നെ ടു മ ങ്ങാ ട്

Friday, November 23, 2007

എം. സെബാസ്റ്റ്യന്‍ ആരായിരുന്നു
ഉത്തരംകോട്‌ ശശി


എം. സെബാസ്റ്റ്യന്‍ ആരായിരുന്നു എന്ന നാളെയുടെ ചോദ്യത്തിനുള്ള ഒരു ഉത്തരമാണ്‌ ഈ അക്ഷര സാക്ഷ്യം.
ഓരോ ജന്മത്തിനും നിയോഗമുണ്ട്‌. നെടുമങ്ങാടു താലൂക്കില്‍ ഇരിഞ്ചയത്തു ജനിച്ച സെബാസ്റ്റ്യന്റെ നിയോഗം നാടും കാടും നടന്നു കാണാനും അതു രേഖപ്പെടുത്താനുമുള്ളതായിരുന്നു. വിദ്യാഭ്യാസ കാലം മുതല്‍ കൂട്ടായ്‌മയുടെ ഭിന്ന തട്ടകങ്ങളില്‍ മാറി മാറി കളിച്ചു വളര്‍ന്ന ഒരാളായിരുന്നു സെബാസ്റ്റ്യന്‍. കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പാട്ടും നാടകവും കവിതയുമായി കലോപാസനയില്‍ മുഴുകിയിരുന്നു.
ഇരിഞ്ചയം യുണൈറ്റഡ്‌ ലൈബ്രറിയിലെ വായനയും പഠനവും മൂത്ത്‌ സംഘാടകനായി. സെക്രട്ടറിയെന്ന പദവിയിലേക്കെത്തി. സെമിനാറുകള്‍, കവിയരങ്ങുകള്‍, കൈയെഴുത്തു മാസികാ പ്രകാശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ ഒരു സാംസ്‌കാരിക കേന്ദ്രമാക്കുന്നതില്‍ വിജയിച്ചു. ഗ്രന്ഥശാല വിപുലീകരിച്ചതും പുതിയ പ്രവര്‍ത്തനങ്ങളിലൂടെ സാംസ്‌കാരിക രക്തപ്രസാദം ആര്‍ജ്ജിച്ചതും സെബാസ്റ്റ്യന്റെ കാലത്താണ്‌.
ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സഹയാത്രികനായി മാറിയതോടെ ഉള്ളിലെ സ്വപ്‌നങ്ങള്‍ പലതും സാക്ഷാത്‌കരിക്കാനുള്ള വേദികള്‍ ലഭിച്ചു. അതില്‍ സെബാസ്റ്റ്യന്‌ ഏറ്റവും ഹൃദ്യമായി തോന്നിയത്‌ കുട്ടികളുമൊത്തുള്ള കലാപ്രവര്‍ത്തനങ്ങളായിരുന്നു. പരിഷത്ത്‌ ധാരാളം സുഹൃത്തുക്കളെ സമ്മാനിച്ചു. ശാസ്‌ത്രീയ വിഷയങ്ങളെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇരിഞ്ചയത്തിന്‌ പുറത്തേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വഴിയൊരുക്കിയതും പരിഷത്തായിരുന്നു.
ഇടതുപക്ഷ തീവ്രവാദവും ആദര്‍ശപ്രേമവും സാമൂഹിക പ്രശ്‌നങ്ങളിലേയ്‌ക്ക്‌ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ സഹായിച്ചു. ലിറ്റില്‍ മാഗസിനുകളുടെയും പുതു മുദ്രാവാക്യങ്ങളുടെയും അക്കാലത്ത്‌ സൂര്യന്‍ എന്ന മാസിക പ്രസിദ്ധീകരിക്കാനും പ്രസംഗിക്കാനും കവിത ചൊല്ലാനുമുള്ള ഇടങ്ങള്‍ സെബാസ്റ്റ്യന്‍ കണ്ടെത്തി. ഇരിഞ്ചയം സെബാസ്റ്റ്യന്‍ എന്ന പേര്‌ യുവാക്കള്‍ക്കിടയില്‍ സുപരിചിതമായി. പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടപ്പോള്‍ എതിരായി വന്ന ആഗ്നേയാസ്‌ത്രങ്ങളെ രാഷ്‌ട്രീയമെന്ന വരുണാസ്‌ത്രം കൊണ്ടു പ്രതിരോധിച്ചു. മദ്യനിരോധന സമിതിയിലും യുക്തിവാദി സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ആഹ്ലാദവാനായിരുന്നു സെബാസ്റ്റ്യന്‍.
കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറായിരുന്നപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭംഗം വരുത്തിയിരുന്നില്ല. കാക്കാരിശ്ശി നാടകം കാണാനും പഠിക്കാനും അയല്‍ക്കാരനായ ശ്രീധരനാശാന്റെ സാന്നിധ്യം സെബാസ്റ്റ്യനെ സഹായിച്ചിട്ടുണ്ട്‌. ബ്യൂറോ ഓഫ്‌ ഇക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നപ്പോഴും നാടിനേയും നാട്ടാരേയും അറിയാന്‍ അദ്ദേഹം മറന്നില്ല.]
പുരോഹിതന്റെ മകനായ സെബാസ്റ്റ്യന്‍ അന്യമതക്കാരിയെ വിവാഹം കഴിച്ചപ്പോഴും ജാതിമതാദി സൂചനകള്‍ക്കപ്പുറം നില്‍ക്കുന്ന പേരുകള്‍ മക്കള്‍ക്ക്‌ നല്‍കിയതിലും താന്‍ ജീവിച്ച കാലഘട്ടത്തിന്റെ സ്വപ്‌നം കൂടി ഉള്‍ചേര്‍ക്കാന്‍ അദ്ദേഹം വിട്ടുപോയില്ല. സാമ്പത്തിക പ്രതിസന്ധികളേയും ശാരീരികാസ്വാസ്ഥ്യത്തേയും വിഗണിച്ചു കൊണ്ട്‌ കര്‍മ്മപഥത്തില്‍ അലയാന്‍ വിധിക്കപ്പെട്ടതായിരുന്നു ആ മനസ്സ്‌.
കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലേയ്‌ക്ക്‌ നയിച്ച മഹായജ്ഞത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ്‌ സെബാസ്റ്റ്യന്‍ തന്റെ യഥാര്‍ത്ഥ തട്ടകത്തില്‍ എത്തിപ്പെട്ടത്‌. ഡപ്യൂട്ടേഷനില്‍ ട്രൈബല്‍ ലിറ്ററസി സ്റ്റേറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ആയതോടെ ഗോത്രസംസ്‌കൃതിയില്‍ ആകൃഷ്‌ടനായി. പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന എല്ലാ ഗിരിവര്‍ഗ്ഗങ്ങളുമായി സമ്പര്‍ക്കപ്പെടാനും അവരുടെ അകവും പുറവും നേരിട്ടു കാണാനും അനുഭവിക്കാനും ലഭിച്ച അവസരം മറ്റുള്ളവര്‍ക്കു കൂടി പ്രയോജകിഭവിക്കത്തക്ക വിധം മാറ്റിത്തീര്‍ക്കാന്‍ സെബാസ്റ്റ്യന്‌ കഴിഞ്ഞെന്ന്‌ പില്‍ക്കാല ജീവിതം തെളിയിക്കുന്നു. ബഹുവിഷയ നിഷ്‌ഠമായ ഫോക്‌ലോറിന്റെ ഒരു പ്രധാന കൈവഴിയായ ട്രൈബല്‍ ലോറി(കാട്ടറിവ്‌)ന്റെ താത്വികവും പ്രായോഗികവുമായ വശങ്ങളെപ്പറ്റി പഠിക്കാന്‍ വിശാലമായ കവാടം തുറന്നു കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു അത്‌.
നേരത്തേ തന്നെ കാണിക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അനേ്വഷണം അട്ടപ്പാടിയിലേയും വയനാട്ടിലേയും ഇടുക്കിയിലേയും ആദിവാസിജീവിതങ്ങള്‍ ചുറ്റിപ്പടര്‍ന്നു വളര്‍ന്നു. കാടിന്റേയും കാട്ടുവാസികളുടേയും സ്‌പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ പോന്ന ആര്‍ദ്രമായൊരു ഹൃദയമുണ്ടായിരുന്നു സെബാസ്റ്റ്യന്‌. കിര്‍ത്താര്‍ഡ്‌സ്‌ എന്ന സ്ഥാപനവുമായുള്ള ബന്ധവും കേരളത്തിലെ ഫോക്‌ലോര്‍ സംഘടനകളും പ്രവര്‍ത്തകരുമായുള്ള ചങ്ങാത്തവും തന്റെ താല്‌പര്യത്തെ ആളിക്കത്തിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍ ഇരുന്നപ്പോള്‍ കിട്ടിയ ഉള്‍ക്കാഴ്‌ചകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമമായിരുന്നു പിന്നങ്ങോട്ട്‌. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും സാംസ്‌കാരികാവശിഷ്‌ടങ്ങള്‍ നമ്മുടെ വനങ്ങളിലുണ്ടോയെന്ന അനേ്വഷണം വരെ അത്‌ ആഴ്‌ന്നിറങ്ങി. ശ്രീബുദ്ധനെക്കുറിച്ച്‌ ചിലതു കുറിക്കുകയും ചെയ്‌തു.
