നെ ടു മ ങ്ങാ ട്

Thursday, June 14, 2012

വേനല്‍മഴ

        വിവാദങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത്‌ പാഠപുസ്‌തക നവീകരണമുള്‍പ്പെടെ പദ്ധതികള്‍ നിരവധി വന്നുകഴിഞ്ഞു. എന്നാല്‍ പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പഠനത്തിലൂടെ ഹൈസ്‌കൂള്‍ ക്ലാസ്സില്‍ എത്തിയിട്ടും മലയാളം തെറ്റാതെ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ നിരവധിയുണ്ട്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന വിവരമാണ്‌ . ആ കണ്ടെത്തലില്‍ നിന്നാണ്‌ നെടുമങ്ങാട്‌ 'ഡയലോഗ്‌സ്‌' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വേനല്‍മഴ എന്ന അക്ഷരമുറപ്പിക്കല്‍ പരിപാടി പഠന പിന്നോക്കാവസ്ഥയുള്ള ഹൈസ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയത്‌.
        2012 ഏപ്രില്‍ 4 മുതല്‍ മേയ്‌ 30 വരെ നീണ്ടുനിന്ന ഈ പരിപാടിയില്‍ മുനിസിപ്പാലിറ്റിയിലെ രണ്ട്‌ സ്‌കൂളുകളില്‍ നിന്നും 20 കട്ടികള്‍ പങ്കെടുത്തു. പഠനവേളകളിലെ ശ്രദ്ധക്കുറവ്‌, ക്ലാസ്സുകളിലെ അച്ചടക്കമില്ലായ്‌മ, സഹപാഠികളുമായി പരസ്‌പരം കൂടിച്ചേരാനുള്ള ശേഷിക്കുറവ്‌ എന്നിവയും ഇവര്‍ക്കുണ്ടായിരുന്നു. സ്‌കൂള്‍ പരിപാടികളില്‍ നിന്നും തങ്ങളെപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നു എന്ന പരാതി ഈ കുട്ടികള്‍ക്കുമുണ്ട്‌.

മഴയുടെ രൂപഭാവങ്ങള്‍

        പത്തുമിനിട്ടിനുമേല്‍ ബഞ്ചില്‍ ഉറച്ചിരിക്കാന്‍ പോലും സന്നദ്ധരാകാത്ത ഇവരുമായി ഇത്തരത്തിലെ ഒരു നൂതന പരിപാടി എപ്രകാരമാണ്‌ മുന്നോട്ട്‌ കൊണ്ടുപോകേണ്ടതെന്ന ആശങ്കയോടെയാണ്‌ വേനല്‍മഴ ആരംഭിച്ചത്‌. വിവിധ കളികള്‍, ചിത്രമെഴുത്ത്‌, യാത്രകള്‍, നാടന്‍പാട്ടുകള്‍, കഥ പറച്ചില്‍, കവിത ചൊല്ലല്‍, ശാസ്‌ത്ര ക്ലാസ്സുകള്‍, പത്രപുനര്‍നിര്‍മ്മാണം, നാട്ടുവഴികളിലൂടെയുള്ള നടത്തം, വീട്ടറിവു സമാഹാരണം എന്നിവയിലൂടെയാണ്‌ പഠിതാക്കളുടെ ശ്രദ്ധയെ വേനല്‍മഴയുടെ ഭാഗമായ ക്ലാസ്സുകളില്‍ പിടിച്ചു നിര്‍ത്തിയത്‌. അവരുടെ പൂര്‍ണ്ണ സഹകരണേത്താടെ തങ്ങളും ഈ സമൂഹത്തിന്‌ പ്രിയപ്പെട്ടവരാണെന്ന ബോധം പങ്കാളികളായ കുട്ടികളിലുണ്ടാക്കാന്‍ കഴിഞ്ഞു.
          വേനല്‍മഴയുടെ ഉദ്‌ഘാടന - സമാപനച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചതും കുട്ടികള്‍ തന്നെ. ആദ്യചടങ്ങിന്‌ വേദിയില്‍ എങ്ങനെ നില്‌ക്കണം എന്ന ധാരണപോലുമില്ലാതിരുന്നവര്‍ക്ക്‌ സമാപനവേളയില്‍ രണ്ടുവാക്ക്‌ സംസാരിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

          നെടുമങ്ങാട്‌ ടൗണ്‍ എല്‍.പി.എസ്സില്‍ നടന്ന വേനല്‍മഴയെ സമ്പുഷ്‌ടമാക്കിയത്‌ ഇരുപത്തിയഞ്ചോളം വരുന്ന അദ്ധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്‌. അവരുടെ പാട്ടുകളും കഥകളും ചിത്രസംവാദവും ശാസ്‌ത്ര പ്രവര്‍ത്തനങ്ങളിലൂടെയുമാണ്‌ ഇവര്‍ അക്ഷരലോകത്തിലെ സുബദ്ധാബദ്ധങ്ങള്‍ തിരിച്ചറിഞ്ഞത്‌. ശ്യാലിനി വി നായര്‍ (ബി.സി.വി. സ്‌കൂള്‍), ബിന്ദു ടി.എസ്‌.(കരുപ്പൂര്‌ എച്ച്‌.എസ്‌.), ജി. പൊന്നമ്മ (വി.എച്ച്‌.എസ്‌.എസ്‌ നെടുമങ്ങാട്‌), ഡോ.ബാലചന്ദ്രന്‍, ഹരികൃഷ്‌ണന്‍ (ശാസ്‌ത്രസാഹിത്യ പരിഷത്ത്‌) ഉദയന്‍ (എച്ച്‌.എസ്‌. മീനാങ്കല്‍), ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

         ഇടയ്‌ക്ക്‌ പഠനം മുടക്കിപ്പോയ കുട്ടികളുടെ വീടുകളിലെത്തി വീണ്ടും അവരെ തിരിച്ചെത്തിക്കാന്‍ ഡയലോഗ്‌സിന്റെ പ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞു. ക്രമേണ 9.30 മുതല്‍ 1 മണി വരെയുള്ള പഠനവേള പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ താല്‌പര്യം വന്നു. ഈ പരിപാടികള്‍ക്കിടയില്‍ നടന്ന രണ്ടു ഹര്‍ത്താല്‍ ദിവസങ്ങളില്‍ കൂടി കുട്ടികള്‍ ക്ലാസ്സുകളിലെത്തി.

കുട്ടികളുടെ ഭാഗം


        എപ്പോഴും ചീത്ത മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഈ കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങള്‍  നിരവധി തവണ നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ  ഡയലോഗ്‌സ്‌ പ്രവര്‍ത്തകള്‍ മനസ്സിലാക്കി. വീടെന്ന സങ്കല്‌പം, ഭവനങ്ങള്‍ നല്‍കുന്ന വിവിധങ്ങളായ സുരക്ഷിതത്വം, ശാന്തത എന്നീ ഘടകങ്ങള്‍ പോലും അവര്‍ക്ക്‌ ലഭ്യമാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളും പിന്നോക്കാവസ്ഥയും അവരെ നിരന്തരം പുറകിലേയ്‌ക്ക്‌ വലിക്കുന്നു. ഇങ്ങനെ എല്ലായിടത്തു നിന്നും അവനവന്റേതല്ലാത്ത കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്നവര്‍ എവിടെയാണ്‌ എത്തിച്ചേരുക?
          ഡയലോഗ്‌സിന്റെ മുഖ്യപ്രവര്‍ത്തകനായ ഉണ്ണിക്കൃഷ്‌ണനെ വേനല്‍മഴയെന്ന അത്യപൂര്‍വ്വ പരിപാടിക്ക്‌ പ്രേരിപ്പിച്ചത്‌ ഇതാണ്‌.
                                                                                                  - പി. കെ. സുധി

0 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters