നെ ടു മ ങ്ങാ ട്

Monday, June 16, 2008

കിള്ളിയാറിന്റെ മൂന്നാം കര





പി. എ. ഉത്തമന്‍ ഇന്നലെ രാവിലെ മരിച്ചു. ശ്വാസകോശാര്‍ബുദമായിരുന്നു അവന്; അവന്റെ സൂക്ഷ്മകോശങ്ങള്‍ക്ക് നശ്വരതയുടെ കോടതി അകാലത്തില്‍, അധാര്‍മ്മികമായി വിധിച്ച ശിക്ഷ.

ഇപ്പോള്‍ കിള്ളിയാറിനു മുകളിലെ മഴക്കൂരാപ്പിനുമേലിരുന്ന് അവനും, പതിനഞ്ചുകൊല്ലം മുന്നേ അവിടെയെത്തിയ ഞങ്ങളുടെ ഗുരുനാഥന്‍ വി.പി.ശിവകുമാറും സൊറ പറയുകയാവണം; ആനുകാലികങ്ങളില്‍ അനുനിമിഷം സചിത്രമായി വ്യാപരിക്കുന്ന മലയാള ചെറുകഥയുടെ പേരേടിലൊന്നും കുറിപ്പെടാനിടയില്ലാത്ത ഒരു പാവം കഥയുടെ രണ്ടതിരുകള്‍ പോലെ.

1983-84 കാലത്താണ് ഞാന്‍ ഉത്തമനെ പരിചയപ്പെടുന്നത്. കഥയും കവിതയും രാഷ്ട്രീയവും 'അരാജക'മായ ചര്‍ച്ചകളും നിറഞ്ഞ ഞങ്ങളുടെ യൂണിവേഴ്സിറ്റി കോളേജ് വൈകുന്നേരങ്ങളില്‍ ഇടക്കിടെ മാത്രം വീശുന്ന ‍അപൂര്‍വ്വശാന്തമായ ഒരു കാറ്റായിരുന്നു അവന്‍. ഞങ്ങള്‍ക്ക് പൊതുവെയുള്ള ദു:ശീലങ്ങളൊന്നുമില്ലാത്തവന്‍. നഗരഭാഷ തീണ്ടാത്ത, മുണ്ടുടുത്ത, വിടര്‍ന്ന കണ്ണും ചിരിയുമുള്ള, മെലിഞ്ഞ ഒരു നെടുമങ്ങാടന്‍. മിക്കപ്പോഴും അവന്റെ പുതിയ കഥയുടെ കയ്യെഴുത്തുപ്രതിയുണ്ടാവും കയ്യില്‍. അവ ഏറ്റവും ഉത്തരവാദിത്വത്തോടെ വായിച്ചിരുന്നത് കഥാകാരന്‍ വി. വിനയകുമാറാണ്.

ഞങ്ങളുടെ കിറുക്കുകള്‍ കഥയും കവിതയും കടന്ന് പ്രത്യയശാസ്ത്രം,ലഹരിപരീക്ഷണം,സമാന്തര പ്രസിദ്ധീകരണം,യാത്രകള്‍ എന്നിവയിലേക്കെല്ലാം പടര്‍ന്ന വര്‍ഷങ്ങളിലും ഉത്തമന്‍ കൊടിപ്പുറം എന്ന തന്റെ കൊച്ചുനാട്ടുമ്പുറത്തിരുന്ന് തുടര്‍ച്ചയായി കഥയെഴുതി. വീട്ടുതൊടിയില്‍ നിന്നു കിട്ടിയ കിളിത്തൂവലോ മഞ്ചാടിയോ കീശയില്‍ത്തിരുകി കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയെപ്പോലെ അവന്‍ തന്റെ കഥകളുമായി യൂണിവേഴ്സിറ്റി കോളേജിന്റെ ബഹളമൊഴിഞ്ഞ അന്തിമൂലകളില്‍ ഞങ്ങളെത്തേടി വന്നു. അവയില്‍ പലതും പ്രത്യക്ഷപ്പെട്ടത് യുവ എഴുത്തുകാര്‍ക്ക് അല്‍പ്പം ഇടം ബാക്കിയുണ്ടായിരുന്ന കഥ മാസികയിലും ചില സമാന്തരപ്രസിദ്ധീകരണങ്ങളിലുമാണ്.

1988ല്‍ ഉത്തമന്റെ ആദ്യകഥസമാഹാരം, സുന്ദരപുരുഷന്മാര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഞങ്ങളുടെ കലായയക്കൂട്ടം ഒരു 'പക്ഷിക്കൂട്ട'മായി മാറിക്കഴിഞ്ഞിരുന്നു. അഞ്ചാറുകൊല്ലത്തെ കിറുക്കുകളുടെയും അന്വേഷണങ്ങളുടെയും സ്വാഭാവികപരിണതിയായിരുന്നു 'പക്ഷിക്കൂട്ടം' മാസിക. ആവേശപൂര്‍വം അതിന്റെ ആദ്യലക്കം ഞങ്ങള്‍ സങ്കല്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സുന്ദരപുരുഷന്മാര്‍ പുറത്തിറങ്ങുന്നത്. ഞങ്ങളുടെ കൂട്ടത്തിലൊരാളുടെ ആദ്യത്തെ സാഹിത്യപുസ്തകമാണ്. അതുകൊണ്ട് ആദ്യലക്കത്തിലെ പുസ്തകറിവ്യു സുന്ദരപുരുഷന്മാരെ കുറിച്ചായിരിക്കണം. ഞങ്ങള്‍ തീരുമാനിച്ചു. പത്രാധിപസമിതിയംഗങ്ങള്‍ (വി. വിനയകുമാര്‍, വാള്‍ട്ടര്‍ ഡിക്രൂസ്, എ. എന്‍. അജിത്ത്, ഞാന്‍) മാസികയിലെഴുതരുത് എന്നു തീരുമാനിച്ചിരുന്നതിനാല്‍ മറ്റൊരു ചങ്ങാതിയെ ആ പണി ഏല്‍പ്പിച്ചു. അവന്‍ ഷെയ്ത്താന്‍ എന്ന തൂലികാനാമത്തിലാണ് അതെഴുതിയത്. പൊതുവേ ഞങ്ങള്‍ക്കിടയില്‍ ഒരുപാട് അതിവാദങ്ങളുടെ കാലമായിരുന്നു അത്. 'ഷെയ്ത്താന്‍' ആകട്ടെ അത്യതിവാദിയും. അവന്‍ ഉത്തമന്റെ കഥകളെക്കാള്‍ 'കൈകാര്യം ചെയ്യാന്‍' ശ്രമിച്ചത് ഞങ്ങളുടെ അദ്ധ്യാപകനും കഥാകാരനുമായ വി. പി. ശിവകുമാര്‍ സുന്ദരപുരുഷന്മാ‍ര്‍‍ക്കെഴുതിയ അവതാരികയെയാണ്. ഒരു ഹരിജന്‍സാഹിത്യകാരന്‍ (ദളിത് എന്നപരികല്‍പ്പന അന്ന് പ്രചാരത്തിലില്ല) തന്റേതായ സ്വത്വം കണ്ടത്തേണ്ടതുണ്ടെന്ന ശിവകുമാറിന്റെ അഭിപ്രായം, കഥാകൃത്തിനെ അപമാനിക്കലായി ആ അവലോകനത്തില്‍ വിലയിരുത്തപ്പെട്ടു. ആധുനികതയോടും അതിന്റെ അക്കാലഗോപുരങ്ങളോടുമുള്ള 'ഷെയ്ത്താ'ന്റെ ആശങ്കകള്‍ക്കുള്ളില്‍ വ്യക്ത്യധിക്ഷേപത്തിന്റെ മുള്‍മുനകളുണ്ടായിരുന്നത് ഞങ്ങളുടെ അന്നത്തെ ഋജുവായ ധാര്‍മികാവേശത്തിന് കാണാന്‍ കഴിഞ്ഞില്ല. ഉത്തമന്റെ 'ഒരു ഹരിജന്‍ സാഹിത്യകാരന്റെ നിവേദനം' എന്ന കഥയിലെ ഒരു ഭാഗം ഹൈലൈറ്റായി ഉദ്ധരിച്ചുകൊണ്ട് ഞങ്ങള്‍, എഡിറ്റര്‍മാര്‍ മുള്ളില്‍ മുളകുപുരട്ടുകയും ചെയ്തു.

തുടര്‍ന്ന് ശിവകുമാര്‍സാര്‍ ഞങ്ങളെയാകെ സൌഹൃദത്തിന്റെ ഡയറിയില്‍ നിന്ന് കീറിക്കളഞ്ഞതും ആണ്ടുകള്‍ക്കുശേഷം അദ്ദേഹം ഞങ്ങളോടു പൊറുത്തതും ഞങ്ങളുടെ കൌമാരത്തിനു മനസ്സിലാകാതെപോയ 'കീഴാളരചന' എന്ന സങ്കല്പനത്തിലെ 'ശരി'യും സാറിന്റെ മരണശേഷം ദീര്‍ഘമായ ഒരു ഓര്‍മ്മക്കുറിപ്പില്‍ ഞാനെഴുതി. ആ ഏറ്റുപറച്ചില്‍ എന്നെ ഒരുപാട് ആശ്വസിപ്പിച്ചു; പഴയ പക്ഷിക്കൂട്ടത്തെയും. പക്ഷേ ഉത്തമന്റെ ധര്‍മ്മസങ്കടം ഞങ്ങള്‍ അറിഞ്ഞിരുന്നോ?

പക്ഷിക്കൂട്ടം പലവഴി പൊങ്ങിയും താണും പറന്നുപോയി. ഉത്തമന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. വലിയ സാഹിതീയശസ്സൊന്നും തേടിയെത്താതിരുന്നപ്പോഴും, ഞങ്ങളില്‍ പലരും എഴുത്തു നിര്‍ത്തുകയോ മാറ്റിവയ്ക്കുകയോ ചെയ്തപ്പോഴും അവന്‍ കഥയെഴുതി. കൊടിപ്പുറത്തെ തന്റെ കുടുസ്സുവീടിലെ പ്രാരബ്ധ്ങ്ങള്‍ക്കിടയിലും തിരുവല്ലയിലെ പഞ്ചസാരമില്ലിലും ബിവറേജസ് കോര്‍പ്പറേഷന്‍ കൌണ്ടറുകളിലുമായി തിരക്കിട്ടു പണിയെടുക്കുമ്പോഴും അര്‍ബുദക്കട്ടിലില്‍ മരണത്തിലേക്ക് യാത്രതിരിക്കുന്ന തിടുക്കത്തിനിടയിലും അവന്‍ തന്റെ കഥാലോകം നിധിപോലെ കാത്തുസൂക്ഷിച്ചു. മൂന്നു കഥാസമാഹാരങ്ങള്‍; 1999 ല്‍ എഴുതിത്തുടങ്ങി നിരവധി മാറ്റെഴുത്തുകളിലൂടെ 2007 വരെ നീണ്ട നെടുമങ്ങാട്ടെ കീഴാളജീവിതത്തിന്റെ ഇതിഹാസം - ചാവൊലി; തിരുവല്ലയിലെ പഞ്ചസാരമില്ലും പരിസരവും പശ്ചാത്തലമാക്കി മരണത്തിനു തൊട്ടുമുന്‍പ് മകന്റെ കൈപ്പടയില്‍ പൂര്‍ത്തീകരിച്ച നോവല്‍ - തുപ്പേ... തുപ്പേ...

കൃത്യമായ ഇടവേളകളില്‍ ഉത്തമന്‍ തിരുവനന്തപുരത്തെ ഞങ്ങളുടെ മടകളില്‍ എത്തും; പഴയ അതേ നാടന്‍ ചിരിയോടെ. വലിയും കുടിയും തര്‍ക്കവും കിറുക്കും തിമര്‍ക്കുന്ന ഞങ്ങള്‍ക്കിടയില്‍ ഒരുകവിള്‍ പുകയൂതാതെ, ഒരു തുള്ളി കള്ളുകുടിക്കാതെ, നഷ്ടങ്ങളെയോ മുറിവുകളെയോ കുറിച്ചു പരാതി മുരളാതെ ഇരിക്കും.ഒറ്റയ്ക്ക് ഒഴിഞ്ഞുകിട്ടുമ്പോളോ ഫോണിലോ അവന്റെ പുതിയ കഥാസമാഹാരത്തെക്കുറിച്ച് അല്ലെങ്കില്‍ എഴുതിക്കൊണ്ടിരിക്കുന്ന കുന്ന് എന്ന നോവലിനെ കുറിച്ച് പറയും. നെടുമങ്ങാടിന്റെ മണ്ണും മഴയും മൊഴിയും വെയിലുമെല്ലാം ആഴത്തിലും സൂക്ഷ്മത്തിലും വായിച്ചുകൊണ്ട് അവന്‍ എഴുതിത്തുടങ്ങിയ പുരാവൃത്തമാണ് കുന്ന്. അത് അവന്റെ രക്തവും മാംസവുമായിരുന്നു. നാടുതെണ്ടിയായ എന്നെത്തേടി കഴിഞ്ഞ നാലഞ്ചാണ്ടുകള്‍ക്കിടയില്‍ വന്ന അവന്റെ ഫോണ്‍ വിളികളില്‍ എഴുതിയും തിരുത്തിയും തീരാത്ത കുന്നിന്റെ നിലവിളി മുഴങ്ങിനിന്നിരുന്നു. പക്ഷെ അതിന്റെ കയ്യെഴുത്തുപ്രതികളൊന്നും ഞാന്‍ വായിച്ചില്ല. വിനയനും ഉത്തമന്റെ പല നെടുമങ്ങാടന്‍ കൂട്ടുകാരും വായിച്ചു. ഈ കുറിപ്പെഴുതും മുന്‍പ് ഞാന്‍, 'തെറ്റാടി' എന്ന ചെറുമാസിക നടത്തുന്ന ഉദയനെ ഫോണില്‍ വിളിച്ചു ചോദിച്ചു‌:

"കുന്ന്, ചാവൊലിയായി മാറിയതെങ്ങനെയാണുദയാ?"

നെടുമങ്ങാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് ശാന്തമായി വീശുന്ന മറ്റൊരു കാറ്റുപോലെ ഉദയന്‍ പറഞ്ഞു:

"ഉത്തമണ്ണന്‍ എന്നെക്കൊണ്ട് ഒരുപാടു ഭാഗം വായിപ്പിച്ചിട്ടുണ്ട്. പക്ഷെ ചാവൊലിയായി മാറിയതെപ്പോഴെന്ന് എനിക്ക് ഓര്‍മ്മയില്ല."

രണ്ടാഴ്ചമുന്‍പ് നെടുമങ്ങാട് ടൌണിലെ ഒരു ട്യൂട്ടോറിയല്‍ തുറസ്സില്‍ ചാവൊലിയെക്കുറിച്ച് ഒരു സംവാദം സംഘടിപ്പിച്ചിരുന്നു; എഴുത്തും മണ്ണും പ്രാണനായി കരുതുന്ന നെടുമങ്ങാട്ടെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍. അര്‍ബുദം അവസാനരംഗമാടിക്കൊണ്ടിരുന്ന ഉടലുമായി ഉത്തമന്‍ വന്നു. മുന്നിലെ ബെഞ്ചു നീക്കി അവന്റെ കാലിന് താങ്ങുനല്‍കുന്നതിനിടയില്‍ ഞാന്‍ ആ കാലുകളില്‍ തൊട്ടു. അപ്പോള്‍ ഞങ്ങളിരുവരും ഏതോ പഴയ തമാശപറയുകയായിരുന്നതിനാല്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്തെന്ന് അവന്‍ കണ്ടുകാണില്ല. സ്വന്തം മണ്ണില്‍ ഉറപ്പിച്ച് ചവുട്ടി നടന്ന ആ കാലുകളുടെ ചൂട് ഞാന്‍ രഹസ്യമായി നെറ്റിയില്‍ ഒപ്പിയെടുത്തു. ഇനിയൊരിക്കല്‍ പറ്റിയെന്നു വരില്ല. ആര്‍.സി.സിയിലെ കവി ശാന്തന്‍ എന്നോട് പറഞ്ഞിരുന്നു, ഇനി അധികനാളുകളുണ്ടാവില്ലെന്ന്. രോഗവും റേഡിയേഷനും തളര്‍ത്തിയ ആ ഉടലിലിരുന്ന് ചാവൊലിയിലെ നീലമ്പിയും വെളുത്തയും കൊച്ചേമ്പിയും തേയിയുമെല്ലാം നൊമ്പലത്തോടെ, പക്ഷേ ഊറ്റത്തോടെ, ചിരിക്കുന്നത് ഞാന്‍ കണ്ടു.

ട്യൂട്ടോറിയലിലെ മരബഞ്ചിലിരിക്കുമ്പോള്‍ ഉദയന്‍ ‍എന്നോടു സൂചിപ്പിച്ചിരുന്നു, മാസങ്ങള്‍ക്കു മുമ്പ് നടന്ന ചാവൊലിയുടെ പ്രകാശനവേളയില്‍ പഴയ പക്ഷിക്കൂട്ടം സംഭവം തനിക്കുണ്ടാക്കിയ ധര്‍മ്മസങ്കടത്തെക്കുറിച്ച് ഉത്തമന്‍ ‍മനസ്സു തുറന്ന കാര്യം . നോവലിന്റെ ചില ഭാഗങ്ങള്‍ വായിക്കലും അതിലെ നെടുമങ്ങാടന്‍ വാമൊഴിച്ചൂരിനെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കെ എന്റെ ചിന്ത മുഴുവനും ഉദയന്‍ പറഞ്ഞ ആ ധര്‍മ്മസങ്കടത്തെക്കുറിച്ചായിരുന്നു. ശിവകുമാര്‍ സാറിന് ഞങ്ങളോടുള്ള അതൃപ്തി അവനിലേക്കും പടര്‍ന്നിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് തിരികെക്കിട്ടിയ ആ വലിയ സൌഹൃദം അവന് വീണ്ടെടുക്കാനാവും മുന്‍പ് ഞങ്ങളുടെ അധ്യാപകന്‍ കടന്നു പോയി. നെടുമങ്ങാട്ടെ ആ സ്നേഹസദസ്സിനു മുന്നില്‍ വെച്ച് ഞാന്‍ അവനോടു പറഞ്ഞു:

"നമ്മള്‍ ഉണ്ടാക്കിയ മുറിവുകള്‍ ഇന്നോര്‍ക്കുമ്പോള്‍ സ്നേഹംകൊണ്ട് നിറഞ്ഞതാണ് ഉത്തമാ.. നീ ക്ഷമിക്കണം"

അവന്‍ ഒരു കാരണവച്ചിരിയോടെ തലകുലുക്കി. എന്നിട്ട് എന്റെ പഴയ ശിവകുമാര്‍സ്മരണ ഓര്‍ത്തെടുത്തു.

"നീയന്ന് ദേശാഭിമാനിയിലെഴുതിയതെല്ലാം ഞാന്‍ വായിച്ചതല്ലേ"

അതായിരുന്നു ഞങ്ങളുടെ ഒടുവിലത്തെ കൂടിക്കാഴ്ച. ഒരു ടാറ്റാ സുമോയില്‍ കൂട്ടുകാര്‍ എടുത്തിരുത്തിയ അവന്‍, കുഞ്ഞുമക്കളോടും കൂട്ടുകാരിയോടും വിടര്‍ന്ന പഴയ ചിരിയോടുമൊപ്പം കൊടിപ്പുറത്തേക്കു മടങ്ങി; ഇന്നലെ മരണത്തിന്റെ നിത്യതയിലേക്കും.

