പി.കെ.സുധി
ദേശ സംസ്കാര ഭൂപടങ്ങളില്‍ ചിലര്‍ വരഞ്ഞിടുന്നത് ഒറ്റയടിപ്പാതകളാണ്.
നെടുമങ്ങാടിന്റെ സാംസ്‌കാരികതയില്‍ നിന്നും തുടങ്ങുന്ന ശ്രീ. ഇരിഞ്ചയം സെബാസ്റ്റ്യന്റെ ഇത്തരത്തിലുള്ള വഴിത്താരാ പദ്ധതികള്‍ കേരളത്തിന്റെ നാനാഭാഗത്തേയ്‌ക്കും നീണ്ടിരുന്നു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ രാഷ്‌ട്രീയം, ശാസ്‌ത്രസാഹിത്യ പരിഷത്ത്, യുക്തിവാദി സംഘം, ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി, ആദികല (നാടന്‍ കലാപഠന കേന്ദ്രം) ആദിവാസി സാക്ഷരത, ആദിവാസി ഗവേഷണം, എഴുത്ത്, പുസ്‌തകങ്ങള്‍- കാണിക്കാരുടെ ലോകം, മുറം കിലുക്കിപ്പാട്ട്, സഞ്ചരിക്കുന്ന പാഠശാല- പിന്നെ അസംഖ്യം ഗവേഷണ പരിപാടികള്‍. സെബാസ്റ്റ്യന്റെ നിര്‍മ്മിതികള്‍ അത്തരത്തിലുള്ളതാണ്.
"ഞങ്ങളുടെ സെബാസ്റ്റ്യന്‍ സാറിന്റെ കല്ല്യാണം ഇന്നായിരുന്നു. ടൗഹാളില്‍ ചടങ്ങുകളൊന്നുമില്ലാതെ അവര്‍ മാലയി്‌ട്ടു. ഞങ്ങള്‍ക്ക് നാരങ്ങ വെള്ളവും ബിസ്‌ക്കറ്റും കിട്ടി''. അടുത്ത വീട്ടിലെ ചേച്ചി അവരുടെ അദ്ധ്യാപകന്റെ വിവാഹ വാര്‍ത്ത വിവരിച്ചത് ഒരു പ്രീഡിഗ്രിക്കാരന്റെ കല്ല്യാണ സങ്കല്‌പങ്ങളെ പുതുക്കി. (എണ്‍പതുകളില്‍).
"ഞാന്‍ നെടുമങ്ങാട് ഡിപ്പോയില്‍ കണ്ടക്‌ടറായിരുന്നപ്പോള്‍ സെബാസ്റ്റ്യന്‍ കൂടെ ജോലിചെയ്‌തിരുന്നു... ശരീരത്തിലും തീവ്രാദ രാഷ്‌ട്രീയ മുദ്രകള്‍ പേറുന്ന പരിചയക്കാരന്റ സ്‌നേഹിതന്‍ പറഞ്ഞത് ആ വ്യക്തിത്വത്തിന്റെ മറ്റൊരു അറയില്‍ നോക്കിയായിരുന്നു. (ചെങ്ങന്നൂരില്‍ ഒരു മരണാനന്തര ചടങ്ങ്. 17.2.1999)
അങ്ങനെ ആ വെള്ളമുണ്ടും ഷര്‍ട്ടുംകാരന്‍ തിരക്കുള്ള വീഥികളില്‍ നിന്നും മനസ്സിലേയ്‌ക്ക് കുടിയേറിയത് രണ്ടായിരങ്ങളിലായിരുന്നു.-തന്റെ വീട്ടുപറമ്പിലെ സസ്യവൈവിധ്യം, നാനാ ജാതി കൈതച്ചക്കകള്‍ അവയെ കൈചൂണ്ടി കാണിക്കാനും. മക്കളായ കബനി. വൃന്ദ എന്നിവരിലേയ്‌ക്ക് സൗഹൃദം നീളാനും എന്തിന് അദ്ദേഹത്തിന്റെ രക്ത ധമനികളിലൂടെ സഞ്ചരിക്കാനും പാകത്തില്‍ ഹൃദ്‌ബന്ധം വളരുകയായിരുന്നു.
ഇതൊരു ചുറ്റു പ്രക്രിയയായിരുന്നു. ഒന്നല്ല. നൂറു കണക്കിന് മനസ്സുകളിലെ സാംസ്‌കാരിക നിര്‍മ്മിതിക്ക് ശ്രീ. സെബാസ്റ്റ്യന്‍ നിമിത്തമായി.
"എം.എ. സോഷിയോളജി പാസ്സായത് ഞാന്‍ അടുത്തയിടെയാണ്. സ്റ്റാറ്റിസ്റ്റിക്‌സ്. ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്നുമൊരു ചാട്ടം. ഇനിയും പഠിക്കണമെന്നുണ്ട്.'' പുസ്‌തകങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയാകാത്ത നിരവധി എഴുത്തു പദ്ധതികള്‍ക്കിടയില്‍ ഇരുന്ന് അദ്ദേഹം പറഞ്ഞത് രോഗം കലശല്‍ കൂട്ടിയിരുന്ന രണ്ടായിരത്തി ആറിലെ ഒരു ദിവസം.
22.11.2006 ല്‍ അദ്ദേഹം അന്തമില്ലാത്ത പൊരിമണ്ണിലേയ്‌ക്ക് മറഞ്ഞു.
ഒരിക്കല്‍: നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല'
(പ്രസിദ്ധീകരണം. അ. പഴകുറ്റി. 695 561) എന്ന സെബാസ്റ്റ്യന്‍ സ്‌മരണികാ പ്രവര്‍ത്തനത്തിന്നിടയില്‍ ഗദ്ദിക കലാകാരന്‍ ശ്രീ. പി. കെ. കാളനെ സ്‌മരണികയ്‌ക്കു വേണ്ടി പകര്‍ത്താനിരുന്നതും അപ്രതീക്ഷിതം അദ്ദേഹം മറഞ്ഞതും മലയാള മാധ്യമങ്ങള്‍ ആ അദിവാസി മരണത്തേയും അവഗണിച്ചതും മറ്റൊരു നൊമ്പരമായി. (നവംബര്‍ 2007).
2007 നവംബര്‍ 22നെടുമങ്ങാട്ട് സെബാസ്റ്റ്യന്‍ അനുസ്‌മരണം നടന്നു. ശ്രീ. ഗംഗാധരന്റെ അധ്യക്ഷത. ഡോ. ഭരതന്റെ (മാഹി കോളേജ്) അനുസ്‌മരണ പ്രഭാഷണം. ഒരിക്കല്‍ എന്ന സ്‌മരണിക കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശിപ്പിച്ചു. കബനിയും വൃന്ദയും അതേറ്റു വാങ്ങി. നെടുമങ്ങാട് സ്വാതന്ത്ര സമര ശതവാര്‍ഷിക ഗ്രന്ഥശാലയിലേയ്‌ക്ക് സെബാസ്റ്റ്യന്‍ കുടുംബം സമര്‍പ്പിച്ച ഫോക്‌ലോര്‍ ഗ്രന്ഥശേഖരം ലൈബ്രേറിയന്‍ ശ്രീ. ശ്രീകുമാര്‍ കൈപ്പറ്റി."
ഇരിഞ്ചയത്തെ സെബാസ്റ്റ്യന്‍ സാറിന്റെ തിരിച്ചുപോക്ക് അറിഞ്ഞത് ഇപ്പോള്‍ ഇതിലൂടെയാണ്. നാടുവിട്ടാല്‍ നാടിനെ കുറിച്ചുള്ളതൊക്കെ പിന്നെ അറിവുകളാണ്.
ഇരിഞ്ചയം സെബാസ്റ്റ്യനും നടരാജന്‍ ബോണക്കാടും ഒക്കെ പെട്ടന്ന് മനസിലൂടെ പാളി പോയി.
സുധീ, കണ്ടതില്‍ സന്തോഷം. ഒരു നാട്ടുകാരന്റെ ബ്ബ്ലോഗ് കണ്ടതിലുള്ള സന്തോഷം.
ഞാനും പഴകുറ്റിയിലെ 695561 പിന്‍കോട് കാരന്‍ തന്നെ. സൈബര്‍-മൊബൈല്‍ വേള്‍ഡില്‍ അക്കങ്ങള്‍ മറന്നു പോകുമ്പോഴും ഇപ്പോഴും ഹരിശ്രീപോലെ കറുത്തു തടിച്ച് വായ്മൊഴിയുടെ താളത്തോടെ മനസില്‍ കിടക്കുന്ന അക്കങ്ങളാണ് “ആറെ ഒമ്പതെ അഞ്ചേ അഞ്ചേ ആറെഒന്ന്”.
വീണ്ടും കാണം.
സമയം കിട്ടുമ്പോള്‍ വരുക, നെടുമങ്ങാടീയം