നെ ടു മ ങ്ങാ ട്

Thursday, March 27, 2008

ജീവന്റെ വിളുമ്പ്‌

ജീവന്റെ വിളുമ്പ്‌

പി. കെ. സുധി
ഡി.സി. ബുക്‌സ്‌ കോട്ടയം പ്രസിദ്ധീകരിച്ച പി.എ. ഉത്തമന്റെ ചാവൊലിയുടെ ആസ്വാദനം. നെടുമങ്ങാടിന്റെ പരിസരങ്ങളിലെ അദ്ധ്വാനിച്ച കുറവസമുദായത്തിന്റെ വികാസ ചരിത്രവുമാകുന്നു ഈ രചന. അന്യമായ പ്രാദേശിക ഭാഷാശേഖരണി കൂടിയാവുന്നു ഈ ആഖ്യായിക.

കാലചക്രഭ്രമണത്തില്‍ സംസ്‌കൃതികള്‍ അനവധിയാണ്‌ മണ്ണിലാണ്ടുപോയത്‌. മണ്ണിലും മനസ്സുകളിലും നവസാഹചര്യങ്ങളില്‍ നടക്കുന്ന ഉത്‌ഖനനങ്ങള്‍ അവയെ പിന്നെയും നമുക്കു മുന്നില്‍ എടുത്തു വയ്‌ക്കുന്നു. പി.എ. ഉത്തമന്‍ ഓര്‍മ്മകളില്‍ ചികഞ്ഞ്‌ ചികഞ്ഞ്‌ എടുത്ത ചാവൊലി എന്ന നോവല്‍, സാഹിത്യ കൃതിയെന്നതിനുപരിയായി ജനതയുടെ, ദേശത്തിന്റെ സാമൂഹ്യ ചരിത്രവാഹിയായി മാറുകയാണ്‌ ചെയ്യുന്നത്‌. ഒരു സമുദായത്തിന്റെ ചരിത്രവും സാമൂഹ്യചര്യകളും നൂലഴിച്ചു പരിശോധിക്കുന്നതിനാല്‍ സാമൂഹ്യശാസ്‌ത്രപരമായും ഈ രചന പ്രധാന്യമര്‍ഹിക്കുന്നു. നെടുമങ്ങാടിന്റെ ഭാഷാചരിത്രവും കൃഷിവിശേഷങ്ങളും ദേശവികാസപ്പെരുക്കങ്ങളും തെരയുമ്പോള്‍, ചാവൊലിയും അതിലെ വസ്‌തുകളും കുറച്ചല്ലാത്ത യാഥാര്‍ത്ഥ്യങ്ങളുടെ നേരൊപ്പ്‌ അനേ്വഷകര്‍ക്കു മുന്നില്‍ തെളിച്ചിടും. കാര്‍ഷികസംസ്‌കാരവും അനുബന്ധമായി നിലനിന്നിരുന്ന സാമൂഹ്യാവസ്ഥകളും കൈമോശം വന്ന മലയാളിക്ക്‌ മറഞ്ഞുപോയ തലമുറകളുടെ ജീവിതത്തെ കുറിക്കുന്ന നേരടയാളമായി ചാവൊലി എന്ന നോവല്‍ മാറുന്നു.

ദേശചരിത്രം മാത്രമാവുന്നില്ല.
നെടുമങ്ങാടിന്റെ മാത്രമായ ചിത്രമായി ഈ കൃതി ചെറുസ്ഥലിയില്‍ ചുരുങ്ങിയൊതുങ്ങുന്നില്ല. കുറവ സമുദായത്തില്‍ പ്രാദേശിക പ്രതേ്യകതകളുടെ കഥ പറയുന്ന ഒരു ദളിത്‌ കൃതിയായി അതു കള്ളിയൊതുക്കപ്പെടുന്നില്ല. മറിച്ച്‌ മണ്ണിനെ തോറ്റിയെടുക്കുകയും എന്നാലോ അതിന്റെ ഉടമാവകാശത്തെ കുറിച്ച്‌ ധാരണയില്ലാതെ പോകുകയും കാലാന്തരത്തില്‍ തെരുവോരത്തിലെത്തുകയും ചെയ്‌ത നാനാദേശങ്ങളിലെ മാനവരുടെ കഥ കൂടിയാണീ നോവല്‍. ആദിവാസികള്‍ മണ്ണിന്റ ഉടമാവകാശവും ഉറവയും തേടിയിറങ്ങുന്ന ഈ കാലത്ത്‌ ഉത്തമന്റെ `തേയി' എന്ന കഥാപാത്രം സമകാലിക കേരളചരിത്രത്തില്‍ അനേകായിരം പൊരുതുന്ന സ്‌ത്രീ പുരുഷ പടയാളികളെ ഓര്‍മ്മിപ്പിക്കുന്നു.
വിശേഷങ്ങള്‍
``ഒരു തുള്ളിവെള്ളമല്ല ഒരാറ്‌.... ഒരു തുള്ളിവെള്ളത്തില്‍ ഒരാറുണ്ട്‌‌''. നേര്‍പ്രകൃതിയെ കാണിച്ചു തരുന്ന കണ്ടെത്തലുകള്‍ വായനയില്‍ തെളിയുന്നു. പാണ്ടിക്ക്‌ കൂട്ടുപോണ ബാല്യകൗതുകം, മന്ത്രവാദപ്പെരുമകള്‍, ആത്തറ കൊടുതികള്‍, വെളിച്ചപ്പെട്ട്‌ ആകാശത്തോളം ഉയര്‍ന്നു പൊന്തുന്ന തുള്ളല്‍ക്കാര്‍, മുയലായും ചെന്നായായും തീപ്പന്തങ്ങളായും മറയുന്ന ദൈവവരവുകള്‍. നെടുമങ്ങാട്‌ ഓട്ടമഹോത്സവത്തിന്റെ പൊലിമ. നിറം മാറുന്ന ഫോക്‌ ചിത്രങ്ങളുടെ ശേഖരമാണ്‌ നുറ്റിയമ്പത്തി രണ്ടു പേജുകളില്‍ നീളുന്ന രചന.നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ ചെനപൊട്ടല്‍ ശബ്‌ദം ഇതിലെ വരികളില്‍ നമുക്ക്‌ കേള്‍ക്കാനാവുന്നു. മണ്ണിന്റെ ഉരുവമെടുക്കലില്‍, നീലമ്പിയുടെ വെളുത്തയുടെ ദാമ്പത്ത്യത്തില്‍, അവര്‍ ജന്മിമാര്‍ക്കായി മണ്ണില്‍ നട്ടുവളര്‍ത്തിയ നടീല്‍ ഇനങ്ങളിലൂടെ പ്രകൃതിയിലേയ്‌ക്ക്‌ പകരുന്ന അനാദിയായ സ്‌നേഹ ഈണങ്ങളുടെ നിനാദമാണീ സൃഷ്‌ടിയുടെ ആദ്യഭാഗമായ `മണ്ണിലാണ്ടമരങ്ങളായ്‌' പറയുന്നത്‌. പോരടിക്കാന്‍ ത്രാണിയില്ലാതെ അവര്‍ നട്ടുനനച്ച മണ്ണില്‍ നിന്നും നിരന്തരം അടര്‍ന്നു മാറിക്കൊണ്ടിരുന്നു. തൊഴിലടങ്ങളിലെ ആശ്വാസം തിര്യക്കുകളില്‍, പാട്ടുകളില്‍, കലയില്‍ അവര്‍ തെരഞ്ഞു. അവരുടെ കാര്‍ഷിക ഉത്‌പന്നങ്ങളും മണ്ണും ജീവനും മാനവും കലയും കവര്‍ന്നെടുത്ത്‌ കുറച്ചു കൂടി വിശപ്പും അവഗണനയും പകര്‍ന്ന്‌ ജന്മിമാര്‍ മണ്ണില്‍ പകര്‍ന്ന വിയര്‍പ്പിന്‌ പകരം വീട്ടി. സാമൂഹ്യപുരോഗതിയുടെ ഓരോ പടിക്കെട്ടുകളില്‍ നിന്നും അവരെ മുന്നോക്ക വിഭാഗം ചവിട്ടിയകറ്റി.

മണ്ണില്‍, നാനാതരം തൊഴിലിടങ്ങളില്‍, താമസസ്ഥലത്ത്‌, കലകളില്‍, വിശ്വാസങ്ങളില്‍, കൈപ്പാടു പതിഞ്ഞ എല്ലായിടങ്ങളില്‍ നിന്നും വര്‍ണ്ണ്യശ്രേണിയിലെ താഴേത്തട്ടിലെ ജനതയെ ആട്ടിയോടിക്കുന്നതിന്റെ വേദനാജനകമായ ചിത്രമാണ്‌ നോവലിന്റെ `അമരവാഴ്‌വുകളിങ്ങനെ' എന്ന രണ്ടാം ഭാഗത്തില്‍ വരഞ്ഞിടുന്നത്‌. എഴുത്തുകാരന്‍ രഘൂത്തമനായി പ്രത്യക്ഷനാകുന്ന രചനാതന്ത്രം ഇവിടെ പ്രകടമാകുന്നു.

പ്രാകൃതന്റെ ചരിത്രം വിവരിക്കാന്‍ ഈ ഭൂമിയില്‍ ഒരു `കുഞ്ഞിരാമന്‍' മതിയാവുന്നില്ല. അതിന്‌ അനേകം അദൃശ്യരായ കുഞ്ഞിരാമന്മാരും, കഷ്‌ണന്‍ വാദ്ധ്യാന്മാരും സാമുവല്‍ സുബ്രഹ്മണ്യന്മാരും ആവശ്യമാണെന്ന കാര്യവും ഉത്തമന്‍ നോവലില്‍ എടുത്തുകാട്ടുന്നു. ഈ കഥാപാത്രങ്ങള്‍ അലമുറയിടുന്നത്‌ സ്വസമുദായത്തിന്റെ ഇനിയും ഫലവത്താകാത്ത വിമോചനസമര ചരിത്രമാണ്‌. അതില്‍ അയ്യന്‍കാളി. പെരിനാടു സമരം. മുടി മുറിക്കല്‍, ചിരട്ട ചായപാത്രത്തിനെതിരെയുള്ള സമരങ്ങള്‍ എന്നിവയെല്ലാം സാക്ഷ്യമാകുന്നു.

ഫോക്‌ സാന്നിധ്യം പദസൂചി
വ്യക്തിമഹിമാധിഷ്‌ടിതമായ കഥയല്ല എന്നതിനുപരി ഗോത്രചരിത്രാംശങ്ങള്‍ പേറിയ ഈ നോവലിന്‌ മറ്റൊരു തലമാണുള്ളത്‌. കാട്ടുമണ്ണിന്റെ വികാസചരിത്രം അത്‌ കാട്ടിത്തരുന്നു. അതിനൊപ്പം നിലയറ്റവന്‍ മാനസിക പോഷണത്തിന്‌ ഉരുവം കൊടുത്ത കാക്കാരശ്ശി, നാടന്‍ പാട്ടുകള്‍, നാടന്‍ കഥകള്‍. ഇവയുടെ നിക്ഷേപങ്ങളും ചാവൊലിക്ക്‌ പൊലിമയേറ്റുന്നു. നെടുമങ്ങാടിന്റെ ഭാഷയെന്നതിനുപരി ജാതിമതഭേദമില്ലാത്ത ജനത ഉപയോഗിച്ചിരുന്ന ഭാഷായുടെ, അവരുടെ അസംബന്ധപ്പാട്ടുകളുടെ, കഥകളുടെ രേഖാസംസ്‌കരണവുമായി കൃതി മാറുന്നു. നാടോടി വിജ്ഞാനീയ പഠനങ്ങള്‍ക്ക്‌ ഒഴിവാക്കാനാവാത്ത പാഠമാണ്‌ ചാവൊലി.

നോവല്‍ പ്രസാധനത്തില്‍ മറ്റൊരു പുതുമയായാണ്‌ ഈ കൃതിയിലെ നാട്ടുമൊഴിക്കൂട്ടം എന്ന പദസൂചി. നോവല്‍ കൈകാര്യം ചെയ്യുന്ന നാടന്‍ പദങ്ങളുടെ അര്‍ത്ഥശേഖരമാണിത്‌. വായനയെ സുഗമാക്കുന്നതിന്‌ അതാതുപേജുകളിലും നാട്ടുമൊഴികള്‍ വിശദീകരിച്ചിരിക്കുന്നു.

ഒരുപാടു ആഖ്യാതാക്കളിലൂടെയാണ്‌ നോവല്‍ സഞ്ചരിക്കുന്നത്‌ എന്നത്‌ ഇതിന്റെ രചനാ പ്രതേ്യകതയാണ്‌. അനവധി നാവുകളിലൂടെ, രഘൂത്തമന്റെ ഡയറി കുറിപ്പിലൂടെ കടന്നു വരുന്ന അനുഭവങ്ങള്‍, കേട്ടുകേഴ്‌വികള്‍, ചരിത്രവസ്‌തു സഞ്ചയമായ അഖ്യാനത്തിലൂടെ രണ്ടു നൂറ്റാണ്ടുകളുടെ ദേശചരിത്രം അനാവൃതമാകുന്നു. അഞ്ചു തലമുറകളുടെ ജീവിതം വൈവിധ്യപൂര്‍ണ്ണമായ തൊഴിലിടങ്ങളുടെ നേരുമായി നമുക്കു മുന്നില്‍ വന്നുനില്‍ക്കുന്നു.

കഥാപാത്രങ്ങള്‍
കൊച്ചേമ്പിയില്‍ തുടങ്ങി വെളുത്തമുത്തി, തേയി ആദിച്ചന്‍ എന്നിവരിലൂടെ നീളുന്ന സുപ്രധനാന കഥാപാത്രശ്രേണി. ചക്കിമുത്തി വെളുമ്പന്‍ ദമ്പതികളില്‍ തുടങ്ങി കുഞ്ഞിരാമനില്‍ അവസാനിക്കുന്ന മറ്റൊരു താവഴി പുരാണം. തേയി നീലമ്പിമാരില്‍ തുടങ്ങി രഘൂത്തമനില്‍ എത്തിനില്‍ക്കുന്ന കാഥാപാത്രങ്ങളുടെ അടുത്ത നിര. കൃഷി, മീന്‍ പിടുത്തം, വൈദ്യം, മന്ത്രവാദം, കാക്കാരിശ്ശി, സര്‍ക്കാരുദേ്യാഗം, എഴുത്ത്‌ അവര്‍ നാനാതരം തൊഴിലിടങ്ങളില്‍ സ്വസ്‌ഥതയ്‌ക്കായി അലയുന്നു. കഥാപാത്രങ്ങള്‍ പേറുന്നത്‌ നൊമ്പരങ്ങള്‍ മാത്രം. ആധുനിക സമൂഹം ഒരുക്കിക്കൊടുത്ത കോളനി ഇടവും ആഗോളീകരണത്താല്‍ അവരില്‍ നിന്നും വൈകാതെ പറിച്ചു മാറ്റപ്പെടുമെന്ന കാലിക അവസ്ഥയും ഈ കൃതി ഉള്‍ക്കൊള്ളുന്നു.

സഹനം ശരീരഭാഗമാക്കിയ സമുദായം. എന്നാലോ ചില കഥാപാത്രങ്ങള്‍ എതിര്‍പ്പിന്റെ തീപ്പന്തങ്ങള്‍ കൊളുത്തി മേലാളര്‍ക്ക്‌ നേരെ എറിയുന്നു. നീലമ്പിയുടേയും വെളുത്ത മുത്തിയുടെയും മകനായ ആദിച്ചന്‍ വൈദ്യനും വെളുത്ത മുത്തിയുടെ മകളായ തേയിയും രൂക്ഷമായ എതിര്‍പ്പടയാളമായി മാറുന്നു. തേയിയുടെ മകനായ പെരുമാളും ഇതേ വെല്ലുവിളി മണ്ണധികാരികള്‍ക്ക്‌ നേരെ ഉയര്‍ത്തുന്നു. രാഷ്‌ട്രീയാധികാരവും രാജ്യത്തിന്റെ സ്വാതന്ത്ര്യവും കൃഷ്‌ണന്‍ വാദ്ധ്യാര്‍ മുണ്ടു മാറ്റി കാണിക്കുന്ന `കുരിച്ചിക്കട്ട`യായി ചുരുങ്ങുകയാണ്‌ കുറവ ജനതയില്‍.

കാലത്തിന്റ ക്രമപ്രകാരമുള്ള കഥാ വികാസത്തിനെ അപ്പാടെ തകിടം മറിക്കുന്നതാണ്‌ ഇതിലെ രചനാ രീതി. ഭൂത വര്‍ത്തമാന കാലങ്ങള്‍ ആഖ്യാനത്തില്‍ കെട്ടുപിണഞ്ഞു വരുന്നു. സത്യവും മിഥ്യയുമായി കഥാപാത്രങ്ങള്‍ ജീവിതത്തില്‍ അലയുന്നതിന്റെ നേര്‍ചിത്രങ്ങള്‍.

``ദളിത്‌ നോവല്‍ എന്ന സാഹിത്യസൗജന്യം ചാവൊലിക്ക്‌ ആവശ്യമില്ലെ''ന്ന്‌ ഇതിന്റെ അവതാരികയില്‍ പി.കെ. രാജശേഖരന്‍ വ്യക്തമാക്കുന്നത്‌ തീര്‍ത്തും ശരിയെന്നു പറയുന്ന വായനാനുഭവം ഈ കൃതി നല്‍കുന്നു. സാഹിത്യചരിത്രകാരന്മാര്‍ക്ക്‌ എളുപ്പത്തില്‍ പതിപ്പിക്കാവുന്ന ലേബലുകള്‍ക്ക്‌ അപ്പുറത്താണ്‌ ഈ ആഖ്യാനത്തിന്റെ ഇടം.

എങ്കിലും അധികാരമില്ലായ്‌മ, അടിമത്തം എന്നീ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ നിലവിളികളുടെ നേര്‍സാക്ഷ്യമായായതിനാല്‍ ചാവൊലിയെ ദളിത്‌ സാഹിത്യകൃതിയായി മാത്രം എളുപ്പത്തില്‍ മുദ്ര കുത്തപ്പെടാന്‍ സാധ്യതയുണ്ട്‌.

സൂക്ഷ്‌മത പൊലിക്കുന്ന ഭാഷാംശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനമൊരുക്കുന്ന കരുത്തുറ്റ വായനക്കാരനു മുന്നില്‍ ചാവൊലി പുതിയൊരു ആസ്വാദനലോകമാണ്‌ തുറന്നിടുന്നത്‌.__________
പി എ ഉത്തമന്‍
----------------

2 Comments:

  • At 6:50 AM, Blogger അനില്‍_ANIL said…

   വളരെ നന്ദി.
   ഡിസംബറില്‍ പുസ്തകപ്രകാശനത്തെക്കുറിച്ച് അറിഞ്ഞതു മുതല്‍ ഉത്തമന്‍/ചാവൊലി സെര്‍ച്ചിങ് ഒരു പതിവായിരുന്നു; ഒരു റിസള്‍റ്റും കിട്ടിയില്ല.

   പ്രിയപ്പെട്ട കൂട്ടുകാരന്‍ കയ്യെത്തിപ്പിടിച്ച നേട്ടങ്ങളില്‍ സന്തോഷം.
   പ്രാര്‍ഥനകളോടെ.

    
  • At 11:22 AM, Blogger kumar © said…

   ജീവന്റെ വിളുമ്പില്‍ നിന്നും കാല്‍ തെറ്റിവീണുപോയ ഉത്തമയണ്ണനു ആദരാഞ്ജലികള്‍. മരണശേഷം മാത്രമേ പുസ്തകം വായിക്കാനായുള്ളു എന്നത് ഒരു സ്വകാര്യമായ വേദനയാകുന്നു.

    
  • Post a Comment


സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters