നെ ടു മ ങ്ങാ ട്

Thursday, June 14, 2012

വേനല്‍മഴ

        വിവാദങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത്‌ പാഠപുസ്‌തക നവീകരണമുള്‍പ്പെടെ പദ്ധതികള്‍ നിരവധി വന്നുകഴിഞ്ഞു. എന്നാല്‍ പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പഠനത്തിലൂടെ ഹൈസ്‌കൂള്‍ ക്ലാസ്സില്‍ എത്തിയിട്ടും മലയാളം തെറ്റാതെ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ നിരവധിയുണ്ട്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന വിവരമാണ്‌ . ആ കണ്ടെത്തലില്‍ നിന്നാണ്‌ നെടുമങ്ങാട്‌ 'ഡയലോഗ്‌സ്‌' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വേനല്‍മഴ എന്ന അക്ഷരമുറപ്പിക്കല്‍ പരിപാടി പഠന പിന്നോക്കാവസ്ഥയുള്ള ഹൈസ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയത്‌.
        2012 ഏപ്രില്‍ 4 മുതല്‍ മേയ്‌ 30 വരെ നീണ്ടുനിന്ന ഈ പരിപാടിയില്‍ മുനിസിപ്പാലിറ്റിയിലെ രണ്ട്‌ സ്‌കൂളുകളില്‍ നിന്നും 20 കട്ടികള്‍ പങ്കെടുത്തു. പഠനവേളകളിലെ ശ്രദ്ധക്കുറവ്‌, ക്ലാസ്സുകളിലെ അച്ചടക്കമില്ലായ്‌മ, സഹപാഠികളുമായി പരസ്‌പരം കൂടിച്ചേരാനുള്ള ശേഷിക്കുറവ്‌ എന്നിവയും ഇവര്‍ക്കുണ്ടായിരുന്നു. സ്‌കൂള്‍ പരിപാടികളില്‍ നിന്നും തങ്ങളെപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നു എന്ന പരാതി ഈ കുട്ടികള്‍ക്കുമുണ്ട്‌.

മഴയുടെ രൂപഭാവങ്ങള്‍

        പത്തുമിനിട്ടിനുമേല്‍ ബഞ്ചില്‍ ഉറച്ചിരിക്കാന്‍ പോലും സന്നദ്ധരാകാത്ത ഇവരുമായി ഇത്തരത്തിലെ ഒരു നൂതന പരിപാടി എപ്രകാരമാണ്‌ മുന്നോട്ട്‌ കൊണ്ടുപോകേണ്ടതെന്ന ആശങ്കയോടെയാണ്‌ വേനല്‍മഴ ആരംഭിച്ചത്‌. വിവിധ കളികള്‍, ചിത്രമെഴുത്ത്‌, യാത്രകള്‍, നാടന്‍പാട്ടുകള്‍, കഥ പറച്ചില്‍, കവിത ചൊല്ലല്‍, ശാസ്‌ത്ര ക്ലാസ്സുകള്‍, പത്രപുനര്‍നിര്‍മ്മാണം, നാട്ടുവഴികളിലൂടെയുള്ള നടത്തം, വീട്ടറിവു സമാഹാരണം എന്നിവയിലൂടെയാണ്‌ പഠിതാക്കളുടെ ശ്രദ്ധയെ വേനല്‍മഴയുടെ ഭാഗമായ ക്ലാസ്സുകളില്‍ പിടിച്ചു നിര്‍ത്തിയത്‌. അവരുടെ പൂര്‍ണ്ണ സഹകരണേത്താടെ തങ്ങളും ഈ സമൂഹത്തിന്‌ പ്രിയപ്പെട്ടവരാണെന്ന ബോധം പങ്കാളികളായ കുട്ടികളിലുണ്ടാക്കാന്‍ കഴിഞ്ഞു.
          വേനല്‍മഴയുടെ ഉദ്‌ഘാടന - സമാപനച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചതും കുട്ടികള്‍ തന്നെ. ആദ്യചടങ്ങിന്‌ വേദിയില്‍ എങ്ങനെ നില്‌ക്കണം എന്ന ധാരണപോലുമില്ലാതിരുന്നവര്‍ക്ക്‌ സമാപനവേളയില്‍ രണ്ടുവാക്ക്‌ സംസാരിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

          നെടുമങ്ങാട്‌ ടൗണ്‍ എല്‍.പി.എസ്സില്‍ നടന്ന വേനല്‍മഴയെ സമ്പുഷ്‌ടമാക്കിയത്‌ ഇരുപത്തിയഞ്ചോളം വരുന്ന അദ്ധ്യാപകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്‌. അവരുടെ പാട്ടുകളും കഥകളും ചിത്രസംവാദവും ശാസ്‌ത്ര പ്രവര്‍ത്തനങ്ങളിലൂടെയുമാണ്‌ ഇവര്‍ അക്ഷരലോകത്തിലെ സുബദ്ധാബദ്ധങ്ങള്‍ തിരിച്ചറിഞ്ഞത്‌. ശ്യാലിനി വി നായര്‍ (ബി.സി.വി. സ്‌കൂള്‍), ബിന്ദു ടി.എസ്‌.(കരുപ്പൂര്‌ എച്ച്‌.എസ്‌.), ജി. പൊന്നമ്മ (വി.എച്ച്‌.എസ്‌.എസ്‌ നെടുമങ്ങാട്‌), ഡോ.ബാലചന്ദ്രന്‍, ഹരികൃഷ്‌ണന്‍ (ശാസ്‌ത്രസാഹിത്യ പരിഷത്ത്‌) ഉദയന്‍ (എച്ച്‌.എസ്‌. മീനാങ്കല്‍), ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

         ഇടയ്‌ക്ക്‌ പഠനം മുടക്കിപ്പോയ കുട്ടികളുടെ വീടുകളിലെത്തി വീണ്ടും അവരെ തിരിച്ചെത്തിക്കാന്‍ ഡയലോഗ്‌സിന്റെ പ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞു. ക്രമേണ 9.30 മുതല്‍ 1 മണി വരെയുള്ള പഠനവേള പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ താല്‌പര്യം വന്നു. ഈ പരിപാടികള്‍ക്കിടയില്‍ നടന്ന രണ്ടു ഹര്‍ത്താല്‍ ദിവസങ്ങളില്‍ കൂടി കുട്ടികള്‍ ക്ലാസ്സുകളിലെത്തി.

കുട്ടികളുടെ ഭാഗം


        എപ്പോഴും ചീത്ത മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഈ കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങള്‍  നിരവധി തവണ നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ  ഡയലോഗ്‌സ്‌ പ്രവര്‍ത്തകള്‍ മനസ്സിലാക്കി. വീടെന്ന സങ്കല്‌പം, ഭവനങ്ങള്‍ നല്‍കുന്ന വിവിധങ്ങളായ സുരക്ഷിതത്വം, ശാന്തത എന്നീ ഘടകങ്ങള്‍ പോലും അവര്‍ക്ക്‌ ലഭ്യമാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളും പിന്നോക്കാവസ്ഥയും അവരെ നിരന്തരം പുറകിലേയ്‌ക്ക്‌ വലിക്കുന്നു. ഇങ്ങനെ എല്ലായിടത്തു നിന്നും അവനവന്റേതല്ലാത്ത കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്നവര്‍ എവിടെയാണ്‌ എത്തിച്ചേരുക?
          ഡയലോഗ്‌സിന്റെ മുഖ്യപ്രവര്‍ത്തകനായ ഉണ്ണിക്കൃഷ്‌ണനെ വേനല്‍മഴയെന്ന അത്യപൂര്‍വ്വ പരിപാടിക്ക്‌ പ്രേരിപ്പിച്ചത്‌ ഇതാണ്‌.
                                                                                                  - പി. കെ. സുധി

0 Comments:

Saturday, June 25, 2011

ന്യായവിധി

ആര്‍ദ്ര എല്‍ ആര്‍ എട്ട്‌ ബി.ആര്‍.എം.എച്ച്‌്‌.എസ്‌. ഇളവട്ടം
പി എ ഉത്തമന്‍ സ്മാരക കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ

ഒരു ചിറക്‌ ഒടിഞ്ഞുതൂങ്ങിയ കരിങ്കുയിലിനെപ്പോലുണ്ടായിരുന്നു അയാളപ്പോള്‍. എന്റെ ഇളകിക്കൊണ്ടിരുന്ന മുടിക്കെട്ടില്‍ മാത്രം കണ്ണുകളെ ബന്ധിച്ചിട്ട്‌, ചുമരിനോട്‌ ചേര്‍ത്തുറപ്പിച്ച ചെറിയ സ്‌റ്റൂളില്‍ ഉപ്പന്റെ കണ്ണുകള്‍ക്കു മീതെ ഒരിറ്റു ഉപ്പുവെള്ളം വീണാലെന്ന പോലെ, കണ്ണുകള്‍ മനപ്പൂര്‍വ്വം കുഞ്ഞാക്കി, വീണ്ടും വീണ്ടും മേശമേലുണങ്ങിപ്പിടിച്ച ചുവന്ന മഷി (രക്തമാണോ?) അഴുക്കു നിറഞ്ഞ നഖം കൊണ്ട്‌ നുള്ളിയിളക്കി, പറ്റെ വെട്ടിയ തലമുടിയിഴകളെ ചുവരിനോടമര്‍ത്തിവച്ച്‌ ശിക്ഷിച്ച്‌... ഭ്രാന്തു പിടിപ്പിക്കുന്ന നിശബ്ദതയുമായി... എത്രയോ നേരമായി!
ജനാലകള്‍ ഞാന്‍ മനപ്പൂര്‍വ്വം ബന്ധിച്ചതായിരുന്നു. അതിലൂടെ, (അതായത്‌ അയാളുടെ പുറകിലൂടെ) ഒരു റെയില്‍പ്പാത കടന്നുപോകുന്നുണ്ടായിരുന്നു. ഇടത്തെ ചെവിയിലൂടെ നിത്യവും ഉറക്കെ ചൂളം വിളിക്കുന്ന ഒരു തീവണ്ടി വാലനക്കുന്നു എന്നതാണല്ലോ അയാളുടെ പ്രശ്‌നം. ഞാന്‍ മേശമേല്‍ പതിയെ തട്ടി ആ കണ്ണുകള്‍ക്ക്‌ തല്‍ക്കാലത്തേയ്‌ക്ക്‌ ഒരു താങ്ങു നല്‍കി. പിന്നെയും അവ കുറേശ്ശെ കുറേശ്ശെയായി താഴേയ്‌ക്ക്‌ ഊര്‍ന്നു വീണുകൊണ്ടിരുന്നു. ബുദ്ധിമുട്ടുകളുടെ കശയാണ്‌ ആ മസ്‌തിഷ്‌കം എന്ന്‌ നിശ്വാസങ്ങള്‍ പോലും എന്നോട്‌ പറഞ്ഞുകൊണ്ടിരുന്നു. അതു കീറിമുറിച്ച്‌ വേണ്ടാത്ത ചിന്തകളും സങ്കല്‍പ്പങ്ങളുമെല്ലാം ദൂരെക്കളഞ്ഞ്‌, കുത്തിത്തുന്നി റെഡിയാക്കുമ്പോഴെക്കും അയാള്‍ തന്നെ എന്നെ കൊന്നുകാണും. ആ മുഖം! നല്ല നടന്‍. ചിരിവന്നു. ഞാനാ പോലീസുകാരനെ അകത്തേയ്‌ക്ക്‌ വിളിപ്പിച്ചു. കീറാത്ത കുഷ്യനിട്ട ഒരു കസേര നല്‍കി. പരമാവധി മൃദുലതയോടെ പറഞ്ഞു.
``ആ കേസ്‌ മിക്കവാറും അഴിയില്ല. ചുവപ്പുനാടയും പുതച്ചുതന്നെ കിടക്കും.''
``അതെന്താ ഡോക്ടര്‍ വട്ടിന്‌ ചികില്‍സയില്ലേ?''
``ഉണ്ട്‌. പക്ഷേ ഈയാളുടെ കാര്യം.....''
മുഴുമിപ്പിച്ചില്ല. വേണേല്‍ ഊഹിക്കട്ടെ.
``കോംപ്ലിക്കേറ്റഡ്‌ ആയിരിക്കും. അല്ലേ? അതല്ലേ? പക്ഷേ അത്തരം സംശയങ്ങള്‍ ശരിക്കുള്ള വട്ടന്മാരുടെ കാര്യത്തിലാവാമല്ലോ. വട്ടഭിനയിക്കുമ്പോഴോ? ഒരു പാവപ്പെട്ട പെണ്‍കൊച്ചിനെ....''
പൊടിയും പറത്തി പോലീസ്‌ ജീപ്പ്‌ സ്ഥലം വിട്ടു. ഞാനങ്ങോട്ടേയ്‌ക്ക്‌ തിരിച്ച തല പെട്ടെന്ന്‌ പൂര്‍വ്വസ്ഥിതിയിലാക്കി. എന്റെ കണ്ണുകളില്‍ ഒരുത്തനെ വട്ടനെന്നു വിളിക്കാന്‍ വേണ്ട അടിസ്ഥാന സവിശേഷതകളൊക്കെ അവിടെ ഞാന്‍ കണ്ടു.
പക്ഷേ....
അയാളെ ഒരു മെഴുകുതിരിയെന്ന പോലെ ഞാന്‍ ശ്രദ്ധയോടെ മാറ്റിവച്ചു. കഴിഞ്ഞയാഴ്‌ച ഒരു ആനുകാലികത്തില്‍ പ്രത്യക്ഷപ്പെട്ട ഒന്നു കണ്ണുനട്ട്‌ ഞാന്‍ മാറ്റിവച്ച ഒരു ശുഷ്‌കമായ കവിത ഞാന്‍ വീണ്ടും മേശവലിപ്പില്‍ നിന്നും ചികഞ്ഞെടുത്തു. അതവളെപ്പറ്റിയായിരുന്നു. ആ പെങ്കൊച്ചിനെപ്പറ്റി....
അവളുടെ രക്തം കുടിച്ചു ചീര്‍ത്ത റെയില്‍പ്പാളത്തിലെ മരത്തടികളെയും കട്ടപിടിച്ച സ്വപ്‌നങ്ങള്‍ അറക്കവാള്‍ പല്ലുകൊണ്ട്‌ അലുവാ പോലെ തിന്നുമദിച്ച കട്ടുറുമ്പുകളെക്കുറിച്ചും ഞാനോര്‍ത്തു. അവന്‍ പാതിതിന്നിട്ടുപോയ തലച്ചോര്‍ കൊത്തിപ്പറിക്കാന്‍ കല്‍ക്കരിപ്പുകയടിച്ച മരച്ചില്ലകളില്‍ വന്നിരുന്ന കഴുകന്മാരെപ്പറ്റിയും...
അവയുടെ വായില്‍ നിന്നും ഇറ്റുവീണിരുന്ന നാറുന്ന ദ്രാവകം, അത്ര വിലയില്ലാത്തതെങ്കിലും അത്തറാക്കി മാറ്റാന്‍ എനിക്ക്‌ മനസ്സു വന്നില്ല....
ഉള്ളിലൊരു അഗ്നിപര്‍വ്വതം തുടിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷേ അത്‌ അടുത്ത നൂറ്റാണ്ടിലെങ്ങാന്‍ പൊട്ടിത്തെറിക്കുമായിരിക്കും. എങ്കിലും അവന്‍ കോടികള്‍ മുടക്കി പണിത `വട്ടുമാളിക'യ്‌ക്കു മുന്നിലെത്തുമ്പോള്‍, അതിലൊരു `വട്ടുപുതപ്പ'ും മൂടി അവന്‍ മുറി വൃത്തിയാക്കാന്‍ വന്ന ശാന്തയെ തെല്ലും വട്ടില്ലാത്ത ചിന്തകള്‍ കൊണ്ട്‌്‌ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു കാണുമ്പോള്‍, പതിയെ അതൊരിടിയായി രൂപം മാറിയിരുന്നു.
രണ്ടു ഷോക്കുകള്‍ കഴിഞ്ഞിരിക്കുന്ന പരമുവിനോടു പോലും കുശലം പറയുന്ന എന്റെ കോട്ട്‌ ആ കഴുതപ്പുലിയുടെ കോടികള്‍ മണക്കുന്ന വട്ടുചങ്ങലയെ മാത്രം ഫുള്‍ബട്ടണുകളുമിട്ട്‌ അറ്റന്‍ഷനായി സമീപിച്ചിരിക്കുന്നു....
സത്യം പറഞ്ഞാല്‍ അവന്റെ കണ്ണുകളിലെ വട്ടിന്‌ ഞാന്‍ നൂറുമാര്‍ക്കും ഇട്ടുപോകുമായിരുന്നു...
കൃത്യമായ അംശബന്ധത്തില്‍ വട്ടും ദുഃഖവും സന്തോഷവും ചേര്‍ത്ത്‌ കുറുക്കിയെടുത്ത മിശ്രിതങ്ങള്‍ അവന്‍ ദിവസവും എനിക്ക്‌ വിളമ്പിക്കൊണ്ടിരുന്നു. കള്ളത്തരത്തില്‍ മുക്കിച്ചുട്ട അപ്പങ്ങള്‍ മാതിരി. പോലീസ്‌ എസ്‌കോര്‍ട്ടുണ്ടായിരുന്നപ്പോള്‍ കിട്ടിയ കോച്ചിംഗ്‌ ക്ലാസ്സുകളുടെ ഫലമാണ്‌ അവന്റെ പൈസ മണമുള്ള ചങ്ങലകള്‍...
ഇന്നലെ രാത്രി ഞാന്‍ സ്വപ്‌നം കണ്ടത്‌ ഒരു ചുടലപ്പറമ്പിനു നടുവിലൂടെയുള്ള റെയില്‍പ്പാളമായിരുന്നു. ചിറകറ്റ മോഹങ്ങള്‍ മാത്രം ധരിച്ച പെണ്‍കുട്ടികളുടെ കല്ലറകളായിരുന്നു ആ മണ്ണിന്‌ മരണനിറം കൊടുത്തിരുന്നത്‌. പെട്ടെന്നാണ്‌ വഴിയാത്രക്കാരിയായ ഒരു അടയ്‌ക്കാക്കുരുവിയുടെ കണ്ണുകള്‍ കൊത്തിപ്പറിച്ചുകൊണ്ട്‌ ഒറ്റച്ചിറകുള്ള കഴുകന്‍ പറന്നെത്തിയത്‌. വീതിയുള്ള തേഞ്ഞ കൊക്കുകളില്‍ ചോരനൂലുകള്‍ തൂങ്ങിക്കിടന്നിരുന്നു....
ഞാനെന്റെ ബാഗിന്റെ രഹസ്യ അറയില്‍ നിന്നും വീ്‌ണ്ടും വീണ്ടും അതെടുത്തു നോക്കി. തന്റെ കക്ഷിയെ പ്‌രാന്തനാക്കുന്നതിന്‌ അവന്റെ വക്കീല്‍ തന്ന ചെക്ക്‌. അതിനും അവന്റെ കണ്ണുകളുടെ നിറമായിരുന്നു...
ആ ഒറ്റച്ചിറകന്‍ കഴുകന്റെ കറുത്ത മനസ്സിന്റെ വിശാലത പോലെ ഒഴിഞ്ഞു കിടന്നിരുന്ന കളങ്ങള്‍ റെയില്‍പ്പാളങ്ങളെ ഓര്‍മ്മിപ്പിച്ചു. അതില്‍ നിരന്നുകിടന്നിരുന്ന വലിച്ചുകീറപ്പെട്ട ഒറ്റക്കയ്യന്‍ മോഹങ്ങള്‍ പുതച്ച പെങ്കൊച്ചുങ്ങള്‍ക്ക്‌ എന്റെ പെങ്ങളുടെ മാത്രം മുഖമായിരുന്നു...(വക്കീലിന്റെ വിലാസമെഴുതിയ കവറില്‍ ഞാനിതിട്ടുവച്ചു.) ഞാനെഴുതി ``അയാള്‍ മനോരോഗത്തിന്റെ അതിഭീകരത്വം നിറഞ്ഞ അവസ്ഥയിലാണിപ്പോള്‍ രോഗാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലായിരിക്കണം ആരോപിക്കപ്പെട്ട കുറ്റകൃത്യം അയാള്‍ ചെയ്‌തിട്ടുണ്ടാവുക. രോഗത്തിന്റെ ഇന്നത്തെ സ്ഥിതി അനിര്‍വ്വചനീയമാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ പുറം ലോകവുമായുള്ള ബന്ധവും കോടതി നടപടികളുമെല്ലാം അപകടകരമാണ്‌. വെളിച്ചം പോലും. അതിനാല്‍ അനശ്ചിത കാലത്തേയ്‌ക്ക്‌ എന്റെ കീഴിലുള്ള ആശുപത്രിയില്‍ തന്നെ അയാളെ...
കളളം പറഞ്ഞ പേനയെ ജനാലവഴി ഞാനാ പാളത്തിലേയ്‌ക്കിട്ടു. അത്‌ പാളത്തിന്‌ ഒത്ത നടുവില്‍ ഒരു ഞരക്കത്തോടെ ചെന്നുവീണു, അവളെപ്പോലെ. അതിനു സ്വര്‍ഗ്ഗം കിട്ടും. സത്യം പറഞ്ഞ്‌ അവനെ കോടതികളിക്കാന്‍ വിടാത്തതുകൊണ്ട്‌ അവനെ നിരുപാധികം വെറുതെ വിട്ട വാര്‍ത്ത സമ്മാനിച്ച്‌ ലോകത്തെ ഞെട്ടിക്കാത്തതുകൊണ്ട്‌....(എനിക്കും സ്വര്‍ഗ്ഗം കിട്ടുമായിരിക്കും.)
പക്ഷേ അവന്‌ വട്ടാണല്ലോ, കുരുക്ഷേത്രഭൂമിയില്‍ കര്‍ണ്ണന്റെ തേരുപോലവേ നീങ്ങുന്ന ആ കണ്ണുകള്‍ക്കും...
സ്വബോധമുള്ളവരെങ്ങനെ സഹജീവികളെ പച്ചയോടെ കടിച്ചുകീറിത്തിന്നും...
ഞാനവനുവേണ്ടി റയില്‍പ്പാളത്തിലേയ്‌ക്കു തുറക്കുന്ന ജനാലയുള്ള സെല്ലാണ്‌ തെരഞ്ഞെടുത്ത്‌ പതിച്ചു നല്‍കിയത്‌. (രാത്രിവണ്ടികള്‍ ഇനി ക്രമേണ പാളം തെറ്റും. ഒരു നിലാവില്ലാത്ത രാത്രിയില്‍ അവന്റെ തല ചതച്ചുകൊണ്ടവ പായും) അവനേയും അവന്റെ വട്ടിനെയും ഒറ്റക്കോശം പോലുമില്ലാത്ത മനുഷ്യത്വത്തേയും മരണം വരെ ഇട്ടു പൂട്ടാന്‍ തക്ക വലിപ്പമുള്ള തടവറ. അതിന്റെ താക്കോല്‍ പൂട്ടിക്കഴിഞ്ഞാലുടന്‍ ഞാനാ പാളത്തിലേയ്‌ക്കിടും.... കാരണം, ലോകത്തിലിനിയും റെയില്‍പ്പാളങ്ങള്‍ ബാക്കിയുണ്ടല്ലേ്‌ാ. ഒറ്റക്കയ്യുള്ള പ്രേതം അവന്‍ മാത്രമല്ലല്ലോ..