ഉത്തമാ, ഇപ്പോള്‍ ഞാന്‍ സങ്കല്‍പ്പിക്കട്ടെ;
ജൂണിലെ മഴക്കൂരാപ്പിനു മേല്‍ കസേരയിട്ട് അഭിമുഖമിരിക്കുന്ന നിന്നെയും ശിവകുമാര്‍സാറിനെയും. നീ ചാവൊലി തുറന്ന് വായിക്കുന്നു.

വെളുത്ത ചെല്ല് മ്പം നെല്ലിനോട് കിണ്ണാണം ചൊല്ലണ്.
"ങ്ങള്, ആരോടാണപ്പാ തമതാരം?"
"ഈത്തുങ്ങളോട് "
"അയിന് കാതൊണ്ടാ കേപ്പാന്‍, നാവൊണ്ടാ ചൊല്ലാന്‍?"
"പുല്ലും പൂച്ചെടീം അതിന്റ തങ്കടം പറ്യേം. കിളീം കീടോം അതിന്റ വെസ്മം പറ്യേം. മ്മക്ക് കേപ്പാന്‍ കാതും അറ്യാന്‍ അലിയണ മനതും ബേണം."
"ങ്ങള് പറീം നെല്ലെന്തെരാണ് പറയണത്?"
നെഞ്ചീപ്പറ്റി നിക്കണ നെല്ലിന തടവി നീലമ്പി ചിരിച്ച്; മനത്തെളിച്ചത്തോട.
"അയിന് വയറ്റിലൊണ്ട്."
"അയിന് മാത്തറം?"
"അയിനും അയിനും അയിനും."
നെല്ലേള്‍ ചിരിച്ചു; അടക്കാന്‍ വയ്യാത.

നിങ്ങളിരുവരുടെയും നേര്‍മ്മയുള്ള കാലുകള്‍ക്കടിയില്‍നിന്ന്, കോള്‍കൊണ്ട കൂരാപ്പില്‍ നിന്ന് ഇക്കൊല്ലത്തെ പുതുമഴ തുടങ്ങുന്നു; കണ്ണീരായ് ചിരിച്ചൊഴുകുന്നു; താഴെ കിള്ളിയാറിന്റെ രണ്ടറ്റങ്ങളിലേക്കും- ഒന്ന് കൊടിപ്പുറത്തെ നിന്റെ വീടിനരികിലെ തെളിഞ്ഞ ആറ്. മറ്റൊന്ന് ഇപ്പോഴാരും താമസമില്ലാത്ത ശിവകുമാര്‍ സാറിന്റെ മരുതുങ്കുഴിയിലെ വീട്ടിനു പിന്നിലെ അഴുക്കുചാല്‍

അന്‍വര്‍ അലി (സമകാലിക മലയാളം 20.06.2008)

3 Comments:

    • At 4:18 AM, Blogger akberbooks said…

      അക്‌ബര്‍ ബുക്സിലേക്ക്‌
      നിങ്ങളുടെ രചനകളും
      അയക്കുക
      akberbooks@gmail.com
      mob:09846067301

       
    • At 5:52 AM, Blogger സജീവ് കടവനാട് said…

      ഉത്തമന് ആദരാഞ്ജലികള്‍!!

      അനുസ്മരണം ഹൃദയംകൊണ്ട് വായിച്ചു.


      തലക്കെട്ട് അന്‍‌വറലി എന്നെഴുതിയത് തെറ്റിദ്ധരിപ്പിക്കുന്നൂ. ‘കിള്ളിയാറിന്റെ മൂന്നാംകര- അന്‍‌‌വര്‍‌ അലി’ എന്ന് തലക്കെട്ടെഴുതുകയോ ലേഖനത്തിനൊടുവില്‍ ലേഖകന്റെ പേര് ചേര്‍ക്കുകയോ ചെയ്യുന്നതല്ലേ നല്ലത്. ലേഖകന്റെ പേരും വിഷയവും ലേബലായും കൊടുക്കാം.

      സജി.

       
    • At 6:23 AM, Blogger aneel kumar said…

      :(

       
    • Post a Comment


സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters