ്രസിഡന്റ് എന്റെ കഥയെ മാറ്റിമറിച്ചു. ഇന്ന് ആ കഥയെ എന്റെ കഥയായിട്ട് ഞാന്‍ സ്വീകരിക്കുന്നില്ല.
നേതാജി ബാലജനസംഖ്യം ആൻഡ് റേഡിയോ ക്ലബ്ബ് ഏറത്തുപൂളക്കട. പ്രസിഡന്റിന്റെ കത്തും സെക്രട്ടറിയുടെ യോഗ റിപ്പോർട്ടും 7 കൂട്ടുകാരയച്ച കത്തുകളും കവിത വരച്ച ചിത്രവും കിട്ടി...
എഴുപതുകളിൽ അതു വീരനായിരുന്നില്ലേ? തിരുവിതാംകോട്ടെ ഉൾനാടൻ സ്ഥലപ്പേരുകൾ ഞങ്ങൾ കൊച്ചിക്കാർ പഠിച്ചത് അങ്ങനെയാവണം. വീരന്റെ മകൻ ഇടക്കാലത്ത് ഇവിടെ ദുബായിലുണ്ടായിരുന്നു. വീർ.