0 Comments:

Thursday, June 18, 2009

വായനദിനത്തിലെ ഒറ്റയാൾ സമരം


നന്ദിയോട് വായനശാലയോടുള്ള പഞ്ചായയത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് അദ്ധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ. നെയ്യപ്പിള്ളി അപ്പുക്കുട്ടന്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം. കാണുന്നതിന് ഈ ലിങ്ക് നോക്കുക: vaayanaa dinam 

0 Comments:

Thursday, June 11, 2009

ഉത്തമന്റെ പേരിടണം

പി.എ.ഉത്തമന്‍ സ്വന്തം നിലയില്‍ എഴുത്തുകാരനായിരുന്നു; അതില്‍ അഭിമാനിച്ചിരുന്നു. ഒപ്പം, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ആയിരുന്നു.
കുട്ടികള്‍ക്കു വേണ്ടി കാക്കത്തൊള്ളായിരം ക്യാമ്പുകളെങ്കിലും നെടുമങ്ങാട്ട്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. അതില്‍ പലതും നഗരസഭയുടെ അക്കാദമിക്‌ കൗണ്‍സില്‍ വകയും. അവയിലൊക്കെ പി.എ.ഉത്തമന്‍ ഒപ്പത്തിനൊപ്പം നിന്നു. ക്യാമ്പുകള്‍ നല്‍കുന്ന നൊസ്റ്റാള്‍ജിയയ്ക്കപ്പുറം, കുട്ടികളുടെ പക്ഷത്ത്‌ ഉറച്ചുനിന്നു - ശരിക്കും നിഷ്‌കളങ്കനും നിഷ്‌കാമകര്‍മ്മിയുമായി.

അങ്ങനെയുള്ള പി.എ.ഉത്തമന്‌ ഒരു സ്മാരകം വേണം.

നയാപൈസ ചെലവഴിക്കാതെ ഇക്കാര്യം നടപ്പാക്കാം. നെടുമങ്ങാട്ടെ ടൗണ്‍ ഹാളിന്‌ പി.എ.ഉത്തമന്റെ പേരിടുക; പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കുക.(ഗേള്‍സ്‌ സ്കൂള്‍ കോമ്പൗണ്ടിലുള്ള ടൗണ്‍ഹാള്‍ ഏറെക്കാലമായി പൊതുജനങ്ങള്‍ക്ക്‌ അപ്രാപ്യമാണ്‌).

ഇതിനുവേണ്ടി നഗരസഭാ കൗണ്‍സിലിനോട്‌ ശക്തമായി വാദിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതും (സ്വയം ബോധ്യപ്പെടേണ്ടതും) മേല്‍പ്പടി അക്കാദമിക്‌ കൗണ്‍സില്‍ അംഗങ്ങളുടെയും ഭാരവാഹികളുടെയും ചുമതലയാണെന്ന് കരുതുന്നു.

ആയതിനാല്‍, ഒന്നാമതും രണ്ടാമതും മൂന്നാമതും...നൂറാമതുമായി ഒന്നേ പറയാനുള്ളൂ:
ടൗണ്‍ഹാളിന്‌ ഉത്തമന്റെ പേരിടണം. പി.എ.ഉത്തമന്‍ സ്മാരക ടൗണ്‍ഹാള്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കണം.

(ഘടികാരം പുറത്തിറക്കിയ 'ഉത്തമസ്‌മരണ' എന്ന സ്മരണികയിൽ ഉദയൻ എഴുതിയ കുറിപ്പ്)

1 Comments:

    • At 11:40 PM, Blogger വി സിയുടെ പേന (vc abhilash's PEN) said…

      town hallinu uthaman chettante periduka ennath theerchayayum nalla aashayamanu. pakshe paara paniyalukalude naattil eethu nalla aashayavum thakarkkappedaam... kollamkav chandrane polulla oru shikhandi naadu bhariykkumpol ee aashayam nadannu ennu varilla.. chilappol nedumangad koyiykkal shiva kshethrathinu kollamkav chandrante perittennu varum...! pazhavadi genapathi kovilinu angerude makante perum nalki ennum varaam...aayhainal namukk ormikkam uthaman chettaneyum sebastian saarineyumokke nammude manasukalil...

       
    • Post a Comment
Wednesday, June 10, 2009

ബാലലോകം



പി എ ഉത്തമന്‍

ഒരുകാലത്ത്‌ കേരളക്കരയിലെ ബാല്യകൗമാരങ്ങളുടെ സര്‍ഗ്ഗാത്മക വളര്‍ച്ചയ്‌ക്ക്‌ അടിത്തറ പാകിയത്‌ ആകാശവാണിയുടെ റേഡിയോ ക്ലബ്ബുകളും ബാലലോകം പരിപാടിയുമാണ്‌. ഒരു നാട്ടിന്‍പുറത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇത്തരം ഔപചാരിക കൂട്ടായ്‌മകള്‍ക്കുള്ള പങ്കിനെ തിരിച്ചറിയുകയാണ്‌ പി എ ഉത്തമന്‍.

(ആകാശവാണിയുടെ മറ്റൊരു പരിപാടിയില്‍ ബാലലോകത്തെ അനുസ്‌മരിച്ച്‌ 
ഉത്തമന്‍ സംസാരിച്ചതില്‍ നിന്ന്‌)

ഞായറാഴ്‌ചകള്‍ ഞങ്ങള്‍ക്കുവേണ്ടിയല്ല യഥാര്‍ത്ഥത്തില്‍ കാത്തിരുന്നത്‌. ഞങ്ങള്‍ ഞായറാഴ്‌ചകള്‍ക്കുവേണ്ടിയാണ്‌ കാത്തിരുന്നത്‌. 1975-80 കാലഘട്ടത്തില്‍ കൊടിപ്പുറത്തുണ്ടായിരുന്ന ദേശസേവിനി ബാലസമാജം റേഡിയോ ക്ലബ്ബിലെ ഒരു സജീവപ്രവര്‍ത്തകനായിരുന്നു ഞാന്‍. പി എ ഉത്തമന്‍ എന്ന പേരിന്‌ അര്‍ഹനാക്കിത്തീര്‍ത്തതിന്‌ ഈ സമാജവും ഒരു കാരണമായിരുന്നു. എഴുത്തുകാരനെന്ന നിലയില്‍ എന്നെ വലിയവനാക്കിത്തീര്‍ക്കുകയും ഒരു അഭിനേതാവ്‌ എന്ന നിലയില്‍ മാറ്റിത്തീര്‍ക്കുകയും ചെയ്‌തത്‌ ഇതിലൂടെയുള്ള പ്രവര്‍ത്തനം മുഖാന്തരമാണ്‌.

ഞങ്ങള്‍ വളരെ കൃത്യമായി പങ്കെടുത്ത്‌ വലിയ വിജയം നേടിയ അനുഭവമുണ്ടായിട്ടുണ്ട്‌. നെടുമങ്ങാട്ടെ ദേശീയോത്സവം മൂന്നു ക്ഷേത്രങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ്‌ നടക്കുന്നത്‌. അക്കാലത്ത്‌ പ്രധാന ഉത്സവദിവസം ഞങ്ങള്‍, കുട്ടികളുടെ നാടകം അരങ്ങേറിയത്‌, സന്തോഷകരമായ ഓര്‍മ്മയാണ്‌. കാരണം അക്കാലത്ത്‌ അങ്ങനെയൊന്ന്‌ സംഘടിപ്പിക്കുക നിസ്സാരമായ കാര്യമായിരുന്നില്ല. ആദ്യമായി ഞാന്‍ വേഷം കെട്ടുന്നത്‌ പതിന്നാലാമത്തെയോ പതിനഞ്ചാമത്തെയോ വയസ്സിലാണ്‌. ഒരു എഴുപത്തിയഞ്ചുകാരനായി ആണ്‌ വേഷമിട്ടത്‌. അതില്‍ സ്‌ത്രീ വേഷം ചെയ്‌തത്‌ അന്നു നാല്‌പതു വയസ്സുള്ള എന്റെ ചേച്ചിയാണ്‌. അന്ന്‌ റേഡിയോ സമാജത്തിനു പുറമെ വനിതാസമാജവും സമന്വയിപ്പിച്ച്‌ വിപുലമായ പരിപാടികള്‍ നടത്തിയിരുന്നു.
ഈ ബാലസമാജത്തിന്റെ ഊര്‍ജ്ജം നേടിയെടുത്ത വേറെയും ഒരുപാട്‌ ആള്‍ക്കാരുണ്ട്‌. പലരും ജീവിതത്തിന്റെ പലമേഖലകളിലേയ്‌ക്കും തിരിഞ്ഞുപോയി. എങ്കിലും അന്നത്തെ ഞായറാഴ്‌ചകള്‍ ഞങ്ങള്‍ക്ക്‌ ഓണക്കാലം പോലെയായിരുന്നു.

നെടുമങ്ങാട്‌ ഗേള്‍സ്‌ ഹൈസ്‌കൂളിലെ ഡ്രോയിംഗ്‌ അധ്യാപകനായിരുന്ന രാമയ്യന്‍ സാറാണ്‌ ബാലസമാജം കൊണ്ടുവരുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത്‌. ഞങ്ങള്‍ സഹപാഠികളായ കൂട്ടുകാര്‍, കളിക്കൂട്ടുകാര്‍, സമീപസ്ഥരായ മറ്റ്‌ കുട്ടികള്‍ തുടങ്ങി രണ്ടുമൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുവരുന്ന എണ്‍പതോളം കുട്ടികള്‍ ബാലസമാജത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം തന്നെ ബാലമാസികകള്‍ അധികം പ്രചാരമില്ലാതിരുന്ന അക്കാലത്ത്‌ വായനയില്‍ തല്‌പരരാകുകയും കഥയെഴുതാനും കവിതയെഴുതാനും ചിത്രം വരയ്‌ക്കാനും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും തയ്യാറാകുകയും ചെയ്‌തു.

അക്കാലത്ത്‌ വളരെ അപൂര്‍വ്വമായിരുന്ന മാധ്യമമായിരുന്നു റേഡിയോ. കൊടിപ്പുറത്തുള്ള നീലകണ്‌ഠനാശാരിയുടെ വീട്ടിലെ വിശാലമായ ഒരു ചായ്‌പില്‍- ഒരു പത്തായമൊക്കെ വച്ചിരുന്നു അവിടെ- ആ വീട്ടുകാരുടെ റേഡിയോ ഉപയോഗിച്ചു തന്നെയാണ്‌ പരിപാടികള്‍ ആസ്വദിച്ചിരുന്നത്‌. ഒരു റേഡിയോ പരിപാടി കേള്‍ക്കുന്നതിനോ പാട്ടുകേള്‍ക്കുന്നതിനോ മറ്റ്‌ വീടുകളെ ആശ്രയിക്കേണ്ടിയിരുന്ന അക്കാലത്ത്‌ ഇത്രയും കുട്ടികളെ ചേര്‍ത്തുകൊണ്ട്‌ ഒരു ബാലസമാജം രൂപീകരിക്കാന്‍ കഴിഞ്ഞത്‌ അതിഗംഭീരമായ ഒരനുഭവമായിട്ടാണ്‌ ഇന്ന്‌ അനുഭവപ്പെടുന്നത്‌.

ഒരാഴ്‌ച ഞങ്ങള്‍ കേള്‍ക്കുന്ന ബാലലോകം പരിപാടിയുടെ അഭിപ്രായങ്ങള്‍ അടുത്തയാഴ്‌ച എഴുതിക്കൊണ്ടു വരണം- എല്ലാവരും കൃത്യമായി അത്‌ ചെയ്‌തിരുന്നു. ഈ അഭിപ്രായങ്ങള്‍ ക്രാഡീകരിച്ച്‌ പ്രസിഡന്റ്‌ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനൊപ്പം ആകാശവാണിക്ക്‌ അയച്ചുകൊടുത്തിരുന്നു. അടുത്തയാഴ്‌ച റിപ്പോര്‍ട്ടിനൊപ്പം കഥയോ കവിതയോ ചിത്രമോ കിട്ടിയതായി റേഡിയോയിലൂടെ അറിയിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന സന്തോഷം അളവറ്റതാണ്‌.

എന്റെ സുഹൃത്ത്‌ ബാലചന്ദ്രന്‍ കുഴിവിള ആദ്യമായിട്ട്‌ ഒരു കഥയെഴുതി അയച്ചപ്പോള്‍, ബാലചന്ദ്രന്റെ കഥയും കിട്ടിയതായി റേഡിയോ അമ്മാവന്‍ പറഞ്ഞു. ആ ആവേശമാണ്‌ എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത്‌. ബാലചന്ദ്രന്‍ ഇന്നു കഥയെഴുതുന്നില്ല. എങ്കിലും, അതിന്റെ തുടക്കം അങ്ങനെയായിരുന്നു. അന്നു ഞാനെന്റെ കുട്ടിമനസ്സിലെഴുതിയ കഥ. ബാലസമാജം പ്രസിഡന്റ്‌ എന്റെ കഥയെ മാറ്റിമറിച്ചു. ഇന്ന്‌ ആ കഥയെ എന്റെ കഥയായിട്ട് ഞാന്‍ സ്വീകരിക്കുന്നില്ല.

1 Comments:

    • At 12:47 AM, Anonymous Rammohan Paliyath said…

      നേതാജി ബാലജനസംഖ്യം ആ‍ൻഡ് റേഡിയോ ക്ലബ്ബ് ഏറത്തുപൂളക്കട. പ്രസിഡന്റിന്റെ കത്തും സെക്രട്ടറിയുടെ യോഗ റിപ്പോർട്ടും 7 കൂട്ടുകാരയച്ച കത്തുകളും കവിത വരച്ച ചിത്രവും കിട്ടി...

      എഴുപതുകളിൽ അതു വീരനായിരുന്നില്ലേ? തിരുവിതാംകോട്ടെ ഉൾനാടൻ സ്ഥലപ്പേരുകൾ ഞങ്ങൾ കൊച്ചിക്കാർ പഠിച്ചത് അങ്ങനെയാവണം. വീരന്റെ മകൻ ഇടക്കാലത്ത് ഇവിടെ ദുബായിലുണ്ടായിരുന്നു. വീർ.

       
    • Post a Comment

ഉത്തമസ്‌മരണ

ഉത്തമസ്‌മരണ പ്രകാശനം
 ജൂണ്‍ 7, ശ്രീവള്ളി, കൊടിപ്പുറം

    കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ചാവൊലി എന്ന ഉത്തമന്റെ നോവല്‍ കൊടിപ്പുറം തറവാട്ടിലെ അംഗമെന്ന നിലയില്‍ എന്റെ കൂടി അനുഭവങ്ങളും വാക്കുകളുമാണ്‌ ഉള്‍ക്കൊള്ളുന്നത്‌. ഞങ്ങളൊക്കെ ഉത്തമനില്‍ നിന്നും ഇനിയുമധികം രചനകള്‍ പ്രതീക്ഷിച്ചിരുന്നു എന്ന്‌ അഭിപ്രായപ്പെട്ടുകൊണ്ടാണ്‌ കവി ശ്രീ. എള്ളുവിള വിശ്വംഭരന്‍ ഘടികാരം മാസികയുടെ 'ഉത്തമസ്‌മരണ' പ്രകാശനം ചെയ്തത്‌.
   പി എ ഉത്തമന്റെ സുഹൃത്തുക്കള്‍ 2009 ജൂണ്‍ ഏഴാം തീയതി എഴുത്തുകാരന്റെ വസതിയായ നെടുമങ്ങാട്‌ ശ്രീവള്ളിയില്‍  ഒത്തുകൂടി. കഥാകൃത്ത്‌ ശ്രീ നടരാജന്‍ ബോണക്കാട്‌ ഉത്തമസ്‌മരണ ഏറ്റുവാങ്ങി. ശ്രീ ബി. എസ്‌. രാജീവ്‌ സ്വാഗതവും ശ്രീ വി. സി. അഭിലാഷ്‌ നന്ദിയും പറഞ്ഞു.

(ഘടികാരം ഉത്തമസ്‌മരണ വില: 25.00 വിലാസം. ഘടികാരം, കരുപ്പൂര്‌ പി ഒ, നെടുമങ്ങാട്‌ 695 541) Mob: 09745275663

0 Comments:

Saturday, April 18, 2009

ചാവൊലിക്ക് പുരസ്കാരം

പി എ ഉത്തമന്റ 'ചാവൊലി' എന്ന നോവലിന്‌ കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ നോവല്‍ പുരസ്‌കാരം ലഭിച്ചു.
നെടുമങ്ങാട്ടും പരിസരങ്ങളിലുമായി ജീവിക്കുന്ന കുറവ സമുദായത്തിന്റെ കഥയാണീ നോവലിലൂടെ യശഃശരീരനായ പി എ ഉത്തമന്‍ പറയുന്നത്‌. ഒരു സാഹിത്യ സൃഷ്ടി എന്നതിലുപരി ജനതയുടെ, ദേശത്തിന്റെ, സാമൂഹ്യ ചരിത്രം കൂടിയാണീ കൃതി. അന്യമായിക്കൊണ്ടിരിക്കുന്ന പ്രാദേശികഭാഷയുടെ ഒരു സംഭരണി ഇതില്‍ എഴുത്തുകാന്‍ നിര്‍മ്മിച്ചിരിക്കുന്നു.
നെടുമങ്ങാടിന്റെ ചരിത്രവിശേഷങ്ങള്‍ തെരയുമ്പോള്‍ അതിന്റെ ഭാഷാസവിശേഷതകളും കാര്‍ഷിക ചരിത്രവും ദേശവികാസപ്പെരുമകളും ചാവൊലിയില്‍ കാണാവുന്നതാണ്‌. നാടന്‍ പാട്ടുകള്‍, നാടന്‍ കഥകള്‍ എന്നിവയ്‌ക്കു പുറമെ ഇതില്‍ ചേര്‍ത്തിരിക്കുന്ന നാട്ടുമൊഴിക്കൂട്ടം എന്ന പദശേഖരണി ഈ കൃതി കൈകാര്യം ചെയ്യുന്ന നാടന്‍ മൊഴികളുടെ അര്‍ത്ഥവിവരണം നല്‍കുന്നു.
പി.കെ. രാജശേഖരനാണ്‌ ചാവൊലിക്ക്‌ അവതാരിക എഴുതിയിരിക്കുന്നത്‌. കരുത്തുറ്റ വായനലോകത്തിനു മുന്നില്‍ ചാവൊലി പുതിയ വായനാനുഭവം നല്‍കുന്നു.

'തുപ്പെ തുപ്പെ' എന്ന അപ്രകാശിത നോവലാണ്‌ ഉത്തമന്റെ ഒടുവിലത്തെ രചന.

0 Comments:

Thursday, October 23, 2008

ആകാശം കരയുന്നു

പി. കെ. സുധി


കാശം കരയുന്നു എന്നത്‌ രേഷ്‌മ എസ്‌.ബി.യുടെ കവിതാ സമാഹാരമാണ്‌. അഞ്ചാം ക്ലാസ്സു വിദ്യാത്ഥിനിയായ രേഷ്‌മയുടെ ഈ സമാഹാരം പ്‌റസിദ്ധീകരിച്ചിരിക്കുന്നത്‌ തിരുവനന്തപുരം പരിധി പബ്ലിക്കേഷന്‍സാണ്‌. (വില 35 രൂപ.). ഇരുപത്തി രണ്ടു കുഞ്ഞു കവിതകളും ദിയാ വി മെര്‍ലിന്‍ കവിയുമായി നടത്തിയ സംഭാഷണവും ഇതിലുണ്ട്‌. കവിതകളെ ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്‌ ഫൗസിയാ യൂനൂസ്‌ ആണ്‌.=
ശരിയായ വിധത്തിലുള്ള ഗൃഹപാഠങ്ങളിലൂടെ കടന്നു വന്നവയാണീ രചനകളെന്ന്‌ അവയുടെ വായനാ സുഖം ഓര്‍മ്മപ്പെടുത്തുന്നു. കുഞ്ഞു കണ്ണുകളില്‍ വിടരുന്ന വിസ്‌മയങ്ങളും കൗതുകവും സന്താപ സന്തോഷങ്ങളും രചനകളുടെ സവിശേഷതകളാണ്‌.=
കാക്ക, കുയില്‍, തത്ത, റോസ, മഴ, കടല്‍, പൂമ്പാറ്റ, മയില്‍..... പരിചിതലോകത്തിലെ വ്യതിരിക്ത കാഴ്‌ചകള്‍. പതിവു പരിമിത വൃത്തത്തില്‍ കാണാത്ത ഭാവനാ സമ്പുഷ്ടതയാണ്‌ കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള വായനക്കാരെ കാത്തിരിക്കുന്നത്‌. മുതിര്‍ന്നവരുടെ നിരീക്ഷണത്തിന്‌ അന്യമായ അനുഭവാംശങ്ങളാണ്‌ കവിതകളുടെ കാതല്‍.=
``മാനത്തു ഞാനില്ല''. എന്ന കവിതയില്‍ കുഞ്ഞാറ്റകളോട്‌്‌ സംസാരിക്കുന്നതിന്നിടയില്‍=
``അയ്യോ! ഇല്ല ഞാനൊരിക്കലും=
നിന്‍ കൂട്ടുമന്നവും നിന-=
ക്കിമ്പം നല്‍കും കാഴ്‌ചയും വേറെയാ '' എന്ന കണ്ടെത്തലില്‍ എത്തുന്നത്‌ കാവ്യാംശ ഗാഢതയുടെ സൂചകമാണ്‌.=
ഇതേ കുശലതയാണ്‌=
``കാക്കയെ പോലെ കൂടും കെട്ടി+ മുട്ടയിടാനെനിക്കാവില്ല.'' എന്ന്‌്‌്‌്‌ ``കുട്ടിയും കുയിലും എന്ന കവിതയില്‍ കാണുന്നതും.=
ഭാവി കാലത്തിലേയ്‌ക്ക്‌ ഉളള കിളിവാതിലുകള്‍ തുറന്നിടാന്‍ അസാധാരണമായ വ്യഗ്‌റതപ്പെടല്‍ കവിതകളില്‍ കാണാവുന്നതാണ്‌.=
``ചാരേ വരു സംസാരിക്കാം- പിന്നെ=
നിന്റെ ഭാഷ പറഞ്ഞു തരാമോ=
നിന്റെ ഭാഷ എനിക്കു തരുമോ?'' (തത്തയോട്‌) =
``സൃഷ്ടിച്ചവനെല്ലാം തിളക്കാത്തതെന്തേ?...=
നാളെ ഞാന്‍ തിളങ്ങുമോ?=
പുഴയിലെ ഓളത്തില്‍ പ്‌റതിഫലിക്കുമോ? (സൃഷ്ടി)= എന്ന ചിന്ത ഭാഷാ സമൃദ്ധവും വിശാലമായ കാവ്യലോകത്തെ ലക്ഷ്യം വയ്‌ക്കുന്ന സ്വപ്‌നത്തെ അനാവരണം ചെയ്യുന്നു.=
ആശയ സമ്പുഷ്ടവും കാവ്യചര്യയോട്‌ നീതിപുലര്‍ത്തുന്നതുമായ ആകാശം കരയുന്നു എന്ന കവിതാ സമാഹാരം രചിച്ച രേഷ്‌മ എസ്‌. ബി. നെടുമങ്ങാട്‌ മാണിക്കപുരം സെന്റ്‌ തെരേസാസ്‌ യു.പി.എസ്സില്‍ അഞ്ചാം ക്ലാസ്സു വിദ്യാര്‍ത്ഥിനിയാണ്‌

0 Comments:



സന്ദര്‍ശകര്‍ (23.11.2007 മുതല്‍): Free Hit Counters
Free Hit Counters