ന്യായവിധി
ആര്‍ദ്ര എല്‍ ആര്‍ എട്ട് ബി.ആര്‍.എം.എച്ച്‌്.എസ്. ഇളവട്ടംപി എ ഉത്തമന്‍ സ്മാരക കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ
ഒരു ചിറക് ഒടിഞ്ഞുതൂങ്ങിയ കരിങ്കുയിലിനെപ്പോലുണ്ടായിരുന്നു അയാളപ്പോള്‍. എന്റെ ഇളകിക്കൊണ്ടിരുന്ന മുടിക്കെട്ടില്‍ മാത്രം കണ്ണുകളെ ബന്ധിച്ചിട്ട്, ചുമരിനോട് ചേര്‍ത്തുറപ്പിച്ച ചെറിയ സ്‌റ്റൂളില്‍ ഉപ്പന്റെ കണ്ണുകള്‍ക്കു മീതെ ഒരിറ്റു ഉപ്പുവെള്ളം വീണാലെന്ന പോലെ, കണ്ണുകള്‍ മനപ്പൂര്‍വ്വം കുഞ്ഞാക്കി, വീണ്ടും വീണ്ടും മേശമേലുണങ്ങിപ്പിടിച്ച ചുവന്ന മഷി (രക്തമാണോ?) അഴുക്കു നിറഞ്ഞ നഖം കൊണ്ട് നുള്ളിയിളക്കി, പറ്റെ വെട്ടിയ തലമുടിയിഴകളെ ചുവരിനോടമര്‍ത്തിവച്ച് ശിക്ഷിച്ച്... ഭ്രാന്തു പിടിപ്പിക്കുന്ന നിശബ്ദതയുമായി... എത്രയോ നേരമായി!
ജനാലകള്‍ ഞാന്‍ മനപ്പൂര്‍വ്വം ബന്ധിച്ചതായിരുന്നു. അതിലൂടെ, (അതായത് അയാളുടെ പുറകിലൂടെ) ഒരു റെയില്‍പ്പാത കടന്നുപോകുന്നുണ്ടായിരുന്നു. ഇടത്തെ ചെവിയിലൂടെ നിത്യവും ഉറക്കെ ചൂളം വിളിക്കുന്ന ഒരു തീവണ്ടി വാലനക്കുന്നു എന്നതാണല്ലോ അയാളുടെ പ്രശ്‌നം. ഞാന്‍ മേശമേല്‍ പതിയെ തട്ടി ആ കണ്ണുകള്‍ക്ക് തല്‍ക്കാലത്തേയ്‌ക്ക് ഒരു താങ്ങു നല്‍കി. പിന്നെയും അവ കുറേശ്ശെ കുറേശ്ശെയായി താഴേയ്‌ക്ക് ഊര്‍ന്നു വീണുകൊണ്ടിരുന്നു. ബുദ്ധിമുട്ടുകളുടെ കശയാണ് ആ മസ്‌തിഷ്‌കം എന്ന് നിശ്വാസങ്ങള്‍ പോലും എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അതു കീറിമുറിച്ച് വേണ്ടാത്ത ചിന്തകളും സങ്കല്‍പ്പങ്ങളുമെല്ലാം ദൂരെക്കളഞ്ഞ്, കുത്തിത്തുന്നി റെഡിയാക്കുമ്പോഴെക്കും അയാള്‍ തന്നെ എന്നെ കൊന്നുകാണും. ആ മുഖം! നല്ല നടന്‍. ചിരിവന്നു. ഞാനാ പോലീസുകാരനെ അകത്തേയ്‌ക്ക് വിളിപ്പിച്ചു. കീറാത്ത കുഷ്യനിട്ട ഒരു കസേര നല്‍കി. പരമാവധി മൃദുലതയോടെ പറഞ്ഞു.
``ആ കേസ് മിക്കവാറും അഴിയില്ല. ചുവപ്പുനാടയും പുതച്ചുതന്നെ കിടക്കും.''
``അതെന്താ ഡോക്ടര്‍ വട്ടിന് ചികില്‍സയില്ലേ?''
``ഉണ്ട്. പക്ഷേ ഈയാളുടെ കാര്യം.....''
മുഴുമിപ്പിച്ചില്ല. വേണേല്‍ ഊഹിക്കട്ടെ.
``കോംപ്ലിക്കേറ്റഡ് ആയിരിക്കും. അല്ലേ? അതല്ലേ? പക്ഷേ അത്തരം സംശയങ്ങള്‍ ശരിക്കുള്ള വട്ടന്മാരുടെ കാര്യത്തിലാവാമല്ലോ. വട്ടഭിനയിക്കുമ്പോഴോ? ഒരു പാവപ്പെട്ട പെണ്‍കൊച്ചിനെ....''
പൊടിയും പറത്തി പോലീസ് ജീപ്പ് സ്ഥലം വിട്ടു. ഞാനങ്ങോട്ടേയ്‌ക്ക് തിരിച്ച തല പെട്ടെന്ന് പൂര്‍വ്വസ്ഥിതിയിലാക്കി. എന്റെ കണ്ണുകളില്‍ ഒരുത്തനെ വട്ടനെന്നു വിളിക്കാന്‍ വേണ്ട അടിസ്ഥാന സവിശേഷതകളൊക്കെ അവിടെ ഞാന്‍ കണ്ടു.
പക്ഷേ....
അയാളെ ഒരു മെഴുകുതിരിയെന്ന പോലെ ഞാന്‍ ശ്രദ്ധയോടെ മാറ്റിവച്ചു. കഴിഞ്ഞയാഴ്‌ച ഒരു ആനുകാലികത്തില്‍ പ്രത്യക്ഷപ്പെട്ട ഒന്നു കണ്ണുനട്ട് ഞാന്‍ മാറ്റിവച്ച ഒരു ശുഷ്‌കമായ കവിത ഞാന്‍ വീണ്ടും മേശവലിപ്പില്‍ നിന്നും ചികഞ്ഞെടുത്തു. അതവളെപ്പറ്റിയായിരുന്നു. ആ പെങ്കൊച്ചിനെപ്പറ്റി....
അവളുടെ രക്തം കുടിച്ചു ചീര്‍ത്ത റെയില്‍പ്പാളത്തിലെ മരത്തടികളെയും കട്ടപിടിച്ച സ്വപ്‌നങ്ങള്‍ അറക്കവാള്‍ പല്ലുകൊണ്ട് അലുവാ പോലെ തിന്നുമദിച്ച കട്ടുറുമ്പുകളെക്കുറിച്ചും ഞാനോര്‍ത്തു. അവന്‍ പാതിതിന്നിട്ടുപോയ തലച്ചോര്‍ കൊത്തിപ്പറിക്കാന്‍ കല്‍ക്കരിപ്പുകയടിച്ച മരച്ചില്ലകളില്‍ വന്നിരുന്ന കഴുകന്മാരെപ്പറ്റിയും...
അവയുടെ വായില്‍ നിന്നും ഇറ്റുവീണിരുന്ന നാറുന്ന ദ്രാവകം, അത്ര വിലയില്ലാത്തതെങ്കിലും അത്തറാക്കി മാറ്റാന്‍ എനിക്ക് മനസ്സു വന്നില്ല....
ഉള്ളിലൊരു അഗ്നിപര്‍വ്വതം തുടിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷേ അത് അടുത്ത നൂറ്റാണ്ടിലെങ്ങാന്‍ പൊട്ടിത്തെറിക്കുമായിരിക്കും. എങ്കിലും അവന്‍ കോടികള്‍ മുടക്കി പണിത `വട്ടുമാളിക'യ്‌ക്കു മുന്നിലെത്തുമ്പോള്‍, അതിലൊരു `വട്ടുപുതപ്പ'ും മൂടി അവന്‍ മുറി വൃത്തിയാക്കാന്‍ വന്ന ശാന്തയെ തെല്ലും വട്ടില്ലാത്ത ചിന്തകള്‍ കൊണ്ട്‌് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു കാണുമ്പോള്‍, പതിയെ അതൊരിടിയായി രൂപം മാറിയിരുന്നു.
രണ്ടു ഷോക്കുകള്‍ കഴിഞ്ഞിരിക്കുന്ന പരമുവിനോടു പോലും കുശലം പറയുന്ന എന്റെ കോട്ട് ആ കഴുതപ്പുലിയുടെ കോടികള്‍ മണക്കുന്ന വട്ടുചങ്ങലയെ മാത്രം ഫുള്‍ബട്ടണുകളുമിട്ട് അറ്റന്‍ഷനായി സമീപിച്ചിരിക്കുന്നു....
സത്യം പറഞ്ഞാല്‍ അവന്റെ കണ്ണുകളിലെ വട്ടിന് ഞാന്‍ നൂറുമാര്‍ക്കും ഇട്ടുപോകുമായിരുന്നു...
കൃത്യമായ അംശബന്ധത്തില്‍ വട്ടും ദുഃഖവും സന്തോഷവും ചേര്‍ത്ത് കുറുക്കിയെടുത്ത മിശ്രിതങ്ങള്‍ അവന്‍ ദിവസവും എനിക്ക് വിളമ്പിക്കൊണ്ടിരുന്നു. കള്ളത്തരത്തില്‍ മുക്കിച്ചുട്ട അപ്പങ്ങള്‍ മാതിരി. പോലീസ് എസ്‌കോര്‍ട്ടുണ്ടായിരുന്നപ്പോള്‍ കിട്ടിയ കോച്ചിംഗ് ക്ലാസ്സുകളുടെ ഫലമാണ് അവന്റെ പൈസ മണമുള്ള ചങ്ങലകള്‍...
ഇന്നലെ രാത്രി ഞാന്‍ സ്വപ്‌നം കണ്ടത് ഒരു ചുടലപ്പറമ്പിനു നടുവിലൂടെയുള്ള റെയില്‍പ്പാളമായിരുന്നു. ചിറകറ്റ മോഹങ്ങള്‍ മാത്രം ധരിച്ച പെണ്‍കുട്ടികളുടെ കല്ലറകളായിരുന്നു ആ മണ്ണിന് മരണനിറം കൊടുത്തിരുന്നത്. പെട്ടെന്നാണ് വഴിയാത്രക്കാരിയായ ഒരു അടയ്‌ക്കാക്കുരുവിയുടെ കണ്ണുകള്‍ കൊത്തിപ്പറിച്ചുകൊണ്ട് ഒറ്റച്ചിറകുള്ള കഴുകന്‍ പറന്നെത്തിയത്. വീതിയുള്ള തേഞ്ഞ കൊക്കുകളില്‍ ചോരനൂലുകള്‍ തൂങ്ങിക്കിടന്നിരുന്നു....
ഞാനെന്റെ ബാഗിന്റെ രഹസ്യ അറയില്‍ നിന്നും വീ്‌ണ്ടും വീണ്ടും അതെടുത്തു നോക്കി. തന്റെ കക്ഷിയെ പ്‌രാന്തനാക്കുന്നതിന് അവന്റെ വക്കീല്‍ തന്ന ചെക്ക്. അതിനും അവന്റെ കണ്ണുകളുടെ നിറമായിരുന്നു...
ആ ഒറ്റച്ചിറകന്‍ കഴുകന്റെ കറുത്ത മനസ്സിന്റെ വിശാലത പോലെ ഒഴിഞ്ഞു കിടന്നിരുന്ന കളങ്ങള്‍ റെയില്‍പ്പാളങ്ങളെ ഓര്‍മ്മിപ്പിച്ചു. അതില്‍ നിരന്നുകിടന്നിരുന്ന വലിച്ചുകീറപ്പെട്ട ഒറ്റക്കയ്യന്‍ മോഹങ്ങള്‍ പുതച്ച പെങ്കൊച്ചുങ്ങള്‍ക്ക് എന്റെ പെങ്ങളുടെ മാത്രം മുഖമായിരുന്നു...(വക്കീലിന്റെ വിലാസമെഴുതിയ കവറില്‍ ഞാനിതിട്ടുവച്ചു.) ഞാനെഴുതി ``അയാള്‍ മനോരോഗത്തിന്റെ അതിഭീകരത്വം നിറഞ്ഞ അവസ്ഥയിലാണിപ്പോള്‍ രോഗാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലായിരിക്കണം ആരോപിക്കപ്പെട്ട കുറ്റകൃത്യം അയാള്‍ ചെയ്‌തിട്ടുണ്ടാവുക. രോഗത്തിന്റെ ഇന്നത്തെ സ്ഥിതി അനിര്‍വ്വചനീയമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പുറം ലോകവുമായുള്ള ബന്ധവും കോടതി നടപടികളുമെല്ലാം അപകടകരമാണ്. വെളിച്ചം പോലും. അതിനാല്‍ അനശ്ചിത കാലത്തേയ്‌ക്ക് എന്റെ കീഴിലുള്ള ആശുപത്രിയില്‍ തന്നെ അയാളെ...
കളളം പറഞ്ഞ പേനയെ ജനാലവഴി ഞാനാ പാളത്തിലേയ്‌ക്കിട്ടു. അത് പാളത്തിന് ഒത്ത നടുവില്‍ ഒരു ഞരക്കത്തോടെ ചെന്നുവീണു, അവളെപ്പോലെ. അതിനു സ്വര്‍ഗ്ഗം കിട്ടും. സത്യം പറഞ്ഞ് അവനെ കോടതികളിക്കാന്‍ വിടാത്തതുകൊണ്ട് അവനെ നിരുപാധികം വെറുതെ വിട്ട വാര്‍ത്ത സമ്മാനിച്ച് ലോകത്തെ ഞെട്ടിക്കാത്തതുകൊണ്ട്....(എനിക്കും സ്വര്‍ഗ്ഗം കിട്ടുമായിരിക്കും.)
പക്ഷേ അവന് വട്ടാണല്ലോ, കുരുക്ഷേത്രഭൂമിയില്‍ കര്‍ണ്ണന്റെ തേരുപോലവേ നീങ്ങുന്ന ആ കണ്ണുകള്‍ക്കും...
സ്വബോധമുള്ളവരെങ്ങനെ സഹജീവികളെ പച്ചയോടെ കടിച്ചുകീറിത്തിന്നും...
ഞാനവനുവേണ്ടി റയില്‍പ്പാളത്തിലേയ്‌ക്കു തുറക്കുന്ന ജനാലയുള്ള സെല്ലാണ് തെരഞ്ഞെടുത്ത് പതിച്ചു നല്‍കിയത്. (രാത്രിവണ്ടികള്‍ ഇനി ക്രമേണ പാളം തെറ്റും. ഒരു നിലാവില്ലാത്ത രാത്രിയില്‍ അവന്റെ തല ചതച്ചുകൊണ്ടവ പായും) അവനേയും അവന്റെ വട്ടിനെയും ഒറ്റക്കോശം പോലുമില്ലാത്ത മനുഷ്യത്വത്തേയും മരണം വരെ ഇട്ടു പൂട്ടാന്‍ തക്ക വലിപ്പമുള്ള തടവറ. അതിന്റെ താക്കോല്‍ പൂട്ടിക്കഴിഞ്ഞാലുടന്‍ ഞാനാ പാളത്തിലേയ്‌ക്കിടും.... കാരണം, ലോകത്തിലിനിയും റെയില്‍പ്പാളങ്ങള്‍ ബാക്കിയുണ്ടല്ലേ്‌ാ. ഒറ്റക്കയ്യുള്ള പ്രേതം അവന്‍ മാത്രമല്ലല്ലോ..
Post a Comment