ഗവേഷകനെന്നതിനേക്കാള്‍ ട്രൈബല്‍ലോറിന്റെ സമ്പാദകനായിരുന്നു സെബാസ്റ്റ്യന്‍. നിരവധി `ചാരുകസേര ഗവേഷകന്മാര്‍ക്ക്‌' ആ വസ്‌തുക്കള്‍ ഉപകരിച്ചിട്ടുണ്ട്‌. ദ്രവീഡിയന്‍ എന്‍സൈക്ലോപിഡിയ പോലും അദ്ദേഹത്തെ ഉപജീവിച്ചിട്ടുണ്ട്‌.
കെ.പാനൂര്‍ കഴിഞ്ഞാല്‍ ആദിവാസികളുടെ ആത്മാവു കണ്ടറിയാന്‍ ഇത്രത്തോളം ആത്മാര്‍ത്ഥത കാണിച്ച ഒരാള്‍ നമുക്കിടയിലില്ല. `ആദികല' എന്ന സംഘടന രൂപീകരിച്ച്‌ പുതിയ തലമുറയിലേയ്‌ക്ക്‌ ഫോക്‌ലോറിന്റെ സന്ദേശമെത്തിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഗോത്രവര്‍ഗ്ഗത്തിന്റെ പാട്ടുകളും കഥകളും മാത്രമല്ല, അവരുടെ ഭൗതികസംസ്‌കാരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങളും സെബാസ്റ്റ്യന്റെ ശേഖരണത്തില്‍പ്പെടുന്നു.
ആദിവാസികളുടെ കലാപ്രകടനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിലുള്ള സംരംഭങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു. ആദിവാസി സാക്ഷരതയുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ `ഗോത്രസ്‌മൃതി`യെന്ന പ്രസിദ്ധീകരണം വലിയ കൂട്ടായ്‌മയുടെ ചരിത്രരേഖയാണ്‌. ഇതിന്റെ കടിഞ്ഞാണ്‍ പിടിച്ചവരില്‍ പ്രമുഖന്‍ സെബാസ്റ്റ്യനായിരുന്നു. കാണിക്കാരുടെ `സൂത്രലിപി'യായ വള്ളിമുടിച്ചിലിന്‌ പുറംലോകത്തില്‍ പ്രചാരം നല്‍കിയതും കാണിക്കാര്‍ക്ക്‌ മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവ്‌ തുല്യം ചാര്‍ത്തിക്കൊടുത്ത ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതും അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്‌.
ഫോക്‌ലോറുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ ഏതാണ്ട്‌ എല്ലാ സംഘടനകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം താന്‍ ശേഖരിച്ച അമൂല്യമായ ഗോത്രയറിവുകളെയെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിയാതെയാണ്‌ കടന്നുപോയത്‌. പറഞ്ഞാല്‍ തീരാത്ത വനാനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹം ബാക്കി വച്ചു.
കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥ ദീര്‍ഘം
മാലേറെയെങ്കിലുമതീവമനോഭിരാമമായിരുന്നു ആ ജീവിതം.
ജ്‌ഞാനത്തിലും കര്‍മ്മത്തിലും ദീപ്‌തി ചൊരിഞ്ഞു പരിലസിച്ച സെബാസ്റ്റ്യന്‍ ഒരപൂര്‍ണ്ണ കാവ്യമാണ്‌- വരും തലമുറകള്‍ക്ക്‌ പൂര്‍ത്തിയാക്കാനുള്ള കാവ്യം.

2 Comments:

  • At 11:09 PM, Blogger അനില്‍_ANIL said…

   സെബാസ്റ്റ്യന്‍ സാറിനെപ്പറ്റി അറിയാതിരുന്ന കാര്യങ്ങള്‍ കൂടി പറഞ്ഞു തന്നതിനു നന്ദി.
   ഇരിഞ്ചയം രവിസാറിനെപ്പറ്റിയും എഴുതാമോ?

    
  • At 10:12 AM, Blogger വേണു venu said…

   പലതും മനസ്സിലാക്കുന്നു. അറിയാത്ത പല അറിവുകള്‍ക്കും നന്ദി. തുടരുക.:)

    
  • Post a Comment


സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters